കൊച്ചി: ബംഗളുരു മയക്കുമരുന്നു കേസിന്റെ അന്വേഷണം പുരോഗമിക്കവേ കൊച്ചിയിലേക്കും നാർക്കോട്ടിക്‌സ് കൺട്രോൾ വിഭാഗം അന്വേഷണം വ്യാപിപ്പിക്കുന്നു. കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് കൊച്ചിയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം കേരളത്തിലേക്കും നീങ്ങുന്നത്. കൊച്ചിയിൽ മുമ്പ് പിടിയിലായ റഷ്യൻ സംഗീതജ്ഞൻ വാസ്ലി മാർക്കലോവ് എന്ന സൈക്കോവ്‌സ്‌കിയെ രക്ഷിക്കാൻ വേണ്ടി കേസ് അട്ടിമറിച്ചതിൽ വലിയ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലിറക്കിയതും ബെംഗളൂരുവിൽ പിടിക്കപ്പെട്ട അനൂപ് മുഹമ്മദ് പങ്കാളിയായ റാക്കറ്റ്. പൊലീസിന്റെ പിടിയിലായ സൈക്കോവ്‌സ്‌കിയിൽ നിന്നു പിടിച്ച ലഹരിമരുന്നിന്റെ യഥാർഥ സാംപിൾ മാറ്റിയാണു രാസപരിശോധനയ്ക്ക് അയച്ചതെന്നും വിവരം. ബെംഗളൂരു 'സിനിമാ ലഹരി' കേസ് അന്വേഷിക്കുന്ന നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) ലഭിച്ച മൊഴികളിലാണ് ഇക്കാര്യമുള്ളത്.

2015 മെയ്‌ 24നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സംഗീത പാർട്ടിക്കിടയിൽ അറസ്റ്റിലായ സൈക്കോവ്‌സ്‌കിയെ സംരക്ഷിക്കാൻ പൊലീസിനെ സ്വാധീനിച്ചു സാംപിളിൽ തിരിമറി നടത്തിച്ചതു അനൂപിന്റെ 'ബോസ്' ആണെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. അനൂപിന്റെ ലഹരി ഇടപാടുകൾക്കു ചരടുവലിച്ചതും ഇതേയാളാണെന്നാണു സൂചന. തൊണ്ടി മുതൽ ലഹരി പദാർഥമല്ലെന്ന പരിശോധനാഫലം വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു. കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിൽ സമർപ്പിച്ച സാംപിളിലാണു തിരിമറി നടത്തിയത്. ഇതേ കേസിൽ അറസ്റ്റിലായ മിഥുൻ സി.വിലാസിന്റെ (ഡിജെ കോക്കാച്ചി) മൊഴികൾ അന്വേഷണ സംഘം മാറ്റിപ്പറയിച്ച വിവരവും ചോദ്യം ചെയ്യലിൽ പുറത്തുവന്നിട്ടുണ്ട്.

ഈകേസിൽ സൈക്കോവ്‌സ്‌കി ലഹരി മരുന്നു ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പരിശോധനയിൽ വ്യക്തമായ കാര്യം. സൈക്കോവ്‌സ്‌കിയുടെ പക്കൽ നിന്നും പിടികൂടിയ 'അഡ്വെഞ്ചർ ഓൺ' എന്ന അമേരിക്കൻ നിർമ്മിത പൊടിയിൽ മയക്കുമരുന്ന് അടങ്ങിയിട്ടില്ലെന്നും കഫീൻ മാത്രമാണ് ഉള്ളതെന്നും പരിശോധനയിൽ തെളിയുകയായിരുന്നു. ഈ പൊടിയിൽ കഞ്ചാവിന്റെ അംശം ഉണ്ടെന്ന് എക്‌സൈസ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് 37 കാരനായ സൈക്കോവ്‌സ്‌കിക്കെതിരെ കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. ഈ കസേ സമർത്ഥമായി അട്ടിമറിക്കപ്പെടുകയായിരുന്നു.

കേസ് അട്ടിമറിക്കപ്പെട്ടത് വലിയ വിധത്തിലായിരുന്നു. കീറ്റമിൻ ആണെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടുകയും പഞ്ചസാര കലർത്തിയ എൽ എസ് ഡി ആണെന്ന് പിന്നീട് അവകാശപ്പെടുകയും ചെയ്യപ്പെട്ട സെബാസ്റ്റ്യന്റെ കൈയിൽ നിന്ന് പിടിച്ച മൂന്നര ഗ്രാം വരുന്ന സാധനം വെറും പഞ്ചസാര കട്ടകളാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം വിനു, സഫ്വാൽ, ഗൗതം എന്നിവരുടെ കൈയിൽ നിന്ന് പിടികൂടിയത് കഞ്ചാവാണെന്ന് തെളിഞ്ഞു. പൈയും പ്രതാപും കഞ്ചാവ് ഉപയോഗിക്കുമ്പോഴാണ് പിടിക്കപ്പെട്ടത്.

പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നിരോധിത ലഹരി മരുന്നുമായി പിടിയിലായ പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ വാസ്ലി മാർക്കലോവാണ്. സൈക്കോവ്സ്‌കി എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെടുന്ന മാർക്കലോവ്, സൈക്കഡലിക് ട്രാൻസ് എന്ന ഇലക്ട്രോണിക് ഡാൻസ് സംഗീതത്തിന്റെ പ്രചാരകനാണ്. ഇയാളുടെ ഒരു പരിപാടിക്ക് തന്നെ ലക്ഷങ്ങളുടെ ചെലവുണ്ട്. ബംഗളൂരു കേന്ദ്രമാക്കി ഡിജെ പാർട്ടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ മുമ്പും കേരളത്തിൽ വന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മെ മെറിഡിയൻ ഹോട്ടലിലെ ഹാൾ ബുക്ക് ചെയ്തത് കോക്കാച്ചി എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചി സ്വദേശി മിഥുൻ എന്ന ഡിജെയുടെ പേരിലാണ്. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് പാർട്ടിക്ക് രജിസ്റ്റ്രേഷൻ നടത്തിയത്. കൊച്ചി സ്വദേശിയായിരുന്നു കോക്കാച്ചി കൊക്കൈയ്ൻ വിൽപ്പന നടത്തിയിരുന്നതിനാലാണ് മിഥുന് ലഹരി ഇടപാടുകാർക്കിടയിൽ കോക്കാച്ചി എന്നു പേരു വീണത്. മലയാളം സിനിമാ രംഗത്തെ ന്യൂജനറേഷൻ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും കൊക്കൈയ്ൻ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചിരുന്ന പ്രധാനിയാണ് മിഥുനായിരുന്നു. മിഥുനുമായി അനൂപ് മുഹമ്മദിന് എന്താണ് ബന്ധമെന്ന് പരിശോധിക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുങ്ങുകയാണ്. അന്വേഷണം കൊച്ചിയിലേക്ക് നീങ്ങുമ്പോൾ ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ള പ്രമുഖർ ആശങ്കയിലാണ്.