- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്നാക്രോശിച്ച് യുവാവിനെ മർദ്ദിച്ചത് ബൂത്തിൽ നിന്നും വലിച്ചിറക്കി; അക്രമത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി പൊലീസും; കിഴക്കമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് കുന്നത്തുനാട് പൊലീസ്
ആലുവ: തദ്ദേശസ്വയംഭരണ തിരഞ്ഞെപ്പുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തിൽ അബ്ദുൾ അസീസ് (40), വെള്ളാരം കുടി രഞ്ജിത്ത് (29), നെടുങ്ങോട്ട് പുത്തൻ പുരയിൽ ഫൈസൽ (39), കുഞ്ഞിത്തി വീട്ടിൽ ജാഫർ (40), കോട്ടാലിക്കുടി മുഹമ്മദാലി(42), കുത്തിത്തി ഷിഹാബ്(43), തൈലാൻ വീട്ടിൽ സിൻഷാദ് (34), തെക്കേവീട്ടിൽ സുൽഫി (34), കീലേടത്ത് അൻസാരി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ബൂത്തിലായിരുന്നു സംഭവം. പഞ്ചായത്ത് സെക്രട്ടറി നൽകിയ തിരഞ്ഞെടുപ്പ് ഐ.ഡി കാർഡുമായി വോട്ട് ചെയ്യനെത്തിയവരെ ഒരു വിഭാഗം എതിർത്തതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. ആക്രമണത്തിനിരയായ പ്രിൻറു മാനന്തവാടി സ്വദേശിയും ഇവിടെ വാടകയ്ക്ക് താമസിക്കുന്നയാളുമാണ്. ഇവിടത്തെ വോട്ടേഴ്സ് ലിസ്റ്റിൽ പ്രിൻറുവിന്റെ പേര് ഉള്ളതാണ്. ആദ്യം വോട്ട് ചെയ്യാൻ കഴിയാതെ പോയ പ്രിൻറു പിന്നിട് പൊലീസിന്റെ സംരക്ഷണത്തിൽ വന്ന് വോട്ട് ചെയ്യുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പോളിങ് സ്റ്റേഷന്റെ പരിസരത്ത് തടിച്ചുകൂടിയ 50 പേർക്കെതിരെ എപ്പിഡമിക് ഡിസിസസ് ഓർഡിനൻസ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വയനാട് മട്ടിലയം നാഗപറമ്പിൽ ഹൗസിൽ പ്രിന്റുവിനെയും ഭാര്യ ബ്രിജീത്തയെയുമാണ് വോട്ട് ചെയ്യാൻ അനുവദിക്കാതെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുമ്മനോട് വാർഡിലെ ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എന്നാൽ വാർഡിൽ ജനിച്ചു വളർന്നവരല്ലാത്തതിനാലും വാടകയ്ക്ക് താമസിക്കുന്നവരായതിനാലും വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. കഴിഞ്ഞ 14 വർഷമായി കിഴക്കമ്പലം പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ തങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെന്നും വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബൂത്തിന് പുറത്ത് നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് ഇരുവരെയും വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ പാർട്ടീ പ്രവർത്തകർ കിഴക്കമ്പലം പഞ്ചായത്തിൽ ആരു വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്ന് ആക്രോശിച്ചുകൊണ്ട് പോളിങ് ബൂത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
പ്രിന്റുവിന്റെ ഭാര്യയെ പിടിച്ചു തള്ളുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. വോട്ട് ചെയ്താൽ അനന്തര ഫലം അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുപതിലധികം പ്രവർത്തകർ പ്രിന്റുവിലെ മർദ്ദിക്കുകയും സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും പേഴ്സ് പിടിച്ചുവാങ്ങുകയും ചെയ്തു. മർദ്ദനമേറ്റ് അവശനായ പ്രിന്റുവിനെയും ഭാര്യയെയും പിന്നീട് പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രിന്റുവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ താമസിക്കുന്ന സ്ഥലത്ത് ഭീഷണിയുള്ളതിനാൽ താൽക്കാലികമായി മറ്റൊരു സ്ഥലത്ത് മാറി താമസിക്കുകയാണ്.
പ്രിന്റു കിറ്റെക്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള 'ട്വന്റി20' എന്ന കൂട്ടായ്മയാണ് ഭരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളെ പിൻതള്ളിക്കൊണ്ടാണ് ജനങ്ങൾ ഈ കൂട്ടായ്മയെ തിരഞ്ഞെടുത്തത്. ഇത് വലിയ രീതിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയായിരുന്നു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 കൂട്ടായ്മയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രിന്റുവിനും ഭാര്യക്കും നേരെ ഇവർ നടത്തിയ ആക്രമണം.
പ്രിന്റു ഉൾപ്പെടെ ഇരുപത്തി അഞ്ചോളം വോട്ടർമാരെ ഇത്തരത്തിൽ ഉവർ തടഞ്ഞിരുന്നു. ബാക്കിയുള്ളവർ ഇവരുടെ ഭീഷണിയെ തുടർന്ന് വോട്ട് ചെയ്യാതെ തിരികെ പോയിരുന്നു എന്നാൽ പ്രിന്റു മാത്രമാണ് ഇവരെ ധിക്കരിച്ച് വോട്ട് ചെയ്യാൻ കയറിയത്. പ്രിസൈഡിങ് ഓഫീസർ ഇവർക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ അക്രമിക്കുകയായിരുന്നു.
പഞ്ചായത്തിന് പുറത്ത് നിന്നും എത്തി താമസിക്കുന്ന 200 ന് അടുത്ത് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പാർട്ടിക്കാർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ചെയ്യാൻ തടസമില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി വോട്ട് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു. ഈ ഉത്തരവുമായെത്തിയവരെയാണ് തടഞ്ഞത്. സംഭവം അറിഞ്ഞ് എറണാകുളം റൂറൽ എസ്പി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കി കൊടുക്കാൻ ഇലക്ഷൻ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ ഡി.വൈ.എസ്പിക്ക് നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് നാൽപതോളം പൊലീസുകാരുടെ സംരക്ഷണയിൽ 25 വോട്ടർമാരെ വൈകുന്നേരത്തോടു കൂടി പൊലീസ് വോട്ട് ചെയ്യിപ്പിച്ചു. 'ചലഞ്ച്' വോട്ടായിട്ടാണ് ഇത് കണക്കാക്കിയിരിക്കുന്നത്.
അതേ സമയം പ്രിന്റുവിനെതിരെ രാഷ്ട്രീയ പ്രവർത്തകർ ഭീഷമിയുമായി രംഗത്തുണ്ട്. ട്വന്റി20 യെ തോൽപ്പിക്കാനായി ഇവിടെ സിപിഎമ്മും കോൺഗ്രസ്സും ഒരു സ്ഥാനാർത്ഥിയെയാണ് നിർത്തിയത്. ബിജെപിയും സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചു. ട്വന്റി20 വിജയം നേടുമെന്ന് ഉറപ്പായതോടെയാണ് അനുകൂല വോട്ടർമാരെ ഇരു പാർട്ടി പ്രവർത്തകരും തടഞ്ഞത്. രാവിലെ മുതൽ കുമ്മനോടുള്ള ഈ പോളിങ് ബൂത്തിന്റെ 50 മീറ്ററിനുള്ളിൽ പാർട്ടിക്കാരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങൾ നടന്നത്. ആരൊക്കെ വോട്ട് ചെയ്യണം ആരൊക്കെ ചെയ്യണ്ട എന്ന് തീരുമാനിച്ചിരുന്നതും ഇവർ തന്നെയായിരുന്നു.