- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാരണം കാണിക്കൽ നോട്ടിസിന് വീശദീകരണം നൽകില്ലെന്ന വാശിയിൽ മാന്ധംകുണ്ട് സഖാക്കൾ; പാർട്ടി നടപടി വരുന്നതിന് മുൻപേ റിസിഡൻസ് അസോസിയേഷന്റെ പേരിൽ സമാന്തര സംഘടന; കക്ഷി രാഷ്ട്രീയത്തിന് അതീതമെന്ന് വിമതർ പറയുമ്പോഴും സംഘടനയിൽ പാർട്ടിക്ക് ആശങ്ക; തൽകാലം കോമത്തിനെതിരെ സിപിഎം നടപടി എടുക്കില്ല

കാരണം കാണിക്കൽ നോട്ടിസിന് വീശദീകരണം നൽകില്ലെന്ന വാശിയിൽ മാന്ധംകുണ്ട് സഖാക്കൾ; പാർട്ടി നടപടി വരുന്നതിന് മുൻപേ റിസഡൻസ് അസോസിയേഷന്റെ പേരിൽ സമാന്തര സംഘടന; കക്ഷി രാഷ്ട്രീയത്തിന് അതീതമെന്ന് വിമതർ പറയുമ്പോഴും സംഘടനയിൽ പാർട്ടിക്ക് ആശങ്ക; തൽകാലം കോമത്തിനെതിരെ സിപിഎം നടപടി എടുക്കില്ല
കണ്ണൂർ: ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെ പ്രതിരോധിച്ച വയൽ കിളികൾ നടത്തിയ കർഷക സമരത്തിന്റെ പേരിൽ രാജ്യമാകെ ശ്രദ്ധേയമായ കീഴാറ്റൂർ മാന്ധം കുണ്ടിൽ ഇടഞ്ഞു നിൽക്കുന്ന സിപിഎം വിമതർ മറ്റൊരു സംഘടന രൂപീകരിച്ചു. വിമത വിഭാഗം പ്രത്യേക സംഘടനരൂപീകരിച്ചതോടെ പാർട്ടി ഗ്രാമത്തിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്.
സി.പി. എം മുൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരാണ് മാന്ധം കുണ്ട് റസിഡന്റ്സ് അസോസിയേഷനെന്ന പേരിൽ സംഘടനരൂപീകരിച്ചത്. കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയ ബ്രാഞ്ചു സെക്രട്ടറിയുൾപ്പെടെയുള്ള നൂറുപേർ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. തുടർക്കത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയെന്ന രീതിയിലാണ് റസിഡന്റ്സ് അസോസിയേഷൻ രൂപീകരണ ലക്ഷ്യത്തെ കുറിച്ചു പറയുന്നതെങ്കിലും സി.പി. എം നേതൃത്വം സംശയദൃഷ്ടിയോടെയാണ് റസിഡന്റ് അസോസിയേഷൻ രൂപീകരണത്തെ കാണുന്നത്.
കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയ സി.പി. എം ബ്രാഞ്ച് സെക്രട്ടറി ഡി. എം ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റസിഡന്റ് അസോസിയേഷൻ രൂപീകരിച്ചത്. രാജിവെച്ച മറ്റൊരു ബ്രാഞ്ച് സെക്രട്ടറി കെ.സതീശനും രൂപീകരണയോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്ത്രീകളടക്കം നൂറോളം പേരാണ് രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. ഇതിനിടെ ഏതെങ്കിലും ഒരു പാർട്ടിക്കോ സംഘടനയ്ക്കോയെതിരല്ല റസിഡന്റ് അസോസിയേഷനെന്നു രൂപീകരണ യോഗത്തിൽ വ്യക്തമായിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷന്റെ മറവിൽ പാർട്ടി വിരുദ്ധർ ഒന്നിക്കുന്നുവെന്ന സംശയമുണ്ടെങ്കിലും പരസ്യമായി എതിർക്കേണ്ടെയെന്നാണ് സി.പി. എം നേതൃത്വത്തിന്റെ തീരുമാനം.
എന്നാൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെ പ്രകടനം നടത്തിയതിന് നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സോഷ്യൽമീഡിയയിൽ പരസ്യവിമർശനമുന്നയിച്ച ഒരാൾക്കു കൂടി സി. പി. എം നേതൃത്വം നോട്ടിസ് നൽകിയിട്ടുണ്ട്. സച്ചിനെന്ന പാർട്ടി അംഗത്തിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതോടെ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ കോമത്ത് മുരളീധരനുൾപ്പെടെ ആറുപേർക്കെതിരെ സി.പി. എം നോട്ടീസ് നൽകിയിട്ടുണ്ട്.
നോട്ടിസ് നൽകിയവർ വിശദീകരണം നൽകാനുള്ള തീയ്യതി ഇന്നാണ് അവസാനിക്കുന്നത്്. എന്നാൽ ഇവർ വിശദീകരണം നൽകില്ലെന്നലാണ് സൂചന. ജില്ലാ നേതൃത്വം അനുകൂലിക്കാതിരുന്നിട്ടും ലോക്കൽ നേതൃത്വം അച്ചടക്കനടപടിയുമായി മുൻപോട്ടുപോകുന്നതെന്നാണ് ഇവരുടെ ആരോപണം. അതേ സമയം മുതിർന്ന നേതാക്കളുടെ കീഴിൽ ഇടഞ്ഞു നിൽക്കുന്നവരെ വീടുകളിൽ കയറി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഒരുവശത്തു നിന്നും നടക്കുന്നുണ്ട്.പാർട്ടി ഗ്രാമത്തിൽ റസിഡൻസ് അസോസിയേഷൻ സംഘടന രൂപീകരിച്ചു പ്രവർത്തനങ്ങൾ മുൻപോട്ടു പോകാനാണ് കോമത്തിനെ അനുകൂലിക്കുന്നവർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ മാന്ധം കുണ്ടു വിഷയത്തിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചവരെ പുറത്താക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട് കഴിഞ്ഞ ദിവസം നടന്ന സിപിഎം ബക്കളം ലോക്കൽ സമ്മേളനത്തിലുൾപ്പെടെ മാന്ധം കുണ്ടിൽ പാർട്ടിയെ വെല്ലുവിളിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.


