- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട ദിവസം പിന്തുടർന്ന ഓഡി കാർ മാത്രമല്ല, മോഡലുകളെ മോഡലുകളെ അജ്ഞാത വാഹനം മുൻപും പിന്തുടർന്നു; കൊടകരയ്ക്ക് സമീപം അഞ്ജന ഷാജന്റെ കാർ പിന്തുടർന്നതിന് വീട്ടുകാരുടെയും തൃശൂരിലെ ജനപ്രതിനിധിയുടെയും സ്ഥിരീകരണം; കാറപകടത്തിലെ ദുരൂഹത മാറ്റണമെന്ന് അഞ്ജനയുടെ കുടുംബവും പരാതി നൽകി
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ വൻ ആസൂത്രണം നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. കൊല്ലപ്പെട്ട മിസ് കേരള മത്സര ജേതാക്കളായ മോഡലുകളെ അപകടത്തിനു മുൻപുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടർന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. അപകടം നടന്ന ദിവസം സൈജു ഓടിച്ച ഔഡി കാറാണ് പിന്തുടർന്നതെങ്കിൽ. സമാനമായ മറ്റൊരു വാഹനവും ഇവരെ പിന്തുടർന്നതായാണ് സൂചന.
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിനു മുൻപിൽ ഇതേ വാഹനം കണ്ടു ഭയന്നാണു പാർട്ടി പൂർത്തിയാകും മുൻപു സുഹൃത്തുക്കൾക്കൊപ്പം മോഡലുകൾ ഹോട്ടൽ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. അന്ന് ഇവരെ പിൻതുടർന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുൻപുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടർന്നതെന്നു ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. തൃശൂർ കൊടകരയ്ക്കു സമീപം അഞ്ജനയുടെ കാറിനെ അജ്ഞാതവാഹനം പിന്തുടർന്നതു ശ്രദ്ധയിൽപെട്ടതായി തൃശൂരിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കൊല്ലപ്പെട്ട തൃശൂർ സ്വദേശി അഞ്ജന ഷാജന്റെ ബന്ധുക്കൾ ഇക്കാര്യങ്ങൾ വിശദീകരിച്ചു ക്രൈംബ്രാഞ്ചിനു പരാതി നൽകിയിട്ടുണ്ട്. അഞ്ജനയെ പിന്തുടർന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മിസ് കേരള പട്ടം നേടിയ അൻസി കബീറിനെ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് ഇതേ വാഹനം പിൻതുടർന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പാർട്ടി നടന്ന ഒക്ടോബർ 31 നു രാത്രിയിൽ ഇതേ വാഹനം നമ്പർ 18 ഹോട്ടലിൽ എത്തിയതിനു തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കമാണു ഹോട്ടലുടമയും ജീവനക്കാരും ചേർന്നു നശിപ്പിച്ചത്. അൻസിയും അഞ്ജനയും ഉപയോഗിച്ചിരുന്ന ഫോൺനമ്പറുകളിലേക്കു 2 മാസത്തിനിടയിൽ വിളിച്ച മുഴുവൻ നമ്പറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളെ പിന്തുടർന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതോടെ ഈ കേസിലെ നിർണായക അറസ്റ്റുണ്ടാവും.
അതേസമയം പാലാരിവട്ടത്ത് കാറപകടത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ആളൂർ സ്വദേശിനിയും മുൻ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്റെ കുടുംബവും പൊലീസിൽ പരാതി നൽകി. സംഭവത്തിലെ ദുരൂഹത മാറ്റണമെന്നും ഹോട്ടലുടമയുടെയും സുഹൃത്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരൻ അർജുൻ ഷാജൻ തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
കൊല്ലപ്പെട്ടവരിൽ മുൻ മിസ് കേരള അൻസിയുടെ കുടുംബവും നേരത്തേ ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അഞ്ജനയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടാനുണ്ടായ സാഹചര്യമുണ്ടാക്കിയത് ഫോർട്ട് കൊച്ചിയിലെ ഹോട്ടലുടമയും സുഹൃത്തുമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
നവംബർ ഒന്നിന് മുൻ മിസ് കേരള അൻസി കബീറിനോടൊപ്പം ആളൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇരുവരുമുൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ കൊല്ലപ്പെട്ടത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുക്കവേ ഹോട്ടലുടമ റോയിയും സുഹൃത്തെന്ന് പരിചയപ്പെടുത്തിയ സൈജു എന്നയാളും ഇരുവരെയും ഹോട്ടലിൽ താമസിക്കാൻ നിർബന്ധിച്ചു. അതിന് വിസമ്മതിച്ച് തിരികെ മടങ്ങുമ്പോൾ, മറ്റൊരു കാറിൽ പിന്തുടർന്ന് ശല്യമുണ്ടാക്കിയതിനാലാണ് ഇവർ സഞ്ചരിച്ച കാർ അതിവേഗത്തിൽ ഓടിക്കാനും അപകടമുണ്ടാകാനും ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതിനിടെ കേസിൽ തന്നെ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തലുമായി ഹോട്ടൽ ജീവനക്കാരൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നി. നമ്പർ 18 ഹോട്ടലിലെ ജീവനക്കാരനായ സോബിനാണ് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അന്ന് മോഡലുകൾ മദ്യപിക്കുകയോ ഹോട്ടലിൽ വാക്കുതർക്കമുണ്ടാവുകയോ ചെയ്തിട്ടില്ല. അവർ ഓർഡർ ചെയ്ത മദ്യം കഴിച്ചത് കൂടെ വന്നവരാണെന്നും സോബൻ പറയുന്നു. മാത്രമല്ല അന്നവിടെ ഉണ്ടായത് നിശാപാർട്ടിയല്ലെന്നും ഹോട്ടൽ ഉടമയുടെയും അടുത്ത സുഹൃത്തുക്കളുടെയും കൂടിച്ചേരൽ മാത്രമാണെന്നും സോബൻ പറയുന്നു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സോബന്റെ വെളിപ്പെടുത്തൽ.
'ആൻസിയും അൻജനയും കൊച്ചിയിൽ വരുമ്പോഴെല്ലാം ഹോട്ടലിൽ വരാറുണ്ട്. അന്നേദിവസം അവിടെ നടന്നത് നിശാ പാർട്ടിയല്ല. ഹോട്ടലുടമയും അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കളും ഒത്തുചേരുക മാത്രമാണുണ്ടായത്. റൂഫ്ടോപ്പിലായിരുന്നു മേശകൾ ഒരുക്കിയിരുന്നത്. ഭക്ഷണവും മദ്യവും സംഗീതവുമെല്ലാം ഉണ്ടായിരുന്നു. ഉപഭോക്താക്കളുമായി നല്ലബന്ധം സൂക്ഷിക്കുന്നയാളാണ് ഹോട്ടലുടമയായ റോയ് വയലാട്ട്. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ അദ്ദേഹം സംഘടിപ്പിക്കാറുമുണ്ട്. ഒക്ടോബർ 31-ലെ പരിപാടിയിൽ മുപ്പതോളം പേരാണുണ്ടായിരുന്നത്.
ആകെ 12 മേശകളിൽ മൂന്ന് മേശകളിലാണ് ഞാൻ ഭക്ഷണം വിളമ്പിയിരുന്നത്. അതിലൊന്നിൽ അൻസിയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. രാത്രി 7.30-ഓടെയാണ് അൻസിയും സുഹൃത്തുക്കളും ഹോട്ടലിലെത്തിയത്. ഷൈജു ഉൾപ്പെടെ മറ്റുള്ളവരെല്ലാം നേരത്തെ എത്തിയിരുന്നു. സ്ഥിരം സന്ദർശകയായതിനാൽ അൻസിക്ക് എന്നെ പരിചയമുണ്ട്. അതിനാൽ കൊച്ചിയിൽ നടക്കുന്ന ഷൂട്ടിങ്ങിനെ സംബന്ധിച്ചെല്ലാം എന്നോട് പറഞ്ഞിരുന്നു. എന്റെ പഠനത്തെക്കുറിച്ചും കുടുംബത്തിന്റെ വിശേഷങ്ങളും തിരക്കി.മദ്യവും ഫ്രഞ്ച് ഫ്രൈസുമാണ് അവർ ആദ്യം ഓർഡർ ചെയ്തത്. അൻസിയും അൻജനയും മദ്യപിച്ചിരുന്നില്ല. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ മദ്യം കഴിച്ചുവെന്നും സോബിൻ പറയുന്നു.
അവർ ഭക്ഷണം കഴിക്കുകയും അതിനുശേഷം നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെ, അൻജന മറ്റുള്ളവരിൽ ചിലരുമായി സംസാരിച്ചിരുന്നു. ഷൈജുവും റോയി വയലാട്ടും അവരോട് സംസാരിക്കുന്നതും കണ്ടു. 11.30-ഓടെയാണ് അവർ പാർട്ടി കഴിഞ്ഞ് മടങ്ങിയത്. അൻസിയാണ് 1550 രൂപയുടെ ബിൽ ഗൂഗിൾപേ വഴി അടച്ചത്. പോകുമ്പോൾ അടുത്ത ബുധനാഴ്ച വീണ്ടും വരുമെന്നും ഒരാഴ്ച കൂടി കൊച്ചിയിലെ ഷൂട്ടിങ് നീളുമെന്നും അൻസി പറഞ്ഞിരുന്നു.
എന്നാൽ 12.15-ഓടെ ഹോട്ടലിലെ റിസപ്ഷനിൽ എത്തിയപ്പോൾ അൻസിയെയും അൻജനയെയും ഹോട്ടലിന് മുന്നിൽ കണ്ടു. അവർ രണ്ടുപേരും റോയിയോടും ഷൈജുവിനോടും സംസാരിച്ചുനിൽക്കുകയായിരുന്നു. ആ സമയത്തും അൻസിയെ സന്തോഷവതിയായാണ് കണ്ടത്. പക്ഷേ, വാഹനം ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു. രാവിലെ വരെ അവിടെ വിശ്രമിക്കാൻ ഷൈജുവും റോയിയും അവരോട് പറഞ്ഞു. അക്കാര്യം ഞാൻ കേട്ടതാണെന്നും സോബിൻ വെളിപ്പെടുത്തി.
എന്നാൽ ഹോട്ടലിൽനിന്ന് പോകാനാണ് അവർ താത്പര്യപ്പെട്ടത്. പക്ഷേ, ഡ്രൈവർക്ക് ആ വാഹനം നിയന്ത്രിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഷൈജു അവരെ പിന്തുടർന്ന് പോവുകയും ചെയ്തു. ഒരുമണിക്കൂറിന് ശേഷം ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ റോയി ഫോൺ ചെയ്തപ്പോളാണ് അപകടവിവരം അറിയുന്നത്. ഷൈജുവാണ് റോയി വയലാട്ടിനെ അപകടവിവരം അറിയിച്ചത്.കാർ അപകടത്തിൽപ്പെട്ടെന്നും അവിടെപ്പോയി സഹായിക്കണമെന്നുമാണ് റോയി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എന്റെ സഹപ്രവർത്തകരായ ഡാരിയൽ, ജിജോ, ആന്റണി എന്നിവർ അപകടസ്ഥലത്തേക്ക് പോയെങ്കിലും അപകടത്തിൽപ്പെട്ടവരെ അപ്പോഴേക്കും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവർ ആശുപത്രിയിൽ എത്തിയപ്പോളാണ് അൻസിയും അൻജനയും മരിച്ചെന്ന വിവരമറിയുന്നത്. നിലവിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പലതും യാഥാർഥ്യമല്ല. അന്നത്തെ പാർട്ടിയിൽ വി.ഐ.പി.കളാരും പങ്കെടുത്തിരുന്നില്ല. എല്ലാവരും റോയി വയലാട്ടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഹോട്ടലിൽ വെച്ച് വാക്കുതർക്കമോ മറ്റുപ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.എക്സൈസ് നടപടി ഭയന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ച ഹാർഡ് ഡിസ്ക് റോയി നശിപ്പിച്ചത്.അതിന് മുമ്പുള്ള ദിവസം ഹോട്ടലിൽ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം വിളമ്പിയതിന് ബാർ ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു സോബിൻ വ്യക്തമാക്കുന്നു. എന്നാൽ ഒക്ടോബർ 31-നും രാത്രി 11.30 വരെ മദ്യം വിളമ്പിയിരുന്നു. ഇക്കാര്യമറിഞ്ഞാൽ എക്സൈസ് നടപടി സ്വീകരിക്കുമെന്നതിനാലാകാം ഹോട്ടലുടമ ഹാർഡ് ഡിസ്ക് നശിപ്പിച്ചതെന്നും സോബിൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ