ന്യൂഡൽഹി: കിഫ്ബിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി റിസർവ്വ് ബാങ്കിന്റെ മറുപടി. കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ വിദേശനാണയ നിയന്ത്രണ നിയമം (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ഫെമ) അനുസരിച്ചുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി. സംസ്ഥാനം വിദേശത്തുനിന്നു പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു തങ്ങളുടെ പരിശോധനാ പരിധിയിൽ വരുന്ന വിഷയമല്ലെന്നാണു റിസർവ് ബാങ്ക് നിലപാട്. 2018 ജൂൺ 1നാണു റിസർവ് ബാങ്ക് അനുമതി നൽകിയത്. 'ബോഡി കോർപറേറ്റു'കൾക്കു വിദേശത്തുനിന്നു വായ്പയെടുക്കാൻ അപ്പോഴത്തെ വ്യവസ്ഥകളനുസരിച്ച് അനുവാദമുണ്ടായിരുന്നു. ഫെമ പ്രകാരമുള്ള അനുമതി നൽകേണ്ടതു റിസർവ് ബാങ്കും.

ഇത് സംസ്ഥാന സർക്കാരിന് ഏറെ ആശ്വാസമാണ്. കേന്ദ്രത്തിന്റെ അനുമതി വാങ്ങാതെയാണ് കിഫ്ബി ലോണെടുക്കാൻ ശ്രമിച്ചത്. ഈ വിഷയത്തിൽ സിഎജിയുടെ വിലയിരുത്തലുകൾ സംസ്ഥാന സർക്കാരിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐയോട് ഇഡി കാര്യങ്ങൾ തിരക്കിയത്. മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങൾ ചോദിച്ച് റിസർവ് ബാങ്കിനു ഇഡി കത്തെഴുതിയിരുന്നു. വായ്പ റജിസ്‌ട്രേഷനു കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്കു റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ, കിഫ്ബിക്കു ലഭിച്ച വായ്പയുടെ വിശദാംശങ്ങൾ എന്നിവയാണ് ഇഡി ആവശ്യപ്പെട്ടത്. വിദേശ വായ്പ ഇടപാടിനെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിതെന്നാണു കത്തിൽ ഇഡി വ്യക്തമാക്കിയത്.

കേരളത്തെ പൂർണ്ണമായും ന്യായീകരിക്കാത്ത മറുപടിയാണ് ആർബിഐയുടേത്. എങ്കിലും താൽകാലികമായി ആശ്വാസമാണ്. എല്ലാം ആർബിഐയ്ക്ക് അറിയാമായിരുന്നുവെന്ന് വാദിക്കാൻ കഴിയും. 'ബോഡി കോർപറേറ്റ്' ആയ കിഫ്ബിക്കു നിയമപ്രകാരം അനുമതി നൽകി. കേന്ദ്ര സർക്കാരിൽനിന്നുൾപ്പെടെ മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കിൽ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനുമാണ്. തങ്ങൾ നൽകുന്ന അനുമതി, സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ല. അനുമതിരേഖയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നു റിസർവ് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു.

വിദേശത്തുനിന്നു നേരിട്ടു മൂലധന നിക്ഷേപം (എഫ്ഡിഐ) വാങ്ങാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്കു മാത്രം വിദേശത്തുനിന്നു വായ്പയെടുക്കാമെന്നു കഴിഞ്ഞ വർഷം വ്യവസ്ഥകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. കിഫ്ബിക്കു വിദേശത്തുനിന്നു ലഭിച്ച പണത്തെ ബജറ്റിനു പുറത്തുള്ളതായി കണക്കാക്കുമോ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയിൽ കിഫ്ബിയുടെ വിദേശ വായ്പ ഉൾപ്പെടുമോ പണത്തിന്റെ തിരിച്ചടവു വ്യവസ്ഥകൾ എന്തൊക്കെ, ഭരണഘടനാ വ്യസ്ഥകൾ ബാധകമോ തുടങ്ങിയവ പരിശോധിക്കാൻ തങ്ങൾക്ക് അധികാരവും ഉത്തരവാദിത്തവുമില്ല റിസർവ് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു.

കിഫ്ബിയെക്കുറിച്ചു കേന്ദ്ര ധനമന്ത്രാലയം റിസർവ് ബാങ്കിനോടു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കേരളത്തിൽനിന്നുണ്ടായ ഒരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനു നൽകിയ മറുപടിയിൽ ഫെമ പ്രകാരം നൽകിയ അനുമതിയെക്കുറിച്ചു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നു ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വായ്പ റജിസ്‌ട്രേഷനു റിസർവ് ബാങ്കിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനു കിഫ്ബി നൽകിയ അപേക്ഷയിലെ വിവരങ്ങൾ, വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനെ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവയും ധനമന്ത്രാലയത്തിനു ലഭിച്ചിരുന്നു.

അതിനിടെ കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ടിനെ ചൊല്ലി വീണ്ടും പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകി. ഇന്നലെ പ്രതിപക്ഷ എംഎ‍ൽഎ കെ.എസ്. ശബരീനാഥനാണ് ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിനെതിരെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്. നേരത്തെ സി.എ.ജി.യുടെ കരട് റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരെ വി.ഡി.സതീശനും സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയിരുന്നു.ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ച സി.എ.ജി റിപ്പോർട്ട് ഗവർണർക്ക് അയച്ച് ഗവർണറുടെ അനുമതിയോടുകൂടി സഭയുടെ മേശപ്പുറത്ത് വയ്ക്കുക എന്നതായിരുന്നു അദ്ദേഹം സ്വീകരിക്കേണ്ട നടപടിക്രമം.

എന്നാൽ അതിന് പകരം റിപ്പോർട്ടിലെ കിഫ്ബിയെ സംബന്ധിക്കുന്ന ഭാഗം പകർപ്പെടുത്ത് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കിഫ്ബി സിഇഒക്ക് അയച്ചുകൊടുത്തതായി ഒരു പ്രമുഖ മലയാളം ചാനലിൽ മന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരള നിയമസഭയുടെ നടപടിക്രമവും, കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അഡി.ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് നൽകിയത്.