- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രചരണത്തിലെ 'ഹിന്ദു ഫാസിസം' പിണറായിക്ക് തുണയായി; ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ ഹിന്ദു ഏകീകരണശ്രമങ്ങൾ ഉണ്ടായില്ല; ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയെന്ന് ആർഎസ്എസ് വാരിക
തിരുവനന്തപുരം: ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞതോടെ കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന മുന്നണി അപ്രസക്തമായിക്കഴിഞ്ഞതായി ആർഎസ്എസ് വാരികയായ 'കേസരി'യിൽ മുഖപ്രസംഗം. കോൺഗ്രസ് മുന്നണി കേവലം 41 സീറ്റുകളിൽ ചുരുങ്ങി. ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ നേതൃത്വം ഇല്ലാത്ത കോൺഗ്രസ് മുന്നണി തകർച്ചയുടെ വക്കിലാണ്.
മുസ്ലിം ലീഗിന് രണ്ട് ജില്ലകളിലെ 20-25 മണ്ഡലങ്ങൾക്കപ്പുറം ശക്തിയില്ല. ഇടതുപക്ഷം ലക്ഷ്യം വച്ചത് മറ്റ് 115 മണ്ഡലങ്ങളിലെ മുസ്ലിംകളെയാണ്. ഫലത്തിൽ അടവുനയത്തിലൂടെ മുസ്ലിം ലീഗ് കോട്ടകളും ഇടതുപക്ഷം പിടിച്ചെടുത്തുവെന്നും ലേഖനം വിലയിരുത്തുന്നു.
ഇന്നത്തെ സാഹചര്യത്തിൽ മറ്റു പല സംസ്ഥാനങ്ങളെയും പോലെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയുണ്ട്. ഇടതുപക്ഷം അതിനുള്ള പദ്ധതികൾ തയാറാക്കിക്കഴിഞ്ഞുവെന്നുമാണ് ലേഖനത്തിൽ പരാമർശം.
2019-ൽ നഷ്ടപ്പെട്ട മുസ്ലിം ന്യൂനപക്ഷ വോട്ട്, പൗരത്വബിൽ സമരത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. കേരള കോൺഗ്രസ്സിനെ അടർത്തിയെടുത്തതോടെ യുഡിഎഫ് ദുർബലമായി.
മുസ്ലിം ലീഗ് കൂടെ ഉണ്ടെങ്കിലും ജിഹാദി-ഇടതു പ്രചരണ യുദ്ധത്തെ തിരിച്ചറിയാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ലെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു. ഇടതുമുന്നണി രാഷ്ട്രീയത്തിന്റെ 'പ്രഫഷനലിസ'ത്തിൽ കോൺഗ്രസ് കോട്ടകൾ തകരുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നതെന്നും ലേഖനത്തിൽ നിരീക്ഷണമുണ്ട്.
എൻഡിഎ കൂടുതൽ വോട്ടു നേടിയ ജില്ലകളിൽ യുഡിഎഫാണ് പിന്നോട്ടു പോയതെന്നും കേസരിയിലെ ലേഖനം വിലയിരുത്തുന്നു. തിരുവനന്തപുരത്ത് 33.45 ശതമാനവും തൃശൂരിൽ 34.07 ശതമാനവും പാലക്കാട് 34.54 ശതമാനവും പത്തനംതിട്ടയിൽ 37 ശതമാനവുമാണ് കോൺഗ്രസ് നേടിയത്. എന്നാൽ ഇടതുപക്ഷം ഈ ജില്ലകളിൽ യഥാക്രമം 45.16 ശതമാനം, 47.22 ശതമാനം, 47.49 ശതമാനം, 43.40 ശതമാനം എന്ന നിലയിൽ വോട്ട് നേടി. ഈ നാലു ജില്ലകളിലായി 44 മണ്ഡലങ്ങളിൽ 40 എണ്ണം ഇടതുപക്ഷം കരസ്ഥമാക്കിയപ്പോൾ കോൺഗ്രസ് മുന്നണിക്ക് ലഭിച്ചത് കേവലം നാലു സീറ്റാണ്.
2016ന്റെ ആവർത്തനമാണ് ഈ ജില്ലകളിൽ 2021ലും പ്രകടമായത്. ബിജെപി ഈ മേഖലയിൽ നാലിടത്ത് രണ്ടാം സ്ഥാനത്ത് വന്നതും യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിക്കൊണ്ടായിരുന്നുവെന്നും കോൺഗ്രസ് തോൽവിയെക്കുറിച്ച് ലേഖനത്തിൽ വിലയിരുത്തലുണ്ട്.
ശബരിമല മുഖ്യപ്രചാരണവിഷയമാക്കിയിട്ടും, ബിജെപി വിരോധം ഉയർത്തിക്കാണിച്ചിട്ടും എൻഎസ്എസിന്റെ പരസ്യ പിന്തുണ ലഭിച്ചിട്ടും ഹിന്ദുഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസ് വിജയിച്ചില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടാൻ കഴിയാത്തതും ക്രിസ്ത്യൻ വോട്ട്ബാങ്കിൽ വിള്ളൽ വീണതും മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തേക്ക് ചാഞ്ഞതും ഒരു ശക്തനായ നേതാവിനെ ഉയർത്തിക്കാണിക്കാൻ കഴിയാത്തതും കോൺഗ്രസ്സിന്റെ പതനത്തിന് വഴി ഒരുക്കിയെന്നുമാണ് ലേഖനത്തിലെ വിശദീകരണം.
2021 ലെ തിരഞ്ഞെടുപ്പിൽ അഴിമതിയാരോപണം നേരിടുന്നവരെല്ലാം വിജയികളായി. അഴിമതി തുറന്നുകാണിച്ച ബിജെപി നയിച്ച എൻഡിഎയും കോൺഗ്രസ് നയിച്ച യുഡിഎഫും പരാജയപ്പെട്ടു. 2021ൽ കേരളം സ്വേച്ഛാധിപത്യത്തോട് സമരസപ്പെടുന്നത് അത്ഭുതത്തോടെ നോക്കിക്കാണുകയാണെന്ന് പറയുന്ന ലേഖനത്തിൽ ബിജെപിയുടെ പരാജയത്തെയും രൂക്ഷ വിമർശനത്തോടെ വിലയിരുത്തുന്നു.
എൻഡിഎക്ക് ഏറെ അനുകൂല സാഹചര്യം ഉണ്ടായിരുന്നെങ്കിലും ബിജെപി പരാജയപ്പെട്ടു. അഞ്ചുവർഷത്തെ ഇടതുമുന്നണിയുടെ അഴിമതി ഭരണത്തെ തുറന്നുകാണിക്കാനും നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതിരഹിത വികസനഭരണം ഒരു മാതൃകയായി ഉയർത്തിക്കാണിക്കാനും കഴിഞ്ഞില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽ വമ്പിച്ച ഹിന്ദുത്വ വിരോധം കേരളത്തിൽ വളർത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് തുറന്നുകാണിച്ചില്ല. ഇല്ലാത്ത 'ഹിന്ദുത്വ ഫാസിസം' പറഞ്ഞ് ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ അതിന് ബദലായി പ്രചാരണമോ ഹിന്ദു ഏകീകരണശ്രമങ്ങളോ ഉണ്ടായില്ല. സോഷ്യൽ എഞ്ചിനീയറിങ്ങിൽ ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ വിജയം വരിച്ചില്ല എന്നതും യഥാർത്ഥ്യമാണ്. ലേഖനത്തിൽ വ്യക്തമാക്കുന്നു.
ഘടകകക്ഷികളെ ഏകീകരിക്കുന്നതിൽ എൻഡിഎ നേതൃത്വം പൂർണമായും പരാജയപ്പെട്ടു. പ്രചരണരംഗത്ത് എൻഡിഎ വിജയിച്ചു എങ്കിലും, ബൂത്ത് തലത്തിൽ അത് വ്യാപിപ്പിക്കാൻ പരാജയപ്പെട്ടു. അടിസ്ഥാനജനവിഭാഗങ്ങൾ സൗജന്യ ഭക്ഷ്യ കിറ്റിലും, ക്ഷേമപെൻഷനിലും ആകർഷിക്കപ്പെട്ടതും ശ്രദ്ധിച്ചില്ല. എല്ലാ ദിവസവും വൈകിട്ട് മുഖ്യമന്ത്രി നേരിട്ട് ജനത്തോടു സംവദിക്കുന്നത് 2020 മാർച്ച് മുതൽ തുടരുകയാണ്. അമ്മമാരും സഹോദരിമാരും അതിൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. സർക്കാർ തങ്ങളുടെ കാര്യത്തിൽ കരുതലും ശ്രദ്ധയും എടുക്കുന്നു എന്ന ബോധം അടിസ്ഥാന ജനവിഭാഗങ്ങളിൽ ഉണ്ടായി. ബൂത്തുതല പ്രവർത്തനം നിരന്തരമായി നടത്തേണ്ടതാണ്. നിർഭാഗ്യവശാൽ അത്തരം ഒരു സംസ്കാരം ബിജെപിക്ക് ഇല്ല. ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ഹിന്ദുഭീകരത'യെ ഉയർത്തിക്കാട്ടിയ പ്രചരണം ന്യൂനപക്ഷങ്ങൾ വിശ്വസിച്ചു. യഥാർത്ഥത്തിൽ കേരളത്തിൽ മുസ്ലിം ന്യൂനപക്ഷം കരുതിയതുപോലുള്ള 'ഭീകരമായ ഹിന്ദു ധ്രുവീകരണം' ഉണ്ടായോ എന്ന് അവർ തന്നെ വിലയിരുത്തണം. ഒരു സീറ്റു മാത്രമുള്ള ബിജെപിയെ മുഖ്യമന്ത്രി എപ്പോഴും വലിയ ശത്രുവായി ഉയർത്തിക്കാണിക്കുന്നത് അടവുനയത്തിന്റെ ഭാഗമായാണ്.
വിജയത്തിനുശേഷമുള്ള പത്രസമ്മേളനത്തിലും പിണറായി വിജയൻ കൂടുതൽ സമയം ചിലവഴിച്ചത് ബിജെപിയെ വിമർശിക്കാനാണ്. ഫലത്തിൽ പ്രചരണത്തിലെ 'ഹിന്ദു ഫാസിസം' പിണറായി വിജയന് തുണയായി. വരും നാളുകളിൽ അദ്ദേഹം ഊന്നൽ നൽകുന്നത് ഹിന്ദുത്വശക്തികളെ വിമർശിക്കാനാവും. ഹിന്ദുത്വവിമർശനമാവും പിണറായി വിജയന്റെ രാഷ്ട്രീയ ഫോർമുലയെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾ എല്ലാം വസ്തുതാപരമായി ശരിയായിരുന്നെങ്കിലും ഇടതുപക്ഷവും മുസ്ലിം തീവ്രവാദസംഘടനകളും പ്രതിപക്ഷ നേതാവിനെ 'കോമാളിയാക്കി' നവമാധ്യമങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന ആരോപണവും ലേഖനത്തിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് മുന്നണി നേതാവില്ലാതെയാണ് തിരഞ്ഞെടുപ്പ് യുദ്ധത്തിനിറങ്ങിയത്. ഇടതുപക്ഷം ക്യാപ്റ്റനെയും ഇരട്ടച്ചങ്കനെയും ഉയർത്തിക്കാണിച്ച് കോൺഗ്രസ്സിന്റെ പതനത്തിന് വഴിയൊരുക്കുകയായിരുന്നു.