- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ വൻ ദുരൂഹത; നമ്പർ 18 ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഔഡി കാർ പിന്തുടർന്നെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തൽ; സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതിൽ ഹോട്ടൽ അധികൃതരും ഉത്തരം പറയണം; ലഹരി വീര്യം നുരഞ്ഞ അപകടത്തിൽ ഹോട്ടൽ ഉടമയെയും ചോദ്യം ചെയ്യാൻ പൊലീസ്
കൊച്ചി: കൊച്ചിയിൽ മുൻ മിസ് കേരള മോഡലുകൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാർ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും മുൻ മിസ് കേരളയുമായ അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് സംശയം ബലപ്പെടുന്നത്.
അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടർന്നതാണ് അപകടകാരണമെന്ന് ഡ്രൈവർ അബ്ദുൽ റഹ്മാൻ മൊഴി നൽകി. ഹോട്ടലിൽനിന്ന് ഒരു ഔഡി കാർ പിന്തുടർന്നതായാണ് മൊഴി. ഇത് ഉറപ്പിക്കാവുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറുകളുടെ മത്സരയോട്ടം നടന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഇവർ ഹോട്ടലിൽനിന്നു മടങ്ങുമ്പോൾ കുണ്ടന്നൂരിൽവച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തർക്കമുണ്ടായെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചു വരുന്നതായാണ് പൊലീസ് വിശദീകരണം. വിഡിയോ ദൃശ്യങ്ങളിലുള്ള വാഹനം ഇവരെ ലക്ഷ്യമിട്ടു തന്നെയാണോ അതിവേഗത്തിലെത്തിയത് എന്നതിലും വ്യക്തത വരാനുണ്ട്. നിലവിൽ റിമാൻഡിലുള്ള അബ്ദുൽ റഹ്മാനെ പൊലീസിനു തിങ്കളാഴ്ച കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് കരുതുന്നത്. തുടർന്നു വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അപകടവുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കൂ.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തിയ മട്ടാഞ്ചേരിയിലെ ഹോട്ടൽ നമ്പർ 18 ഹോട്ടൽ ഉടമ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് വിവരം. ഇയാളുടെ നിർദേശപ്രകാരം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചിരുന്നു. ദുരൂഹത നീങ്ങാൻ ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യേണ്ടി വരും.
അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിൽ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടർന്ന കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടൽ ഉടമയായ റോയി ആണ് എന്നാണ് പൊലീസിന് സംശയമുള്ളത്. എന്നാൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവർ പൊലീസിന് മൊഴിനൽകിയിരുന്നു.
റോയിയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് റോയിയുടെ ഡ്രൈവർ മെൽവിന്റെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി.ജെ പാർട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടർന്ന് പിന്തുടർന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് സംശയിക്കുന്നത്.
ഒക്ടോബർ 31-ന് രാത്രി നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൻസി കബീർ, അൻജന ഷാജൻ, ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻ മിസ് കേരള വിജയികളായ അൻസി കബീറും അൻജന ഷാജനും തൽക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു. കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി നടന്ന ഹോട്ടൽ എക്സൈസ് അധികൃതർ പൂട്ടിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ