കോഴിക്കോട്: വിശ്വാസികൾക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന വ്ളാഡമിർ ലെനിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടിയേരിയയുടെ പ്രസ്താവന. സിപിഐ.എം ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. മുസ്ലിം ലീഗ് ഇസ്ലാമിക രാഷ്ട്രീയവുമായി സന്ധി ചെയ്തുവെന്നും ലീഗിനെ നയിക്കുന്നത് ജമാ ഇത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക മൗലികവാദത്തിന് ലീഗ് പിന്തുണ നൽകുന്നുവെന്നും, സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും കോടിയേരി പറഞ്ഞു. മുസ്ലിം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി പരിഹസിച്ചു. ബിജെപിക്ക് ബദലായി നിൽക്കുന്നത് കോൺഗ്രസ് അല്ലെന്നും, ഇരുവർക്കും ഒരേ നയമാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.

ബിജെപിയുടെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ സാധിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾ പാർട്ടിയുമായി അടുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

വഖഫ് വിഷയവുമായി ബന്ധപ്പെട്ട് രണ്ടാം വിമോചന സമരത്തിനാണ് ലീഗ് ശ്രമിക്കുന്നത്. അത് നടക്കാൻ പോകുന്നില്ല. കേരള രാഷ്ട്രീയത്തിൽ മുഖം നഷ്ടമായ ലീഗ് കലാപം നടത്തി തിരിച്ചുവരാൻ ശ്രമിക്കയാണ്. കാലം മാറിയെന്ന് അവർ മനസിലാക്കണം. 1957ലെ കമ്യൂണിസ്റ്റ് പാർട്ടിയല്ല ഇന്നുള്ളത്. വിപുലമായ ബഹുജനസ്വാധീനവും വിശ്വാസികളെയടക്കം പിന്തുണയുമുള്ള പാർട്ടിയാണിന്ന് കേരളം ഭരിക്കുന്നത്. അതിനാൽ വിമോചനസമര വ്യാമോഹത്തിൽ നിന്ന് ലീഗ് പിന്തിരിയണം.

വഖഫ് ബോർഡ് നിയമനം പി എസ്സിക്ക് വീടുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാരിന് യാതൊരു വാശിയുമില്ല. എല്ലാവരും ചർച്ചനടത്തിയേ നടപ്പാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയതുമാണ്. ജിഫ്രിമുത്തുക്കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും നേതൃത്വം നൽകുന്ന മുസ്ലിംസംഘടനകൾ ലീഗിന്റെ സമരത്തെ പിന്തുണച്ചില്ല. ഒറ്റപ്പെട്ട ലീഗ് ജാള്യം മറക്കാനാണ് കലാപത്തിനും വർഗീയധ്രുവീകരണത്തിനും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ ലീഗ് വഖഫ് പ്രചരണ വിഷയമാക്കിയില്ല. ബില്ലിനെ സഭയിൽ എതിർത്തതുമില്ല. വഖഫ് സ്വത്തുക്കൾ കയ്യടക്കിയത് ലീഗ് നേതാക്കളാണ്. അത് തിരിച്ചുപിടിക്കുമെന്ന് വന്നപ്പോഴാണ് എതിർപ്പും കലാപശ്രമവുമെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ബഹുജനത്തെ അകറ്റാൻ ബോധപൂർവ്വ നീക്കം

വിശ്വാസികൾക്ക് എതിരാണ് സിപിഐ എം എന്ന് പ്രചരിപ്പിച്ച് മുസ്ലിം ബഹുജനങ്ങളെ പാർട്ടിയിൽ നിന്നകറ്റാൻ സംഘടിത നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നത്. ലീഗിന്റെ പിന്തുണയിലാണിത്തരം നീക്കങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ ആശയസ്വാധീനത്തിലുള്ള പ്രചരണമാണിത്. കമ്യൂണിസ്റ്റുകാർ മതത്തെ അംഗീകരിക്കാത്തവർ എന്ന് ഒരു വിഭാഗം പറഞ്ഞു. കമ്യൂണിസ്റ്റ്പാർട്ടി മതവിശ്വാസത്തിന് എതിരല്ല. വിശ്വാസികൾക്ക് അംഗത്വംകൊടുക്കുന്നപാർട്ടിയാണ് സിപിഐ എം . ആരാധനാലയം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത യു കെ കുഞ്ഞിരാമന്റെ പാർട്ടിയാണിത്. ദൂരെനിന്ന് സംശയത്തോടെ വീക്ഷിച്ചിരുന്ന ക്രിസ്ത്യന്മുസ്ലിം ജനവിഭാഗങ്ങൾ സിപിഐ എമ്മിനെ സ്വാഗതംചെയ്യുന്ന സാഹചര്യമാണിന്നുള്ളത്. അതിനാൽ വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള നീക്കം കേരളത്തിൽ വിജയിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ച് പ്രവർത്തിക്കാൻ കേന്ദ്രത്തെ ആർഎസ്എസ് അനുവദിക്കുന്നില്ല. ഫെഡറൽ സംവിധാനം അട്ടിമറിക്കുന്നു . കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന കോർപ്പറേറ്റ് ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നത്. കോർപ്പറേറ്റുകളുടെ 10 ലക്ഷം കോടിക്ഷോണ് എഴുതിത്ത്തള്ളിയത്. എന്നാൽ കർഷകരെയും മത്സ്യത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളാൻ കേന്ദ്രം തയ്യാറല്ല. ലോകത്തെ ദരിദ്രരിൽ 60ശതമാനവും ഇന്ത്യയിലാണ്.

ഇവിടെ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. കാർഷികമേഖല കോർപ്പറേറ്റുകൾക്ക് നൽകാൻ നീക്കം നടന്നു. രാജ്യത്ത് തൊഴിൽ നിയമം ഭേദഗതി ചെയ്തു. ഇതിനെതിരെ ശബ്ദിച്ചാൽ അടിച്ചമർത്തും. അമിതാധികാര ഭരണമാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റി. യുഎപിഎ കേസുകൾ വർദ്ധിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമർത്താൻ നോക്കുകയാണെന്നും കോടിയേരി പറഞ്ഞു.