- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സലിഞ്ഞ് എക്സൈസ് വിട്ടയച്ച തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയത് 'സൈനികൻ'; കൈത്തണ്ടയ്ക്ക് പരിക്കേറ്റ് അവധിയിൽ ആണെന്നും എക്സൈസിനോടായി പറഞ്ഞു; ലഹരി റാക്കറ്റിലെ കണ്ണിയാണോ എന്നറിയാൻ ഇന്റലിജൻസ് അന്വേഷണം തുടങ്ങി; കൊച്ചി മയക്കുമരുന്നു കേസിൽ പുറത്തുവരാൻ വിവരങ്ങളേറെ
കൊച്ചി: കൊച്ചി ലഹരി മരുന്നു കേസിൽ ചുരുളഴിയാൻ ഇനിയും വിവരങ്ങൾ ഏറെയെന്ന് സൂചനകൾ. എക്സൈസ് ജില്ലാ സ്ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഇയാൾ സ്വയം പരിചയപ്പെടുത്തിയതു അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികൻ എന്നായിരുന്നു. എന്നാൽ, ഇയാൽ സൈനികൻ തന്നയാണോ എന്ന കാര്യത്തിൽ അടക്കം അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം.
കശ്മീർ അതിർത്തിയിൽ സേവനത്തിനിടെ കൈത്തണ്ടയ്ക്കു പരുക്കേറ്റ് അവധിയിലാണെന്നാണ് ഇയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇയാൾ പറഞ്ഞകാര്യത്തിൽ വസ്തുതയുണ്ടോ എന്നു പരിശോധിക്കാനാണ് നീക്കം. വ്യക്തിക്ക് ലഹരി റാക്കറ്റിന്റെ കണ്ണിയായ തയ്യിബയുമായുള്ള ബന്ധം കണ്ടെത്താൻ എക്സൈസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവ ദിവസം ഇയാളോടു സംസാരിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ യുവതി തന്നെയാണ് ഈ വ്യക്തിയെ വിളിച്ചത്. രാത്രി തന്നെ എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് മേഖലാ ആസ്ഥാനത്ത് എത്തിയ ആൾ പുറത്തു വാഹനത്തിൽ കാത്തിരുന്നു. യുവതിയെ പ്രതിപ്പട്ടികയിൽനിന്നു നീക്കാൻ തീരുമാനിച്ച ശേഷമാണ് ഇയാൾ ഓഫിസിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകായായിരുന്നു. എന്നാൽ, തയ്യിബ ഔലാദിനെ വിട്ടയച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ശ്ബനം പരാതിപ്പെട്ടു. ഇതോടയാണ് യുവതി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചതും.
ലഹരി മരുന്നു കേസിൽ തയ്യിബ പെട്ട വിവരം അറിഞ്ഞ ശേഷം നടത്തിയ ചരടുവലികളിലാണു കേസ് അട്ടിമറിക്കപ്പെട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് അന്വേഷണത്തിൽ പുറത്തു വരുന്നത്. പട്ടാള ഉദ്യോഗസ്ഥനെന്ന അവകാശവാദം അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.
യുവതിയുടെ അടുത്ത ബന്ധുവെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികൾക്കൊപ്പം യുവതി കാക്കനാട്ടെ ഫ്ളാറ്റിൽ തങ്ങിയ വിവരം ഇയാൾക്കു അറിയാമെന്ന മട്ടിലായിരുന്നു പ്രതികരണം. അടുത്ത ബന്ധു പിടിക്കപ്പെട്ട വിവരം അറിയുമ്പോൾ സ്വാഭാവികമായുണ്ടാവേണ്ട ആശങ്ക ഇയാൾ പ്രകടിപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്നലെ രാവിലെ വീണ്ടും വിളിച്ചു വരുത്തിയ ശേഷമാണ് തിരുവല്ല സ്വദേശിനി ത്വയ്ബയെ അറസ്റ്റു ചെയ്തത്. ചെന്നൈയിൽനിന്ന് എംഡിഎംഎ കേരളത്തിൽ എത്തിച്ച സംഘത്തിലുണ്ടായിരുന്നെന്ന് ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ നേരത്തെ ഒഴിവാക്കിയത് കാമുകനായ പ്രതി കേണപേക്ഷിച്ചതോടെ എന്ന വാർത്ത പുറത്തുവന്നിരുന്നു. കാമുകിക്ക് രണ്ട് കുട്ടികൾ ഉള്ള കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യപ്രതി എക്സൈസിന്റെ കാലുപിടിച്ചത്. കേസിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതൽ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ട്മെന്റിൽ വന്നതാണെന്നുമാണ് ഇയാൾ പറഞ്ഞത്.
കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ ഇവരുടെ കാര്യം കഷ്ടമാകുമെന്നെല്ലാം പറഞ്ഞതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിയുകയായിരുന്നു. ഇതോടെ ഇവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ തീരുമാനിക്കുകയായിരുന്നു. ഇവരെ കേസിൽ പ്രതിചേർക്കാതെ മാറ്റിനിർത്തിയതിനെ പ്രതി ശബ്ന തന്നെ എക്സൈസ് ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ ഇവർക്കും പങ്കുണ്ടെന്നായിരുന്നു ശബ്ന പറഞ്ഞത്. എന്നാൽ, ഇതിനെ കേസിലെ മുഖ്യപ്രതി എതിർക്കുകയും ശബ്നയെ തടയാൻ ശ്രമിക്കുകയും ചെയ്തു.
വാഹനത്തിൽ മറ്റു പ്രതികൾക്കൊപ്പം ത്വയ്ബ യാത്ര ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നേരത്തേ പിടിയിലായ മറ്റു പ്രതികൾ ലഹരിക്കടത്തിൽ ഇവരുടെ പങ്ക് വ്യക്തമാക്കി. ഇതോടെ ത്വയ്ബയെയും മറ്റു പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ ലഹരിക്കടത്തിലെ മുഖ്യകണ്ണിയാണെന്നു സമ്മതിച്ചതും അറസ്റ്റു രേഖപ്പെടുത്തിയതും.
മറ്റു പ്രതികൾക്കൊപ്പം ഇവരെ പ്രതിചേർക്കാതെ വിട്ടയച്ചത് വിവാദമായതോടെ രാവിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും, ലഹരി കടത്തലിന് അകമ്പടിയായി ഉപയോഗിച്ചിരുന്ന നായ്ക്കളെ കൊണ്ടുപോയ സ്ത്രീയെയും ചോദ്യം ചെയ്യുന്നുണ്ട്.
ഹൈക്കോടതിയിലെ അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിനു ഹാജരായത്. കഴിഞ്ഞ 19നാണ് കാക്കനാട് വാഴക്കാലയിലെ ഫ്ളാറ്റിൽനിന്ന് 84 ഗ്രാം ലഹരിയുമായി സംഘം അറസ്റ്റിലായത്. പിന്നീട് ഇവർ താമസിച്ച ഫ്ളാറ്റിലെ അലക്കാനുള്ള തുണികൾ ഇടുന്ന സ്ഥലത്തുനിന്ന് ഒരുകിലോയിലേറെ ലഹരി കണ്ടെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിട്ടയച്ച പ്രതിക്കെതിരെ ആരോപണം ഉയർന്നത്..
പ്രതിയായ ശബ്ന മയക്കുമരുന്നടങ്ങിയ കവർ എടുത്തുകൊണ്ടുപോകുമ്പോഴും യുവതി അരികിൽ നിൽക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഇതിനാൽത്തന്നെ മയക്കുമരുന്ന് ഒളിപ്പിച്ച കാര്യം യുവതിക്ക് അറിയാമെന്ന് സംശയം ഉയർന്നിരുന്നു. അതേസമയം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ എന്തുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാമെന്ന ഉറപ്പിൽ കേസിൽ പിടിയിലാകുന്ന ചിലരെ ഒഴിവാക്കുന്ന രീതി എക്സൈസിനും പൊലീസിനുമുണ്ട്. കേസിൽ വലിയ ബന്ധമില്ലാത്തവരെയാണ് ഇങ്ങനെ ഒഴിവാക്കാറ്്. ഇങ്ങനെയാണോ യുവാവിനെ കേസിൽ പ്രതിയാക്കാതെ മാറ്റിനിർത്തിയതെന്നാണ് സംശയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ