- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതീക്ഷിച്ചത് കേരളാ കോൺഗ്രസ് അംഗം മറുകണ്ടം ചാടുമെന്ന്; സകലരെയും ഞെട്ടിച്ചു കൊണ്ട് ക്ലൈമാക്സിൽ ട്വിസ്റ്റ്; കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ കോയിപ്രം പഞ്ചായത്തിൽ യുഡിഎഫ് ഭരണ സമിതി പുറത്ത്: ഇത് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസിന്റെ വിജയം
പത്തനംതിട്ട: കോൺഗ്രസിലെ മുതിർന്ന നേതാവ് പിജെ കുര്യന്റെ പിടിവാശി മൂലം ജില്ലയിൽ യുഡിഎഫ് ഭരിച്ചു കൊണ്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒന്നൊന്നായി എൽഡിഎഫ് കൈക്കലാക്കുകയാണ്. പിജെ കുര്യന്റെ തട്ടകത്തിൽ വർഷങ്ങളായി കോൺഗ്രസ് കൈവശം വച്ച് അനുഭവിച്ചു കൊണ്ടിരുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കഴിഞ്ഞ മാസം എൽഡിഎഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്തിരുന്നു. കോഴഞ്ചേരി മേലുകര സർവീസ് സഹകരണ ബാങ്കിലും ഇതേ അട്ടിമറി ആവർത്തിച്ചു.
ഇന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായി. കേരളാ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാകും അട്ടിമറി എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, നടന്നത് മറിച്ചാണ്. കോൺഗ്രസ് പാളയത്തിൽ നിന്നുള്ള ഉണ്ണി പ്ലാച്ചേരിയാണ് മറുകണ്ടം ചാടിയത്. ഇതോടെ രാവിലെ പ്രസിഡന്റും ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്തായി. പ്രസിഡന്റ് ജിജി ജോൺ മാത്യു, വൈസ് പ്രസിഡന്റ് ലാലു തോമസ് എന്നിവരാണ് പുറത്തു പോയത്.
13 അംഗ ഭരണ സമിതിയിൽ യുഡിഎഫ്- ഏഴ്, എൽഡിഎഫ്-ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്ലാങ്കമൺ ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗമാണ് ഉണ്ണി പ്ലാച്ചേരി. യുഡിഎഫിലെ മറ്റ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
മുൻ എഐസിസി അംഗവും ഡിസിസി പ്രസിഡന്റുമൊക്കെയായിരുന്ന പീലിപ്പോസ് തോമസിന്റെ നേതൃത്വത്തിലാണ് അട്ടിമറി നടന്നത്. പിജെ കുര്യനേക്കാൾ രാഷ്ട്രീയ നയതന്ത്രജ്ഞത ഏറെയുള്ള പീലിപ്പോസ് തോമസിന്റെ കരുനീക്കം തന്നെ സിപിഎം ജില്ലാ കമ്മറ്റിയിൽ എത്തിച്ചതിനുള്ള പ്രത്യുപകാരം കൂടിയായി. സിപിഎം ഇരവിപേരൂർ ഏരിയ സെക്രട്ടറി കൂടിയാണ് പീലിപ്പോസ് തോമസ്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിആർ മുരളീധരൻ നായർ വരണാധികാരിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ശോശാമ്മ ജോസഫ്, കെ. കെ. വത്സല, സൂസൻ ഫിലിപ്പ് എന്നിവരാണ് എൽഡിഎഫിൽനിന്നുള്ള വനിതാ അംഗങ്ങൾ. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തും യുഡിഎഫ് അംഗമായിരുന്ന പ്രസിഡന്റ് നിർമല മാത്യൂസിനെ അവിശ്വാസത്തിലൂടെ എൽഡിഎഫ് പുറത്താക്കിയിരുന്നു. അന്ന് കേരള കോൺഗ്രസ് അംഗമായിരുന്ന സൂസൻ ജോർജിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി പിന്തുണ നേടിയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്.
യുഡിഎഫ് പക്ഷത്ത് ആകെയുള്ള ഏഴംഗങ്ങളിൽ ആറും ക്രൈസ്തവരാണ്. ഉണ്ണി പ്ലാച്ചേരി ഈഴവ സമുദായാംഗവും. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ആ സ്ഥിതിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ഈഴവനായ ഉണ്ണിക്ക് നൽകണമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, തന്റെ വിശ്വസ്തനായ ലാലു തോമസിന് വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് കുര്യൻ വാശി പിടിക്കുകയായിരുന്നു. അന്നു മുതൽ ഉണ്ണി പ്ലാച്ചേരി അസംതൃപ്തനായിരുന്നു.
കോയിപ്രം ബ്ലോക്കിൽ ഭരണം പിടിക്കുന്നതിനായി ആദ്യം കേരളാ കോൺഗ്രസിന്റെ വനിതാ അംഗത്തെയാണ് ചാക്കിട്ടു പിടിച്ചത്. എന്നാൽ, ഇത് നടക്കാതെ വന്നപ്പോഴാണ് ഉണ്ണിയെ പീലിപ്പോസ് തോമസിന്റെ നേതൃത്വത്തിൽ സമീപിച്ചത്. കോൺഗ്രസുകാരോട് പക വീട്ടാൻ കാത്തിരുന്ന ഉണ്ണി താൻ അയോഗ്യനാക്കപ്പെട്ടേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെ വിപ്പ് ലംഘിക്കുകയായിരുന്നു.