കൊച്ചി: ചെങ്ങന്നൂർ എംഎൽഎയായിരിക്കേ മരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മകനു വൻശമ്പളത്തിൽ സർക്കാർ ജോലി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തിലെ ചട്ടലംഘന പ്രശ്നം വിവാദമായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിലാണ് തീരുമാനം.

സൂപ്പർ ന്യൂമററി തസ്തികയായാണ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആയി രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് സർക്കാർ ജോലി കൊടുത്തത്. മാനദണ്ഡങ്ങൾ മറികടന്ന് ആർ. പ്രശാന്തിനെ 39,500-83,000 ശമ്പള സ്‌കെയിലിൽ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രോണിക്‌സ്) തസ്തികയിലാണു നിയമിച്ചത്. രാമചന്ദ്രൻ നായർ മരിച്ചപ്പോൾ മകൻ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് ചട്ടലംഘനത്തിന്റെ അകമ്പടിയോടെ നടപ്പാക്കിയത്.

ജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല. രണ്ടാമത് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുമ്പോൾ എൻട്രി കേഡർ നിയമനം മാത്രമേ ആകാവൂ. രാമചന്ദ്രൻ നായരുടെ മകനായ ആർ.പ്രശാന്തിന്റെ പ്രശ്നം വന്നപ്പോൾ നേരിട്ട് ഗസറ്റഡ് ഓഫീസർ തസ്തികയിലാണ് ജോലി നൽകിയിരിക്കുന്നത്. രാമചന്ദ്രൻ നായരുടെ കുടുംബ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലേക്ക് വരുമ്പോൾ എല്ലാ ചട്ടങ്ങളും ലംഘിച്ച് വാരിക്കോരിയാണ് സർക്കാർ ആനുകൂല്യങ്ങൾ നൽകിയത്. ഇതാണ് ഹൈക്കോടതി തടയുന്നത്.

സാധാരണക്കാർ സർക്കാർ ആനുകൂല്യങ്ങൾ തേടി നടന്നു ചെരിപ്പ് തേഞ്ഞ അവസ്ഥയിൽ വീട്ടിൽ തന്നെ കുത്തിയിരിക്കുമ്പോഴാണ് മറുഭാഗത്ത് മുഖ്യമന്ത്രി തലത്തിൽ തന്നെ വേണ്ടപ്പെട്ടവർക്ക് സർക്കാർ സഹായം വീട്ടിലെത്തിച്ച് നൽകുന്നത് എന്ന വിമർശനം ഉയർന്ന സംഭവമാണ് ഇത്. മുഖ്യമന്ത്രി തലത്തിൽ തന്നെ ചട്ടലംഘനത്തിനു ഒരു തീരുമാനം വന്നതും അത് നടപ്പാക്കിയതും അമ്പരപ്പോടെയാണ് ഉന്നത സർക്കാർ വൃത്തങ്ങൾ തന്നെ നോക്കിക്കണ്ടത്.

രാമചന്ദ്രൻ നായരുടെ മകന് ഉന്നത തസ്തികയിൽ നേരിട്ട് നിയമനം നൽകാൻ മുഖ്യമന്ത്രി തലത്തിൽ തന്നെ തീരുമാനം വന്നപ്പോൾ നിയമനത്തിന് ആധാരമാക്കിയത് രാമചന്ദ്രൻ നായരുടെ മകന്റെ യോഗ്യതയാണ്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിൽ ഒഴിവില്ല. ഒഴിവില്ലാത്തതിനാൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. അതിനാലാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്. ഈ തസ്തികയിൽ നിലവിലുള്ള ഉദ്യോഗസ്ഥൻ വിരമിക്കുന്ന മുറക്ക് തസ്തിക സ്ഥിരപ്പെടും.

രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വേണ്ടി സർക്കാർ നേരിട്ട് നടത്തിയ സഹായങ്ങൾ എല്ലാം തന്നെ ചട്ടലംഘനത്തിനു പരിധിയിൽപെടുന്നതാണ്. രാമചന്ദ്രൻ നായർ മരിച്ചപ്പോൾ വ്യക്തിഗത കടങ്ങൾ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് 8.66 ലക്ഷം രൂപ തുക അനുവദിച്ചത്. ഈ കാര്യത്തിൽ ലോകായുക്ത കേസ് നിലവിലുണ്ടായിരുന്നു. ലോകായുക്തയിൽ ഈ കേസ് നിലനിൽക്കുമ്പോൾ തന്നെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തിൽ നിയമങ്ങൾ സർക്കാർ കാറ്റിൽപ്പറത്തിയത്.

ചെങ്ങന്നൂർ എംഎൽഎയായിരിക്കെയാണ് പൊടുന്നനെ അസുഖബാധിതനായി രാമചന്ദ്രൻ നായർ മരിക്കുന്നത്. പക്ഷെ സഹായത്തിന്റെ പ്രശ്നങ്ങൾ വന്നപ്പോൾ സർക്കാർ രാമചന്ദ്രൻ നായരുടെ കുടുബത്തിനു വേണ്ടി ചട്ടങ്ങൾ എല്ലാം മാറ്റിവയ്ക്കുകയായിരുന്നു. കടക്കെണിൽ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനിടെയാണ് പുതിയ കീഴ് വഴക്കങ്ങൾ സർക്കാർ തന്നെ സൃഷ്ടിച്ചത്.