- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ സമരം ചെയ്യുന്നത് ധനിക കർഷകർ; കിസാന്മോർച്ചയിലെ കർഷകസംഘടനകൾ മുസാഫർനഗർ കലാപത്തിൽ പങ്കുള്ളവർ; കർഷക സമരത്തെ തള്ളിപ്പറഞ്ഞ് കേരള ആസൂത്രണ ബോർഡംഗം; ഡോ. ആർ. രാമകുമാറിനെതിരെ കിസാൻസഭാ നേതാക്കൾ
കൽപ്പറ്റ: ഡൽഹിയിലെ കർഷക സമരത്തെ അപഹസിച്ച് കേരളാ ആസൂത്ര ബോർഡംഗം. കിസാൻസഭ ദേശീയ കൗൺസിൽ അംഗം കൂടിയായ ഡോ. ആർ. രാമകുമാറാണ് കർഷക സമരത്തിനെതിരെ രംഗത്തുവന്നത്. പ്രക്ഷോഭം നയിക്കുന്നത് ധനികകർഷകരാണെന്നായിരുന്നു രാമകുമാറിന്റെ ആരോപണം. സുർജിത് അനുസ്മരണത്തിന്റെ ഭാഗമായി വയനാട്ടിലെ ടി.എസ്. പഠനകേന്ദ്രം 'ഇന്ത്യൻ കാർഷികപ്രശ്നം' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിലായിരുന്നു രാമകുമാറിന്റെ അധിക്ഷേപ പരാമർശം.
രാമകുമാറിന്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നുവന്നിരുന്നു. രാമകുമാറിനെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയിലെ നേതാക്കൾ കിസാൻസഭ ജനറൽ സെക്രട്ടറി ഹനന്മൊള്ളയ്ക്ക് പരാതി നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം കിസാൻ മോർച്ചയുടെ ഭാഗമാണ് കിസാൻസഭ.
ഉത്തരേന്ത്യയിൽ ഖാപ്പ് പഞ്ചായത്തുകൾ നടത്തുന്നവരും ദരിദ്രകർഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്നവരും മുസാഫർനഗർ കലാപത്തിൽ പങ്കുള്ളവരുമൊക്കെയാണ് കിസാന്മോർച്ചയിലെ കർഷകസംഘടനകളാണെന്നുമാണ് രാമകുമാറിന്റെ വാദം. തൊഴിലാളികളും കർഷകരും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പോരാടുന്ന സിപിഐ.എമ്മിലും ഈ സമരത്തിന്റെ വർഗസ്വഭാവത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാണണെന്നും രാമകുമാർ പറഞ്ഞിരുന്നു. സിപിഐ.എമ്മിന്റെ വർഗബഹുജനസംഘടനയായ കിസാൻസഭ ഈ പ്രക്ഷോഭത്തിൽ പങ്കാളിയാവേണ്ടതുണ്ടോയെന്ന ചോദ്യങ്ങളുണ്ടെന്നും രാമകുമാർ വെബിനാറിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമകുമാറിനെതിരെ കിസാൻ സഭയ്ക്ക് പരാതി ലഭിച്ചത്.
കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്ലിങ്ങളും ജാട്ടുകളും സിഖുകളുമൊക്കെ ഒരു കുടക്കീഴിൽ അണിനിരക്കുകയും ഒരേ കുടിലിൽ താമസിക്കുകയും ചെയ്യുകയാണെന്നും ഈ വസ്തുതയൊന്നും മനസ്സിലാക്കാതെയാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാദങ്ങളുന്നയിച്ച് കേരളത്തിലെ ജനങ്ങളെ സമരത്തിൽനിന്നകറ്റുന്നതെന്നും രാമകുമാറിനെതിരെ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
രാമകുമാറിന്റെ പ്രഭാഷണം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിതിന് പിന്നാലെ പാർട്ടിയിലും വിഷയം ചർച്ചയായി. സമരക്കാർക്കെതിരെ ബിജെപി ഉന്നയിക്കുന്ന ആക്ഷേപം രാമകുമാർ ആവർത്തിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ഡോ. രാമകുമാറിന്റെ പ്രസംഗം താൻ കേട്ടിരുന്നെന്നും സമരത്തെ അധിക്ഷേപിക്കുന്ന വാദങ്ങളിൽ വിഷമവും പ്രതിഷേധവുമുണ്ടെന്നുമാണ് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓഡിനേറ്റർ കെ.വി. ബിജു പ്രതികരിച്ചുത്. രാമകുമാറിനെ തിരുത്താൻ കിസാൻസഭ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കർഷക പ്രക്ഷോഭത്തെക്കുറിച്ച് സിപിഐ.എം. കേന്ദ്രകമ്മിറ്റി അംഗീകരിച്ച നയരേഖയാണ് രാമകുമാർ തള്ളിപ്പറഞ്ഞത് എന്ന വിലയിരുത്തലുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ