- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിവാക്കിയത് കേസിൽ ഉൾപ്പെടേണ്ട രണ്ട് പ്രതികളെ; മഹസറിൽ നിർണ്ണായ വിവരങ്ങൾ ഒഴിവാക്കിയപ്പോൾ ലഹരി മരുന്ന് അളവിൽ കാണിച്ചത് 1 കിലോയുടെ കുറവ്; കൊച്ചിയിലെ ലഹരിമരുന്ന് കേസ് എക്സൈസ് അട്ടിമറിച്ചതിനു തെളിവുകൾ കണ്ടെത്തി രഹസ്യാന്വേഷണ വിഭാഗം
കൊച്ചി: കൊച്ചിയിൽ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് ഉന്നതർ ചേർന്ന് അട്ടിമറിച്ചതിനുള്ള ശക്തമായ തെളിവുകൾ രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചു.ലഭിച്ച തെളിവുകൾ മഹസറിൽ മുഴുവനും രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല പ്രതി ചേർക്കേണ്ട രണ്ടുപേരെ ഒഴിവാക്കിയതായും രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തി.ബുധനാഴ്ച പകൽ ഈ ഫ്ളാറ്റിലെ സിസിടിവി എക്സൈസ് സംഘം നിരീക്ഷിച്ചതിന്റെയും അവർ ശേഖരിച്ച ദൃശ്യങ്ങളുടെയും വിശദാംശം സംസ്ഥാന ഇന്റലിജൻസിനും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കും ലഭിച്ചു.
എക്സൈസ് സ്ക്വാഡിലെ പ്രധാനിയും സിബിഐ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്ത എക്സൈസ് ഉന്നതനും ചേർന്നാണു കോടികളുടെ കേസ് അട്ടിമറിച്ചതെന്നാണ് ഇന്റലിജൻസിനു ലഭിച്ച വിവരം.കേസിൽ ഉൾപ്പെടേണ്ട 2 പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് 'മുക്കി'യുമാണ് കേസ് അട്ടിമറിച്ചത്. ഫ്ളാറ്റിലുണ്ടായിരുന്ന ഒരു മാൻകൊമ്പ്, മൊബൈൽ ഫോണുകൾ, 20,000 രൂപയിലേറെ വില വരുന്ന 2 റോട്വീലർ അടക്കം 4 മുന്തിയയിനം പട്ടികൾ, കണ്ടെത്തിയ പണം എന്നിവയും മഹസറിൽ രേഖപ്പെടുത്തിയില്ല.
കാക്കനാട്ടെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചു ലഹരി രാവുകളും മറ്റ് ഇടപാടുകളും നടക്കുന്നതായി കേന്ദ്ര നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു കഴിഞ്ഞയാഴ്ച രഹസ്യ വിവരം ലഭിച്ചിരുന്നു. അത് സംസ്ഥാന എക്സൈസിനു കൈമാറി. തുടർന്നു ബുധനാഴ്ച രാവിലെ എക്സൈസിലെ 2 ഉദ്യോഗസ്ഥർ എത്തി ഫ്ളാറ്റിന്റെ ഇടനാഴിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി.
ആദ്യം 84 ഗ്രാം എംഡിഎംഎ എന്ന ലഹരിമരുന്ന് കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന 5 യുവാക്കളെയും 2 സ്ത്രീകളെയും പിടിച്ചു. അവരെ ഒറ്റയ്ക്കു ചോദ്യം ചെയ്തപ്പോൾ ഒരു കിലോ കൂടി തുണികൾക്കിടയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും പിടിച്ചവരിൽ ഒരു സ്ത്രീയാണ് മുഖ്യ സൂത്രധാരയെന്നും ഒരാൾ വെളിപ്പെടുത്തി. പിന്നീടാണു കേസിൽ അട്ടിമറി നടന്നതെന്നു രഹസ്യ ഏജൻസികൾ കണ്ടെത്തി.
കേസിൽ മുഖ്യ പ്രതിയാകേണ്ട യുവതിയെ ഒഴിവാക്കാനാണ് 2 എക്സൈസ് ഉന്നതർ ഇടപെട്ടത്. ആദ്യം പിടിച്ച 84 ഗ്രാം ലഹരിമരുന്നിന്റെ പേരിൽ കേസെടുക്കുകയും മറ്റു തെളിവെല്ലാം മഹസറിൽ മുക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ