തിരുവനന്തപുരം: ജയിലിലെ ഫോൺ വിളി തടയാൻ വിചിത്ര നീക്കവുമായി ജയിൽ വകുപ്പ്. ജയിലുകളിൽ ഇനി ജാമറുകൾ വയ്ക്കില്ല. കേരളത്തിലെ ജയിലുകളിൽ 3ജി സിം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ സിഗ്‌നൽ തടയാനുള്ള ജാമർ ഏതാനും വർഷം മുൻപു സ്ഥാപിച്ചതാണ്. അതെല്ലാം നശിപ്പിച്ച തടവുകാർ ഇപ്പോൾ മൊബൈലിൽ ഉപയോഗിക്കുന്നതു 4 ജി സിം കാർഡുകളാണ്. അതുകൊണ്ട് തന്നെ ജാമർ സ്ഥാപിച്ചത് വെറുതെ കാശുകളയും പരിപാടിയായി.

ജയിലിനുള്ളിൽ കിടന്ന് കൊടി സുനിയും മറ്റും ഫോൺ ക്വട്ടേഷനുകൾ ഏറ്റെടുക്കുന്നുണ്ട്. കരിപ്പൂർ സ്വർണ്ണ കടത്തിൽ വരെ കൊടി സുനി ഫാക്ടർ ചർച്ചയായി. ഇതോടെയാണ് ജയിലിലെ ഫോൺ വിളികൾ പുതിയ തലത്തിൽ ചർച്ചയായത്. ആരും ഫോൺ വിളിക്കാറില്ലെന്ന് ജയിൽ ഡിജിപി സ്ഥാനം ഒഴിയുമ്പോൾ ഋഷിരാജ് സിങ് പറഞ്ഞിരുന്നു. എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തലുകളും അന്വേഷണവും. ഈ സാഹചര്യത്തിലാണ് ഫോൺ വിളി നിയന്ത്രിക്കാൻ പദ്ധതികൾ വീണ്ടും ആലോചനകളിൽ നിറയുന്നത്.

ജയിലിനു മുകളിൽ ഡ്രോൺ പറത്തി തടവുകാരുടെ ഫോൺ വിളി നിരീക്ഷിക്കാൻ ആലോചനയുണ്ടെന്നാണ് വിവരം. എന്നാൽ തടവുകാർ സെല്ലിനു പുറത്തിറങ്ങി വിളിച്ചാലേ ഇതു കണ്ടെത്താൻ കഴിയൂ. അകത്തു റേഞ്ച് കിട്ടാത്തതിനാൽ പുറത്തിറങ്ങി വിളിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. എന്നാൽ ജാമറുകൾ മാറ്റുന്നതോടെ അത് വെറുതെയുള്ള ചിന്തയാകും. ജയിലിൽ എല്ലായിടത്തും ഫോൺ കിട്ടും.

ഏന്തായാലും ജാമർ സ്ഥാപിക്കില്ല. 4 ജിയെ തടയുന്ന ജാമർ സ്ഥാപിക്കാൻ മാസങ്ങളെടുക്കും. അപ്പോഴേക്കും തടവുകാർ 5ജി സിം ഉപയോഗിച്ചു തുടങ്ങും. തിഹാർ ജയിലിൽ 4ജി സിം കാർഡ് ഉപയോഗിച്ചുള്ള ഫോൺ വിളി തടയാൻ സ്ഥാപിച്ച ജാമറുകൾ ഫലപ്രദമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻപു തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ ജയിലുകളിൽ ജാമർ വച്ചപ്പോൾ സമീപ പ്രദേശങ്ങളിൽ നെറ്റ്‌വർക് ലഭിക്കുന്നില്ലെന്ന പരാതി നാട്ടുകാർ ഉയർത്തിയിരുന്നു.

അതിനിടെ മണ്ണിനടിയിൽ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ കണ്ടെത്താൻ ലീനിയർ ജംക്ഷൻ ഡിറ്റക്ടറുകൾ വാങ്ങാൻ ജയിൽ വകുപ്പ് തീരുമാനിച്ചു. 15 സെന്റി മീറ്റർ താഴ്ചയിൽ കുഴിച്ചിട്ട ഫോണുകൾ ഇപ്രകാരം കണ്ടെത്താം. പക്ഷേ 2 തവണ ടെൻഡർ വിളിച്ചെങ്കിലും ആരും വന്നില്ല. തടവുകാർ ഫോൺ കയ്യിൽ വച്ചു വിളിക്കുമ്പോൾ ഭൂമിക്കടിയിലെ ഫോൺ കണ്ടെത്താൻ യന്ത്രം വാങ്ങുന്നതിന്റെ സാങ്കേതികത്വവും ചർച്ചകളിലുണ്ട്.

തിഹാർ ജയിലിൽ പരീക്ഷിക്കുന്ന 'ഡോമിനന്റ് ടവർ' എന്ന പദ്ധതിയും ആലോചനയിലുണ്ട്. തീഹാറിൽ 400 ഏക്കറോളമുള്ള വളപ്പിൽ ഓരോ സേവനദാതാവിന്റെയും ടവർ സ്ഥാപിച്ചു പുറത്തേക്കുള്ള മൊബൈൽ സിഗ്‌നൽ തടയുന്ന സംവിധാനമാണിത്.