തിരുവനന്തപുരം: ലഹരിമരുന്ന് കടത്തിന് ബംഗളൂരുവിൽ പിടിയിലായ മുഹമ്മദ് അനൂപിന്റെ ബോസ് ബിനേഷ് കോടിയേരിയാണെന്ന് സൂചന. എൻസിബി നടത്തിയ ചോദ്യം ചെയ്യലിലാണ് ബോസ് എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണ് എന്ന് അനൂപ് വെളിപ്പെടുത്തിയത്.

സാമ്പത്തികമായി തന്നെ കുടുക്കിലാക്കി ബിനീഷ് തന്നെ ലഹരി മരുന്ന് കടത്തിൽ തുടർച്ചയായി ബിനീഷ് ഉപയോഗിക്കുകയായിരുന്നു എന്നാണ് അനൂപ് മൊഴി നൽകിയത്. 'റഷ്യൻ സീക്രട്ട്' എന്ന പുതിയ ലഹരിമരുന്ന് പ്രചരിപ്പിക്കാനെത്തിയ റഷ്യൻ സംഗീതജ്ഞൻ വാസ്ലി മാർക്കലോവിനെ കൊച്ചിയിലെ ലഹരി മരുന്ന് കേസിൽ നിന്നും രക്ഷപ്പെടുത്തിയത് ബിനീഷ് ആണെന്നാണ് എൻസിബിക്ക് മുന്നിൽ അനൂപ് മൊഴി നൽകിയത്.

റഷ്യൻ സംഗീതജ്ഞനെ രക്ഷിക്കാൻ തന്റെ ബോസ് ആണ് പൊലീസിനെ സ്വാധീനിച്ച് സാംപിൾ മാറ്റിയത് എന്നാണ് അനൂപ് മൊഴി നൽകിയത്. ആരാണ് ബോസ് എന്ന ചോദ്യത്തിനാണ് ബിനീഷ് കോടിയേരി എന്ന ഉത്തരം അനൂപ് നൽകിയത്. റഷ്യൻ സംഗീതജ്ഞൻ വാസ്ലി മാർക്കലോവിനെ കേരളത്തിൽ എത്തിച്ചത് അനൂപ് മുഹമ്മദ് പങ്കാളിയായ ലഹരി മരുന്ന് റാക്കറ്റ് ആണ്. കേരളത്തിൽ റഷ്യൻ സീക്രട്ടിനു മാർക്കറ്റ് ഉണ്ടാക്കാനാണ് റഷ്യൻ സംഗീതജ്ഞനെ കൊച്ചിയിൽ എത്തിച്ചത്. സംഗീതരാവിന്റെ മറവിൽ ലഹരിപ്പാർട്ടിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലേ മേറിഡിയനിൽ നടന്നത്.

വാസ്ലി മാർക്കലോവിനെ ലഹരിക്കെസിൽ നിന്നും രക്ഷിക്കാൻ സാംപിളിൽ തിരിമറി നടത്തിയത് ബിനീഷ് കോടിയേരി ആണ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരള പൊലീസിനെ സ്വാധീനിച്ചാണ് ബിനീഷ് സാംപിളിൽ തിരിമറി നടത്തിയത്. തൊണ്ടി മുതൽ ലഹരി മരുന്ന് അല്ലെന്നു പരിശോധനാ ഫലം വന്നതോടെ കൊച്ചിയിലെ ലഹരിമരുന്നു കേസ് അട്ടിമറിക്കപ്പെട്ടു. പൊലീസ് യഥാർത്ഥത്തിൽ പിടിച്ചെടുത്തത് 'റഷ്യൻ സീക്രട്ട്' എന്ന ലഹരി മരുന്ന് തന്നെയായിരുന്നു.

കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിലേക്ക് പോയ സാംപിളിലാണു തിരിമറി നടത്തിയത്. തോണ്ടി മുതൽ ലഹരിമരുന്നു അല്ലെന്നു റിസൾട്ട് വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു. വാസ്ലി മാർക്കലോവ് നൈസായി ഊരിപ്പോരുകയും ചെയ്തു. . വാസ്ലി മാർക്കലോവിനെ രക്ഷിക്കാനും ലഹരി മരുന്ന് കേസ് അട്ടിമറിക്കാനും ശ്രമങ്ങൾ ശക്തമായതായി അന്ന് തന്നെ ആരോപണം വന്നിരുന്നു. പക്ഷെ തെളിവുകൾ നഷ്ടമായതോടെ ലഹരിമരുന്നു കേസ് തുമ്പില്ലാതായി. ഇതേ കേസിൽ അറസ്റ്റിലായ ഡിജെയായ മിഥുൻ സി വിലാസിന്റെ മൊഴികൾ അന്വേഷണ സംഘം മാറ്റിപ്പറയിക്കുകയും ചെയ്തു. എല്ലാം കൊച്ചിയിലെ ലഹരിക്കേസിനു തുമ്പില്ലാതാക്കാൻ.

കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലായ ലെ മെറിഡിയനിലാണ് 2015 മെയ്‌ 24 നു വിവാദ ലഹരിപ്പാർട്ടി നടന്നത്. കേരളത്തിൽ റഷ്യൻ സീക്രട്ട് പ്രചരിപ്പിക്കാനാണ് വാസ്ലി മാർക്കലോവ് എത്തിയത്. അനൂപ് ഉൾപ്പെട്ട റാക്കറ്റ് ഇയാളെ കേരളത്തിൽ എത്തിക്കുകയായിരുന്നു. പക്ഷെ വിവരം ചോർന്നു. ലഹരിപ്പാർട്ടി അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് വാസ്ലി മാർക്കലോവിന്റെ പക്കൽ നിന്നും റഷ്യൻ സീക്രട്ട് കണ്ടെത്തിയത്. പൊലീസ് സംഘം വാസ്ലി മാർക്കലോവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ബിനീഷിന്റെ ഇടപെടൽ വന്നത്. ബിനീഷിന്റെ സ്വാധീന ശക്തിക്ക് മുൻപിൽ കൊച്ചി പൊലീസ് വഴങ്ങുകയായിരുന്നു.ഇതോടെയാണ് ലഹരിമരുന്നു കേസ് അട്ടിമറിഞ്ഞത്. അനൂപിന്റെ ശക്തമായ മൊഴികളുടെ ബലത്തിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനുള്ള ആലോചനയിലാണ് എൻസിബി.

അതേസമയം ഇന്നു രാവിലെ ബിനീഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ കമ്മിഷൻ ഇടപാടുകളിൽ മൊഴി രേഖപ്പെടുത്താനാണ് വിളിച്ചത്. രാവിലെ പതിനൊന്നിനു ഹാജരാകാനാണ് പറഞ്ഞതെങ്കിലും പറഞ്ഞ സമയത്തിനും മുൻപ് തന്നെ ബിനീഷ് ഹാജരായിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ലോക്കറിലും ബാങ്കിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച സ്വപ്നയുടെ വെളിപ്പെടുത്തലുകളാണു ബിനീഷിന്റെ മൊഴി രേഖപ്പെടുത്താൻ ഇഡിയെ പ്രേരിപ്പിച്ചത്.

ഈ പണം തന്റെയല്ലാ എന്നാണു സ്വപ്ന മൊഴി നൽകിയത്. ഈ പണം ആരുടെതാണ് എന്നറിയാൻ കൂടിയാണ് ബിനീഷിന്റെ ചോദ്യം ചെയ്യൽ. മൂന്നു കമ്പനികളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ തുടർന്നാണ് ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സംശയമുനയിൽ വന്നിരിക്കുന്നത്. 2018 ൽ തുടങ്ങിയ യുഎഎഫ് എക്‌സ് സൊല്യൂഷൻസൺസ്. ബിനീഷിന് പങ്കാളിത്തമുള്ള ഈ കമ്പനി വഴി കമ്മിഷൻ ലഭിച്ചതായി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിലെ ഡയറക്ടർമാരിലൊരാളായിട്ടുള്ള അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന വിവരം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

മയക്കുമരുന്ന് സംഘങ്ങളുമായി സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ മുഹമ്മദ് അനൂപിനെ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബിനീഷിനു അനൂപുമായി അടുത്ത ബന്ധമുണ്ട്. ബിനീഷിന്റെ രണ്ടു കടലാസ് കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കള്ളപ്പണ ഇടപാടുകൾക്കും വിദേശകറൻസി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്പനികൾ മാത്രമായിരുന്നു ഇവയെന്ന ബലമായ സംശയത്തിലാണ് ഇഡി.

ബെംഗളൂരു ലഹരികടത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഈ കമ്പനികളുടെ മറവിൽ വിദേശത്തും സ്വദേശത്തും കള്ളപ്പണ ഇടപാടുകൾ നടത്തിയതായും സൂചനയുണ്ട്. ഇവയിലൊക്കെ വ്യക്തത വരുത്താനാണ് ബിനീഷ് കോടിയേരിയെ അന്വേഷണസംഘം വിളിപ്പിച്ചിരിക്കുന്നത്.