തിരുവനന്തപുരം: കിഫ്ബിയിൽ നടക്കുന്നത് വാഹന ധൂർത്തോ? കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ കണ്ടെത്തുന്നത് വാഹന ഉപയോഗത്തിന്റെ കള്ളക്കളികാണ്. വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിച്ചാണ് കണ്ടെത്തലുകൾ. നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥ കെ എ എസ് പരീക്ഷാ പഠനത്തിന് സർക്കാർ കാറിൽ പോകുന്നത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത അടക്കം ശരിവയ്ക്കുന്നതാണ് സിഎജിയുടെ കണ്ടെത്തൽ. സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയായ ഈ ഉദ്യോഗസ്ഥയ്ക്ക് കെ എ് എസ് പരീക്ഷ ജയിക്കാനുമായില്ല.

സർക്കാർ ഉദ്യോഗസ്ഥരിൽ സെക്രട്ടറിമാർക്കും വകുപ്പു തലവന്മാർക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും മാത്രമേ ഔദ്യോഗിക കാർ സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാവൂ എന്നു ചട്ടമുണ്ടായിരിക്കെ കിഫ്ബിയിലെ പല ഉദ്യോഗസ്ഥരും വീട്ടിൽ നിന്ന് ഓഫിസിലെത്താനും തിരികെപ്പോകാനും ഔദ്യോഗിക കാർ ഉപയോഗിക്കുകയാണെന്നു സിഎജിയുടെ പരിശോധനാ റിപ്പോർട്ട് . വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ കിഫ്ബിയിലെ 8 വാഹനങ്ങളും കൂടുതൽ സമയവും ഓടുന്നത് ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്കാണെന്നും വ്യക്തമായി.

ഈ സ്വകാര്യ യാത്രകൾ ഒഴിവാക്കിയിരുന്നെങ്കിൽ കിഫ്ബിക്ക് 3 വാഹനങ്ങൾ വേണ്ടെന്നു വയ്ക്കാമായിരുന്നു. കിഫ് ബി ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ്, ചീഫ് പ്രൊജക്ട് എക്‌സാമിനർ വിജയദാസ് , അഡീഷണൽ സെക്രട്ടറിമാരായ ജോർജ് തോമസ്, ഷൈല എന്നിവരെ ഓഫിസിൽ നിന്ന് വിട്ടിലേക്കും തിരികെ ഓഫിസിലേക്കും കിഫ് ബി വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ചട്ടപ്രകാരമല്ലെന്നാണ് സി.എ.ജി യുടെ കണ്ടെത്തൽ. 3 ലക്ഷം രൂപയാണ് വിജയദാസിന്റെ പ്രതിമാസ ശമ്പളമെങ്കിൽ, അഡീഷണൽ സെക്രട്ടറിമാരായ ആനിക്കും ഷൈലക്കും ജോർജ് തോമസിനും മാസ ശമ്പളം ഒന്നര ലക്ഷം വീതമാണ്.

ഇങ്ങനെ വലിയ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥരാണ് ചട്ടം തെറ്റിച്ച് വാഹനം ദുരുപയോഗം ചെയ്യുന്നത്. ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പോലും അഡീഷണൽ സെക്രട്ടറിമാർ ബസിലും ഓട്ടോയിലും സ്വന്തം വാഹനങ്ങളിലും ആണ് ജോലിക്ക് വരുന്നത്. വൈകി തീരുന്ന ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം 8 മണി കഴിഞ്ഞും തിരികെ വീട്ടിൽ പോകാൻ സെക്രട്ടറിയേറ്റിനു മുന്നിൽ ബസ് കാത്തു നിൽക്കുന്ന നിരവധി ഉയർന്ന ഉദ്യോഗസ്ഥരെ കാണാൻ സാധിക്കും.

ചട്ടങ്ങൾ അനുസരിച്ച് ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരേയും പൊതു സമൂഹത്തിൽ നാണം കെടുത്തുന്നതാണ് വാഹനം ദുരുപയോഗം ചെയ്ത കിഫ് ബി ഉദ്യോഗസ്ഥരുടെ നടപടി. ജോയിന്റ് ഫണ്ട് മാനേജരായ ആനി ജൂല കിഫ് ബി വാഹനം സ്വകാര്യ യാത്രകൾക്ക് ഉപയോഗിച്ചതിന് ചെലവായ തുക തിരിച്ചടച്ചിട്ടുണ്ടെന്ന് കിഫ് ബി മറുപടി നൽകി. കിഫ് ബിയിലെ ജോലിഭാരം കൂടുതലായതിനാൽ ഉദ്യോഗസ്ഥർ പലരും നേരത്തെയാണ് ഓഫിസിൽ വരുന്നതെന്നും താമസിച്ചാണ് ഓഫിസിൽ നിന്നും പോകുന്നതെന്നും അതിനാലാണ് വാഹനങ്ങൾ ഉപയോഗിക്കുന്നതെന്നുമുള്ള കിഫ് ബിയുടെ വാദം സി എ ജി അംഗീകരിച്ചില്ല.

വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ ഓഫിസിൽ വരുന്നത് രാവിലെ 9 നും 10 നും ഇടയിലാണന്നും പോകുന്നത് വൈകുന്നേരം 5 നും 6 നും ഇടയിലാണന്നും സി.എ ജി കണ്ടെത്തി. വാഹനം ദുരുപയോഗം ചെയ്ത വ്യക്തിയിൽ നിന്ന് അതാത് മാസത്തെ ഇന്ധന ഉപയോഗത്തിന്റെ 50% തുക അവരുട കയ്യിൽ നിന്ന് തിരിച്ചു പിടിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നുമാണ് സർക്കാർ ചട്ടങ്ങളിൽ ഉള്ളത്. വാഹന ദുരുപയോഗം നടത്തിയ കിഫ് ബി ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

ഒരു ലിറ്റർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും 1 രൂപ വീതം കിഫ് ബി ക്ക് പെട്രോളിയം സെസായി ലഭിക്കുന്നുണ്ട്. 2673 കോടി രൂപ ഈ വർഷം ജൂൺ 30 വരെ കിഫ് ബിക്ക് ഈ ഇനത്തിൽ ലഭിച്ചുവെന്ന് ധനമന്ത്രി ബാലഗോപാൽ നീയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. ഒരു ഭാഗത്ത് ജനങ്ങളിൽ നിന്ന് ഇങ്ങനെ കോടികൾ ഊറ്റുന്ന കിഫ്ബി മറുഭാഗത്ത് ജനത്തിന്റെ നികുതി പണം എടുത്ത് സ്വകാര്യ യാത്ര നടത്തുന്ന ഉദ്യോഗസ്ഥരും.