തിരുവനന്തപുരം: ഇഡി കേസിൽ ബിനീഷ് കോടിയേരിയിലേക്കുള്ള അന്വേഷണം പിതാവ് കോടിയേരി ബാലകൃഷ്ണനിലേക്കും നീളുമെന്ന് ഉറപ്പായി. ബിനീഷ് കോടിയേരി വലിയ തോതിൽ സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയത് കോടിയേരി മന്ത്രിയായിരിക്കവേയാണ്. അതുകൊണ്ട് തന്നെ ഇഡിയുടെ അന്വേഷണം കോടിയേരിയിലേക്കും എത്തും. അദ്ദേഹത്തിൽ നിന്നു മൊഴിയെടുക്കുന്ന സാഹചര്യം ഉണ്ടായാൽ സിപിഎം ശരിക്കും വെട്ടിലാകുമെന്ന കാര്യം ഉറപ്പാണ്. അതേസമയം പാർട്ടിയും സർക്കാറും ഒരുപോല പ്രതിരോധത്തിലായ സാഹചര്യത്തിൽ ആരും രാജിവെക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കോടിയേരി ബാലകൃഷണ്ൻ അവധിയെടുത്തു മാറി നിൽക്കുമെന്ന വാർത്തകൾ തള്ളുകയാണ് സിപിഎം നേതാക്കൾ. സിപിഎം അകപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ ചേരുന്നുണ്ട്. ബിനീഷ് വിഷയം അടക്കം വിശദീകരിച്ചു കൊണ്ട് മുന്നോട്ടു പോകാമെന്നാണ് കോടിയേരി കണക്കു കൂട്ടുന്നത്.

ബിനീഷ് അറസ്റ്റിലായതിനു ശേഷം മാധ്യമങ്ങളെ കാണാൻ കോടിയേരി തയാറായിട്ടില്ല. സംസ്ഥാന കമ്മിറ്റിക്കു ശേഷം മതിയെന്ന തീരുമാനത്തിലാണ് അദ്ദേഹം. കോടിയേരി തുടരുന്നതിൽ അസാംഗത്യമില്ലെന്നു കേന്ദ്രകമ്മിറ്റിക്കു ശേഷം ജനറൽ സെക്രട്ടറി പറഞ്ഞ സാഹചര്യത്തിൽ മറിച്ചൊരു സാധ്യത പാർട്ടി കേന്ദ്രങ്ങൾ നിരാകരിക്കുന്നു. എന്നാൽ, നിലവിലെ പ്രതിസന്ധി സെക്രട്ടേറിയറ്റും കമ്മിറ്റിയും വിലയിരുത്തും. അവിടെ കോടിയേരി നിലപാട് പറയുകയും അക്കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്യും.

നിലവിൽ കോടിയേരിയെ കയ്യൊഴിയുന്ന തീരുമാനത്തിനുള്ള സാധ്യത നേതാക്കൾ നിഷേധിക്കുന്നു. ബിനീഷിനെ തള്ളിപ്പറയാനും കോടിയേരിയെ സംരക്ഷിക്കാനുമാണു നിലവിൽ പാർട്ടി തീരുമാനം. ഭവിഷ്യത്തുകൾ മകൻ അനുഭവിക്കട്ടെ എന്ന മനോഭാവമാണു കോടിയേരിയും പരസ്യമായി പങ്കുവയ്ക്കുന്നത്. എന്നാൽ, കേസിൽ ഇഡി രാഷ്ട്രീയമായി നീങ്ങുകയാണെന്ന ശക്തമായ പരാതിയിലാണ് അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയും കള്ള സാക്ഷികളെ അവതരിപ്പിച്ചും ബിനീഷിനെ കുടുക്കാൻ നോക്കുകയാണെന്നാണ് അദ്ദേഹം പാർട്ടിയെ ധരിപ്പിക്കുന്നത്.

ഇതേസമയം, ബിനീഷിന്റെ അറസ്റ്റും തുടർവാർത്തകളും എൽഡിഎഫിലും സിപിഎമ്മിലും വലിയ ചലനങ്ങളാണു സൃഷ്ടിക്കുന്നത്. ലഹരിമരുന്നു മാഫിയയുമായി പാർട്ടി സെക്രട്ടറിയുടെ മകനു ബന്ധമെന്ന പ്രചാരണം താഴേത്തട്ടിൽ ഉണ്ടാക്കിയ അനുരണനങ്ങളും നേതൃത്വത്തിനു കണക്കിലെടുക്കേണ്ടിവരും.

അതിനിടെ മാധ്യമങ്ങളെ ലാക്കാക്കി സിപിഎം വലിയ പ്രചരണവുമായി രംഗത്തുണ്ട്. ഇഡിയെ മഹത്വവൽക്കരിക്കാൻ കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് എൽഡിഎഫിനെതിരെ മാധ്യമങ്ങൾ യുദ്ധം ആരംഭിച്ചിരിക്കുന്നു. അസത്യപ്രചാരണത്തിലൂടെ ആധിപത്യം സ്ഥാപിക്കാനാണു ശ്രമം; ആയിരം നുണകൾ ഒരുമിച്ചു പ്രചരിപ്പിച്ചു വിശ്വസിപ്പിക്കാനും. സിപിഎം ജീർണതയിൽ പെട്ടുവെന്നു പ്രചരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു നീക്കം. ഡിവൈഎഫ്‌ഐയുടെ ഫേസ്‌ബുക് പരിപാടിയിൽ പങ്കെടുത്തു 'മനോരമ'യെയും 'മാതൃഭൂമി'യെയും കോടിയേരി പേരെടുത്തു വിമർശിച്ചു.

കോടിയേരിയുടെ മകൻ ബിനീഷ് മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായതോടെ പാർട്ടി നേതൃത്വത്തിനെതിരേ ഒരുവിഭാഗം നേതാക്കൾ ശക്തമായി രംഗത്തുണ്ട്. പാർട്ടി സെക്രട്ടറിക്കു മകനെ നേർവഴി നടത്താനായില്ലെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ, പിണറായിക്കും കോടിയേരിക്കും ചികിത്സാർഥം മാറിനിൽക്കേണ്ടിവന്നാൽ സർക്കാരിന്റെ ചുമതല ഇ.പി. ജയരാജനിലേക്കും പാർട്ടി ചുമതല എം വി ഗോവിന്ദനിലേക്കും എത്തിക്കുകയാണു കണ്ണൂർ ലോബി ലക്ഷ്യമിടുന്നതെന്നും വിശദീകരിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു.

സ്വർണ്ണ കടത്തും ലൈഫ് മിഷനും കൈകാര്യം ചെയ്തതിൽ പിണറായി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിലാണ് സിപിഎം കേന്ദ്ര നേതൃത്വം. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടമായി. അതുകൊണ്ട് തന്നെ കേരളത്തിൽ കരുതലോടെ പോകണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകിയിരുന്നു. എന്നാൽ ഒരു കരുതലും ഉണ്ടായില്ലെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. പിണറായി വിജയനെ പരസ്യമായി ആരും തള്ളി പറയില്ല. എന്നാൽ ഭരണ തുടർച്ചയുടെ സാധ്യത നിലനിർത്താൻ മുഖം മാറ്റം അനിവാര്യമാണെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കുള്ളത്. ഇത് പിണറായിയും മനസ്സിലാക്കുന്നുണ്ട്. തന്ത്രപൂർവ്വം മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. അവസാന നിമിഷം വരെ രാജി ഒഴിവാക്കാനും പിണറായി ശ്രമിക്കും. ഇതിനിടെയാണ് പുതിയ വാർത്ത ചർച്ചയാകുന്നത്.