- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് നിയമം ഭേദഗതി ചെയ്യുന്നത് സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പ്രയോഗിക്കാൻ; പോൾപോട്ടും ഹിറ്റ്ലറും യോഗിയും മോദിയും മാത്രമല്ല, ഇങ്ങ് കേരളത്തിലും ആ വഴികളെ അനുധാവനം ചെയ്യുന്ന ഭരണാധികാരികൾ ഉണ്ടാകുന്നു; പിണറായി സർക്കാരിനെ വിമർശിച്ച് എം കെ മുനീർ
കോഴിക്കോട്: പൊലീസ് നിയമം ഭേദഗതി ചെയ്യുന്നത് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കാൻവേണ്ടി മാത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. കേരളം ഭരണകൂടത്തിന് മാത്രം സമ്പൂർണ നിയന്ത്രണമുള്ള ഒരു 'ഡീപ്പ് പൊലീസ് സ്റ്റേറ്റി'ലേക്ക് മാറുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
കേരളം ഒരു 'ഡീപ് പൊലീസ് സ്റ്റേറ്റി'ലേക്ക് മാറുകയാണ്.വാറന്റില്ലാതെ പൗരന്മാർക്കെതിരെ പൊലീസിന് അവരുടെ താൽപര്യപ്രകാരം സ്വമേധയ കേസ്സെടുക്കാൻ കഴിയുന്ന 'കോഗ്നിസിബിൾ വകുപ്പ്'പ്രാബല്യത്തിൽ വരിക വഴി ആ യാഥാർത്യം നാം തിരിച്ചറിയുകയാണ്.118 എ വകുപ്പ് പൗരാവകാശത്തെ ധ്വംസിക്കുന്നതും ജനാധിപത്യ വിരുദ്ധവും ആണെന്ന് രാജ്യത്തെ പൗരാവകാശ പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ഒരേ സ്വരത്തിൽ പറയുന്നു.
പൗരാവകാശങ്ങളത്രയും ഇല്ലാതാക്കി കൊണ്ടാണ് ഭരണകൂടത്തിന് മാത്രം സമ്പൂർണ്ണ നിയന്ത്രണമുള്ള 'ഡീപ് പൊലീസ് സ്റ്റേറ്റുകൾ'ഉണ്ടായിട്ടുള്ളത്. പോൾപോട്ടും ഹിറ്റ്ലറും യോഗിയും മോദിയും മാത്രമല്ല, ഇങ്ങ് കേരളത്തിലും ആ വഴികളെ അനുധാവനം ചെയ്യുന്ന ഭരണാധികാരികൾ ഉണ്ടാകുന്നു എന്നത് ജനാധിപത്യ വിശ്വാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്.കാരണം നമുക്കിതൊരു പുതിയ അനുഭവമാണ്.
വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.എന്നാൽ പുതിയ നിയമത്തിന് സർക്കാരിനെയും അധികാരികളെയും വിമർശിക്കുന്നവർക്കെതിരെ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. മീഡിയ സ്വതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരെയുള്ള നഗ്നമായ കടന്നുകയറ്റം മാത്രമാണിത്.മറിച്ചാണെങ്കിൽ നിലവിലുള്ള നിയമം തന്നെ,ഫലപ്രദമായി ഗവൺമെന്റിന് ഉപയോഗിക്കാവുന്നതേയുള്ളൂ.
നേരത്തെ റദ്ദാക്കിയ ഐടി ആക്റ്റ് 66 എ, പൊലീസ് ആക്റ്റ് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത നില നിൽക്കുന്ന, ദുരൂഹതയുള്ള ഒരു കരിനിയമം യാതൊരു ചർച്ചയോ സംവാദമോ കൂടാതെ നടപ്പിലാക്കുന്നത് വിസമ്മതങ്ങളെ ഇല്ലാതാക്കാനുള്ള ഡ്രാക്കോണിയൻ അജൻഡയാണ്. കേരളത്തിൽ അനുവദിക്കാനാവില്ല ഇത്.
മറുനാടന് ഡെസ്ക്