കൊണ്ടോട്ടി:കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പതിനഞ്ചുകാരൻ പൊലീസ് കസ്റ്റഡിയിൽ. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തിൽ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെൺകുട്ടി നൽകിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേൽപ്പിച്ചിരുന്നു.

കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്.സമീപത്തെ രണ്ട് വീടുകളിലും ആൾതാമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്‌പി പി കെ അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ആശുപത്രി വിട്ടു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കൊണ്ടോട്ടി കോട്ടൂക്കര നെടിയിരിപ്പിൽ വെച്ച് 21 കാരിയായ കോളജ് വിദ്യാർത്ഥിനിക്ക് നേരെ അക്രമമുണ്ടായത്. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചതെന്നും, പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

കോളജിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. ബലാത്സംഗ ശ്രമം തടുത്തപ്പോൾ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. ബലാൽസംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു.

വിവരം പുറത്തുപറഞ്ഞാൽ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അർധനഗ്നയായാണ് പെൺകുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാർത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. ഷാൾ വായിൽ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തിൽ മർദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.