- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിങ്ഫിഷർ ബിയർ നിർമ്മാണ കമ്പനിയിൽ കൂട്ടപിരിച്ചു വിടൽ; പിരിച്ചുവിട്ടത് സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 150 ഓളം ജീവനക്കാരെ; നടപടി കൂടുതൽ കാര്യക്ഷമവും ഭാവി ആവശ്യങ്ങൾക്ക് അനുസൃതമായതുമായ സ്ഥാപന ഘടന ഉറപ്പാക്കാനാണെന്ന് വിശദീകരണം
ഡൽഹി: കിങ്ഫിഷർ ബിയർ നിർമ്മാതാക്കളായ യുണൈറ്റഡ് ബ്രൂവെറീസ് കമ്പനി സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 150 ഓളം ജീവനക്കാരെ പിരിച്ചു വിട്ടു.പിരിച്ചു വിട്ട ജീവനക്കാർക്ക് ആനുകൂല്യങ്ങളും ഔട്ട്പ്ലേസ്മെന്റ് സേവനങ്ങളും ആരോഗ്യ സംബന്ധമായ ആനുകൂല്യങ്ങളും കൗൺസിലിങ് സേവനങ്ങളും നൽകുന്നുണ്ടെന്നും കമ്പനി വക്താക്കൾ അറിയിച്ചു.
വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുണൈറ്റഡ് ബ്രൂവറീസ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡച്ച് കമ്പനിയായ ഹായ്നികന്റെ നിയന്ത്രണത്തിലായത്.കമ്പനിയിലെ ഓഹരി ശതമാനം 46.5 ശതമാനത്തിൽ നിന്ന് 61.5 ശതമാനമായി വർദ്ധിപ്പിച്ച് ജൂണിലാണ് ഹായ്നികൻ യുണൈറ്റഡ് ബ്രുവറീസിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തത്.
എന്നാൽ ജീവനക്കാരുടെ പിരിച്ചു വിടലിന് കമ്പനിയുടെ ഉടമസ്ഥ കൈമാറ്റവുമായി ബന്ധമില്ലെന്നും കൂടുതൽ കാര്യക്ഷമവും ഭാവി ആവശ്യങ്ങൾക്ക് അനുസൃതമായതുമായ സ്ഥാപന ഘടന ഉറപ്പാക്കാനാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു. സ്ഥാപന ഘടനയെ സംബന്ധിച്ച സമഗ്രമായ അവലോകനത്തിന് ശേഷമാണ് തീരുമാനമെന്നും യുണൈറ്റഡ് ബ്രൂവറീസ് പറയുന്നു. കമ്പനിയിലെ 3000ഓളം വരുന്ന ജീവനക്കാരിൽ അഞ്ച് ശതമാനം പേരാണ് ഇപ്പോൾ പടിയിറങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ അഞ്ച് ബ്രൂവറികൾ സംയോജിച്ച് 1915ൽ ആരംഭിച്ച കമ്പനിയാണ് യുണൈറ്റഡ് ബ്രൂവറീസ്. 1947ൽ വിജയ് മല്യയുടെ പിതാവ് വിത്തൽ മല്യ സ്ഥാപനം വാങ്ങി. പിതാവിന്റെ കാലശേഷം 1983ലാണ് വിജയ് മല്യ യുണൈറ്റഡ് ബ്രൂവറിസീന്റെ ചെയർമാനാകുന്നത്. ഇന്ത്യയിലെമ്പാടുമായി 32 ബിയർ നിർമ്മാണ യൂണിറ്റുകൾ യുണൈറ്റഡ് ബ്രൂവറീസിനുണ്ട്
മറുനാടന് മലയാളി ബ്യൂറോ