- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂഡോ മുറകൾ പഠിച്ച പ്രതി പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു; ഇരയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് ഉചിത സ്ഥലം നിശ്ചയിച്ച് പീഡന ശ്രമം; പതിനെഞ്ച് വയസ്സെങ്കിലും മാനസികവളർച്ച എത്തിയതായി കണ്ടെത്തിയാൽ പയ്യൻ കുടുങ്ങും
മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കര കോടങ്ങാട് വിദ്യാർത്ഥിയെ ബലാത്സംഗംചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറണോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. 15- 18നും ഇടയിൽ പ്രായമുള്ളവർ ബലാത്സംഗംപോലുള്ള കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടാൽ അവരുടെ മാനസികവളർച്ച പരിശോധിച്ച് മെഡിക്കൽ ബോർഡാണ് വിചാരണ തീരുമാനിക്കുക. മാനസികവളർച്ച എത്തിയതായി കണ്ടെത്തിയാൽ വിചാരണ സിജെഎം കോടതിക്ക് കൈമാറും.
തെളിവുകൾ പൂർണമായും പ്രതിക്ക് എതിരാണ്. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ ചെരിപ്പും വീട്ടിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളും ശരീരത്തിലേറ്റ മുറിവുകളും കേസിൽ നിർണായകമാണ്. ക്രിമിനൽ പശ്ചാത്തലമില്ലെന്നതു മാത്രമാണ് പ്രതിക്ക് തുണ. ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷമാണ് പ്രായപൂർത്തിയാകാത്തവർ പ്രതികളായ കേസിൽ 15 വയസ് പൂർത്തിയായവരുടെ കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.
ആളൊഴിഞ്ഞ വയൽപ്രദേശത്തെ റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ പതിനഞ്ചുകാരനാണ് പിടിയിലായത്. ഇരുപത്തൊന്നുകാരിയായ വിദ്യാർത്ഥിനിയുടെ വീടിന്റെ സമീപപ്രദേശത്തുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. പിടിയിലായ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ ശേഷം കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്കു മാറ്റി.
കൊണ്ടോട്ടിയിലേക്ക് പഠന ആവശ്യത്തിനായി പോവുകയായിരുന്നു വിദ്യാർത്ഥിനി. വയൽപ്രദേശത്തെ റോഡിലൂടെ പോകുമ്പോൾ ആക്രമിച്ച ശേഷം റോഡിനോടു ചേർന്ന തോട്ടത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനി രക്ഷപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. വിദ്യാർത്ഥിനിയുടെ കൈകൾ കെട്ടിയ നിലയിലായിരുന്നുവെന്നു ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു. പറഞ്ഞു. ഉടൻതന്നെ നാട്ടുകാരും പിന്നീട് പൊലീസും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഡിവൈഎസ്‌പി കെ.അഷ്‌റഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
പെൺകുട്ടി നൽകിയ മൊഴിയനുസരിച്ചു നടത്തിയ ഊർജിത അന്വേഷണമാണ് പതിനഞ്ചുകാരനിലേക്ക് എത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ബലപ്രയോഗത്തിനിടയിൽ പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളും പ്രധാന സൂചനയായി. നായ ഓടിച്ചതിനെ തുടർന്ന് മുറിവേറ്റതാണെന്ന് ആദ്യം പറഞ്ഞ പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 15-കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോൾ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നൽകിയത്. കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15-കാരൻ പറഞ്ഞത്. എന്നാൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബലാത്സംഗ ശ്രമം ആസൂത്രിതമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ച പ്രതി ഉചിത സ്ഥലം നേരത്തെ നിശ്ചയിച്ചുറപ്പിച്ചാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയെ ആക്രമിക്കാൻ പ്രതി സ്വീകരിച്ച രീതികൾ ഇത് തെളിയിക്കുന്നു. പ്രതി വഴിയരികിലെ കടകളിൽ നിന്നിരുന്നതായി പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെവച്ചാണ് സംഭവം.
ആളൊഴിഞ്ഞ പറമ്പിലേക്കാണ് പെൺകുട്ടിയെ വലിച്ചിഴച്ചത്. മതിലിനുമുകളിലൂടെ തന്നെ പൊക്കിയെറിഞ്ഞു എന്നാണ് പെൺകുട്ടിയുടെ മൊഴി. ജൂഡോ മുറകൾ പഠിച്ച പ്രതി പെൺകുട്ടിയെ ക്രൂരമായാണ് ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. പ്രത്യാക്രമണത്തിൽ പ്രതി പതറിയതുകൊണ്ടുമാത്രമാണ് പെൺകുട്ടിക്ക് രക്ഷപ്പെടാനായത്.
സമൂഹമാധ്യമങ്ങളുടെ നിരന്തര ഉപയോഗമാകാം പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പഴുതടച്ച അന്വേഷണത്തിലൂടെയാണ് പൊലീസ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്‌റഫ്, സിഐ എം സി പ്രമോദ്, എസ്‌ഐമാരായ പി കെ അഹമ്മദ്കുട്ടി, എം അജാസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ