- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാവശ്യമായി വീട്ടിലെത്തണമെന്ന് മോഡലുകളിൽ ഒരാൾ; മദ്യലഹരിയിൽ വാഹനം ഓടിക്കേണ്ടെന്ന് പറഞ്ഞിട്ടും കൂട്ടാക്കാത്ത ഡ്രൈവിങ്; കുണ്ടന്നൂരിൽ വെച്ച് അമിത വേഗതയെ ചൊല്ലി വാക്കേറ്റം; സീറ്റ് ബെൽറ്റ് ധരിക്കാത്തതു ദുരന്ത വ്യാപ്തി കൂട്ടി; മിസ് കേരളമാരുടെ മരണത്തിലേക്ക് നയിച്ചത് തീർത്തും അശ്രദ്ധമായ ഡ്രൈവിങ്
കൊച്ചി: കൊച്ചിയിലെ നൈറ്റ് ക്ലബ്ബുകളിൽ നിന്നും മദ്യലഹരിയിൽ വാഹനവും ഓടിച്ചു പോകുന്ന കാഴ്ച്ചകൾ കുറച്ചായിട്ടുണ്ട്. ഇതെല്ലാം വാർത്തകളിൽ എത്തിപ്പെടുക എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് എന്നതാണ് ശരി. മിസ് കേരളമാരുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയതും മദ്യലഹരിയിൽ വാഹനം ഓടിച്ചതും അമിത വേഗതയിൽ ചീറിപ്പാഞ്ഞതുമാണ്. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരുടെ മരണത്തിന് ഇടയാക്കിയതും വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തതാണ്.
സീറ്റ് ബെൽറ്റ് ഇടാതിരുന്നതും അപാകത്തിന്റെ വ്യാപ്തി കൂട്ടി. രാത്രി ഒരുമണിയോട് അടുത്ത സമയത്താണു ബൈപ്പാസിൽ അപകടം നടക്കുന്നത്. വാഹനത്തിന്റെ അതിവേഗമായിരുന്നു അപകട കാരണം എന്നതിൽ തർക്കമില്ല. മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്നു പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നവർ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യേണ്ടെന്നു പറഞ്ഞതു കേൾക്കാതെയാണ് ഇറങ്ങിയത്.
അത്യാവശ്യമായി വീട്ടിലെത്തണമെന്ന യുവതികളിൽ ഒരാളുടെ നിർബന്ധമായിരുന്നു അപകടത്തിലേക്ക് എത്തിച്ച യാത്രയുടെ തുടക്കം. അമിത വേഗത്തിൽ ഡ്രൈവ് ചെയ്തെത്തിയ സംഘം കുണ്ടന്നൂരിൽ മറ്റൊരു വാഹനവുമായി തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പിന്തുടർന്നതാണോ അപകടത്തിലേയ്ക്കു നയിച്ചത് എന്ന നിലയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അപകടം നടന്ന ശേഷം പൊലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്ന അബദ്ുൾ റഹ്മാൻ. രൂക്ഷമായ ഗന്ധമുണ്ടായിരുന്നതിനാൽ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചതാണ് അപകട കാരണമായത് എന്ന് ഉറപ്പായിരുന്നു എന്ന് അപകട സ്ഥലത്തെത്തിയ പൊലീസുകാരനും പറയുന്നു.
ലഹരി ഉപയോഗിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടമുണ്ടാക്കിയത് എങ്കിലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതാണു ദുരന്ത വ്യാപ്തി വർധിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. അത്ര വലിയൊരു അപകടത്തിൽ നിന്നു ഡ്രൈവർ മാത്രം എങ്ങനെ രക്ഷപെട്ടു എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്നതും എയർ ബാഗ് ഉപയോഗിച്ചിരുന്നു എന്നതുമാണ് ഒരു ജീവനെങ്കിലും ബാക്കിയാകാൻ കാരണം.
കൈയ്ക്കും മുഖത്തിനുമേറ്റ ചെറിയ പരുക്ക് ഒഴിവാക്കിയാൽ ഡ്രൈവർക്കു കാര്യമായ പരുക്കുണ്ടായിരുന്നില്ല. കാറിന്റെ ഇടതു ഭാഗമാണു മരത്തിലേക്ക് ഇടിച്ചു കയറിയത് എന്നതിനാൽ മുൻ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മരത്തിനും ഇടയിൽ ഞെങ്ങിഞെരുങ്ങിയ നിലയിലായിരുന്നു. ഇത്ര വലിയൊരു അപകടത്തിൽ സീറ്റ് ബെൽറ്റും എയർബാഗും മരണം ഒഴിവാക്കാൻ സഹായിക്കുന്നതായിരുന്നില്ല.
പിൻസീറ്റിലിരുന്ന രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ കാറിന്റെ ഡോർ തുറന്നു പുറത്തേയ്ക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു ചോരവാർന്നു കിടക്കുന്ന നിലയിലാണു പൊലീസ് കണ്ടെത്തുന്നത്. സ്ഥലത്തു തന്നെ മരണവും സ്ഥിരീകരിച്ചിരുന്നു. അപകടങ്ങളിൽ വാഹനത്തിന്റെ വാതിൽ ലോക്കാണെങ്കിലും തുറന്നു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ വാഹനം തകർന്ന അവസ്ഥ വച്ച് ശരീരത്തിനു ഗുരതര പരുക്കേൽക്കുമായിരുന്നു, ശരീരവും ഞെങ്ങി ഞെരുങ്ങി മരണ സാധ്യത തള്ളിക്കളയാനാവില്ല, ഒരുപക്ഷെ ജീവൻ ബാക്കിയാകാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞു മരിച്ച യുവാവ് ഇനി രക്ഷപെട്ടിരുന്നെങ്കിലും ശരീരം തളർന്ന നിലയിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. തലച്ചോർ അത്രയേറെ തകർന്നു കലങ്ങിയിരുന്നു. മരണം ഉറപ്പിച്ച അവസ്ഥയിൽ തന്നെയാണ് പൊലീസ് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നിൽ വലതു വശത്ത് സീറ്റ് ബെൽറ്റ് ഇല്ലാതെ ഇരുന്ന ഇദ്ദേഹം ഡ്രൈവർ സീറ്റിനു മുകളിലൂടെ തെറിച്ചു മുൻവശത്തെ ഗ്ലാസ് തകർത്തു പുറത്തേയ്ക്കു തെറിച്ചിരുന്നു.
സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഡ്രൈവർ സീറ്റിൽ ഞെരുങ്ങി പരുക്കുണ്ടാകുമായിരുന്നെങ്കിലും മരണ സാധ്യത കുറെ എങ്കിലും കുറയുമായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു പറയുമ്പോഴും ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവത്തിനേ സാധ്യതയില്ല എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു. ഡ്രൈവർ മാള സ്വദേശി അബ്ദുൽ റഹ്മാനെതിരെ ഐപിസി സെക്ഷൻ 320എ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.-
മറുനാടന് മലയാളി ബ്യൂറോ