- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ഇനി 'അതിവേഗ' ജലയാത്രയും; വാട്ടർ മെട്രോയ്ക്കായി ഹൈബ്രിഡ് രീതി പ്രവർത്തിക്കുന്ന 23 ബോട്ടുകൾ; ഒരുങ്ങുന്നത് ബൃഹത്തായ ജലഗതാഗത ശൃംഖല
കൊച്ചി: കൊച്ചിയിലെ സഞ്ചാരികൾക്ക് വേഗക്കുതിപ്പേകാൻ മെട്രോ റെയിലിനൊപ്പം വാട്ടർ മെട്രോയും. നഗരം കാത്തിരിക്കുന്ന വാട്ടർ മെട്രോ ബോട്ടുകളുടെ സൈറനുകൾ ഉടൻ മുഴങ്ങിത്തുടങ്ങും. കൊച്ചി മെട്രോ റെയിലിന്റെ ഭാഗമായ വാട്ടർ മെട്രോയ്ക്കു വേണ്ടി നിർമ്മിച്ച ആദ്യ ബോട്ട് വെള്ളിയാഴ്ച കൊച്ചിൻ ഷിപ്പ്യാഡ്, കൊച്ചി മെട്രോ റെയിലിനു കൈമാറും.
100 പേർക്കുവീതം സഞ്ചരിക്കാവുന്ന 23 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി കൊച്ചിൻ ഷിപ്പ്യാഡ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് കൈമാറുന്നത്. അഞ്ച് ബോട്ടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതും കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാട്ടർ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. വൈറ്റില, കാക്കനാട് ടെർമിനലുകൾ ഏറെക്കുറെ തയാറായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിർമ്മാണവും ഡ്രെഡ്ജിങ്ങും പൂർത്തിയായി.
വാട്ടർ മെട്രോയ്ക്കായുള്ള ഫ്‌ളോട്ടിങ് ജെട്ടികളുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോടതി, വൈപ്പിൻ, ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ ടെർമിനലുകളുടെ നിർമ്മാണം അടുത്തവർഷം ഏപ്രിലോടെ പൂർത്തിയാകും. ലോകത്തുതന്നെ ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ഒരുങ്ങുന്നത്.
ജലഗതാഗതത്തിൽ ലോകത്തുതന്നെ നിരവധി പുതുമകൾ സമ്മാനിച്ചു കൊണ്ടാണ് പുതിയ ബോട്ട് നീറ്റിലിറങ്ങുന്നത്. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുമുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടാണിത്.
വളരെ വേഗത്തിൽ ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 10-15 മിനിറ്റു കൊണ്ട് ചാർജ് ചെയ്യാം. യാത്രക്കാർ കയറി, ഇറങ്ങുമ്പോൾ പോലും ആവശ്യമെങ്കിൽ ചാർജ് ചെയ്യാനുള്ള സാഹചര്യമുണ്ടാകും. 10 നോട്ട് (നോട്ടിക്കൽ മൈൽ പെർ അവർ) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. പൂർണമായും എയർകണ്ടീഷൻ ചെയ്ത ബോട്ടിലിരുന്ന് കായൽ കാഴ്ചകൾ പൂർണമായും ആസ്വദിച്ച് യാത്രചെയ്യാം.
പ്രായമായവർക്കു പോലും അനായാസം കയറി ഇറങ്ങാൻ സാധിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കായൽപരപ്പിലൂടെ വേഗത്തിൽ പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ഘടന. വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിൽനിന്ന് ഓട്ടമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്.
ബാറ്ററി ചാർജ് തീർന്നാൽ യാത്ര തുടരാൻ ഡീസൽ ജനറേറ്റർ സൗകര്യമുണ്ട്. ഇതു രണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ പോകാനുമാകും. 76 കിലോമീറ്റർ ദൂരത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ