കൊച്ചി: ഫ്‌ളാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്‌ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് നേരത്തെ തന്നെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്ത്രീ മരിച്ചതിന് പിന്നാലെ ഫ്‌ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലിൽ വെക്കൽ, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കൽ തുടങ്ങിയവയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഡിസംബർ നാലിന് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നും വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി തമിഴ്‌നാട് സേലം സ്വദേശിനി കുമാരിയാണ് ഡിസംബർ 13ന് മരണമടഞ്ഞത്.ഈ അപകടമുണ്ടാകാൻ കാരണം ഫ്‌ളാറ്റുടമയായ അഭിഭാഷകൻ ഇംത്യാസ് അഹമ്മദ് ആണെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ പരാതിപ്പെട്ടിരുന്നു. ഫ്‌ളാറ്റുടമയിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കായി കുമാരി പതിനായിരം രൂപ അഡ്വാൻസ് പണം വാങ്ങിയിരുന്നെന്നും നാട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോൾ ഈ പണം ആവശ്യപ്പെട്ട് പൂട്ടിയിട്ടെന്നും ഭർത്താവ് പരാതിപ്പെട്ടിരുന്നു.

എന്നാൽ പൊലീസ് എടുത്ത കേസിൽ ഫ്‌ളാറ്റുടമയ്ക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിരുന്നുള്ളൂ. ശ്രീനിവാസന്റെ പരാതിയിൽ ഫ്‌ളാറ്റുടമയുടെ പേര് നൽകാത്തതാണ് ഇതിനു കാരണമെന്ന് പൊലീസ് മുൻപ് അറിയിച്ചിരുന്നു.

കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്നും അഡ്വ. ഇംതിയാസ് അഹമ്മദ് വാഗ്ദാനം ചെയ്തെന്ന് ശീനിവാസൻ ആരോപിച്ചിരുന്നു. ഉടമയുടെ ബന്ധുക്കൾ വെള്ളപ്പേപ്പറിൽ ഒപ്പുവയ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.കുമാരിയെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ശ്രീനിവാസന്റെ പരാതി. അത്യാവശ്യമായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിട്ടും പോകാൻ അനുവദിക്കാതെ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിലെ ആറാം നിലയിൽനിന്ന് സാരിയിൽ കെട്ടിത്തൂങ്ങി ഇറങ്ങുന്നതിനിടെയാണ് കുമാരി വീണത്. പത്തടിയിലേറെ ഉയരമുള്ള കാർപോർച്ചിന്റെ കോൺക്രീറ്റ് മേൽക്കൂരയിലായിരുന്നു ഇവർ വീണുകിടന്നത്.

ആദ്യ ദിവസങ്ങളിൽ കേസെടുക്കാത്തതിൽ വിവിധ കോണുകളിൽനിന്ന് ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ സംഭവം നടന്ന് അഞ്ചാം ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇംതിയാസിനെതിരേ മുന്പും ഇത്തരത്തിലുള്ള പരാതികളുണ്ടായിരുന്നുവെന്ന് അയൽവാസികൾ ആരോപിച്ചിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവച്ചിട്ടില്ലെന്നായിരുന്നു ഇംതിയാസും ഭാര്യയും മൊഴി നൽകിയത്. പൊലീസും ഇംതിയാസിന്റെ കുടുംബവും ചേർന്ന് ഒത്തുകളിക്കുകയാണെന്നാണ് ശ്രീനിവാസൻ ആരോപിച്ചത്.

ഇംതിയാസിനെതിരെ മുമ്പും പരാതികൾ

അഡ്വ.ഇംതിയാസ് അഹമ്മദും ഭാര്യ ഖമറുന്നീസയുമാണ് ഫ്ളാറ്റിലെ അന്തേവാസികൾ. ഇംതിയാസ് അഹമ്മദിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫി. ഇംതിയാസിന്റെയും ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദേഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസിന്റെ കാര്യവും തഥൈവ.

ഫ്ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും, രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റതെന്നുമാണ് ഭർത്താവ് ശ്രീനിവാസന്റെ മൊഴി. സംഭവത്തിൽ ഫ്ളാറ്റ് ഉടമയ്ക്കെതിരെ അയൽവാസിയും രംഗത്തെത്തിയിരുന്നു. ഫ്ളാറ്റിലെ താമസക്കാരനായ മാത്യു ജോർജ് ആണ് ഫ്ളാറ്റ് ഉടമ അഡ്വ.ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇംതിയാസ് ഫ്ളാറ്റിലെ സ്ഥിരം പ്രശ്നക്കാരനായിരുന്നുവെന്ന് മാത്യു ജോർജ് ഒരു ചാനലിനോട് പറഞ്ഞിരുന്നു.