- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്നം മുടക്കരുത്, ഞങ്ങളും ജീവിച്ചോട്ടേ; സഹായം വേണ്ട ഉപദ്രവിക്കരുത്; കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി'; സർക്കാർ വേട്ടയാടൽ പ്രതിരോധിക്കാൻ കിറ്റക്സ് ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്ത്; പ്രതിഷേധ ജ്വാലയിൽ അണിനിരന്നത് പതിനായിരത്തിലേറെ പേർ; വ്യവസായിയോടും തൊഴിലാളികളോടുമുള്ള ഭരണകൂടത്തിന്റെ പീഡനം തുറന്നു പറഞ്ഞു സാബു എം ജേക്കബും
കിഴക്കമ്പലം: കിറ്റെക്‌സ് ഗാർമെന്റ്‌സിനെതിരായ വേട്ടയാടൽ പ്രതിരോധിക്കുമെന്ന് ജീവനക്കാർ. കഴിഞ്ഞ 26 വർഷമായി നല്ലനിലയിൽ പ്രവർത്തിക്കുന്ന കിറ്റെക്‌സിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിച്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെയും ഭരണ പ്രതിപക്ഷ പാർട്ടികളുടേയും നേതൃത്വത്തിൽ അരങ്ങേറുന്ന വേട്ടയാടലിനെതിരെയാണ് ജീവനക്കാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്.
തുടർച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാൻ ചില ഉദ്യോഗസ്ഥ രാഷ്ട്രീയകേന്ദ്രങ്ങൾ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ജ്വാല തെളിയിച്ചത്. കിറ്റെക്‌സ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.
അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങൾ, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങൾ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാർഡുമായാണ് തൊഴിലാളികൾ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂർ നീണ്ടു നിന്നു.
കിറ്റെക്സ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ലംഘനങ്ങളുണ്ടെങ്കിൽ പരിഹരിക്കാനുള്ള അവസരം കിറ്റെക്സിനു നൽകണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ബോർഡിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിയുടെ (കെൽസ) നിർദ്ദേശപ്രകാരം നടത്തിയ കിറ്റെക്സ് ഗാർമെന്റ്സിലെ പരിശോധനയിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പും കണ്ടെത്തി.
ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, മലിനീകരണം സംബന്ധിച്ചു ലഭിച്ച പരാതിയിലാണ് തൊഴിലാളികൾ താമസിക്കുന്നയിടം പരിശോധിക്കാൻ തൊഴിൽ, ആരോഗ്യ വകുപ്പുകളോടു കെൽസ ആവശ്യപ്പെട്ടത്. തുടർന്ന് വിഷയം അധികാര പരിധിയിലുള്ളതല്ലെന്നും ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പാണു പരിശോധിക്കേണ്ടതെന്നും തൊഴിൽ വകുപ്പ് മറുപടി നൽകിയിരുന്നു.
സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാനസർക്കാരോ ഏതെങ്കിലും വകുപ്പുകളോ മുൻകൈ എടുത്തോ ബോധപൂർവ്വമോ ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ല.ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെന്റംഗമായ ബെന്നി ബഹനാൻ നല്കിയ പരാതി പി. ടി. തോമസ് എംഎൽഎ. ഉന്നയിച്ച ആരോപണം,വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നല്കിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.
ഈ പരിശോധനകളിൽ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയിൽ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട്. പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റക്‌സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതേ സമയം വ്യവസായ മന്ത്രിക്ക് മറുപടിയുമായി കിറ്റക്‌സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തി. താൻ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാൻ നോക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാനോ ഒന്നുമല്ല. ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണ്. ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരുമാസമിട്ട് പീഡിപ്പിച്ചു. അല്ല, തൊഴിലാളികളെ പീഡിപ്പിച്ചു. ആർക്കും അതിൽ പരാതിയുണ്ടായില്ല. ഇപ്പോൾ താൻ ആണ് കുഴപ്പക്കാരൻ എന്ന് ചിത്രീകരിക്കാനുള്ള നോക്കുന്നത്. വളരെ സന്തോഷം. തനിക്ക് തന്റേതായ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്- അദ്ദേഹം പറഞ്ഞു.
ഇതാണ് വ്യവസായ സൗഹൃദം, ഇതാണ് കേരളം. വളരെ നല്ലത് തന്നെ. എല്ലാവരും വ്യവസായം തുടരട്ടെ. നിക്ഷേപം വരട്ടെ. വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വരട്ടെ. അതിന് എല്ലാ ആശംസകൾ നേരാം എന്നല്ലാതെ തനിക്ക് അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഗൾഫിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും നിക്ഷേപിക്കുന്ന നിരവധിപ്പേരുണ്ട്. അവർക്കു വേണ്ടിയാണ് താൻ ശബ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങൾ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമോ നൽകിയതായും അദ്ദേഹം പറഞ്ഞു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അപ്പോൾ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചു. മന്ത്രിമാരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച പുരോഗമിക്കുകയാണെന്നും സാബു കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ