- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം പേരിലുള്ള വസ്തു മാതാവിന്റെയാണെന്ന് പറഞ്ഞ് മുൻ സെക്രട്ടറി ഗ്യാസ് ഗോഡൗൺ നിർമ്മിക്കാൻ ബാങ്കിന് പാട്ടത്തിന് കൊടുത്തു; ഇതേ വസ്തു മറ്റൊരു ബാങ്കിൽ ഈട് വച്ച് എടുത്തത് 25 ലക്ഷം രൂപയും; കോന്നി റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് 34 ലക്ഷം രൂപയുടെ നഷ്ടം; മുൻ പ്രസിഡന്റ്, സെക്രട്ടറി, സെക്രട്ടറിയുടെ മാതാവ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു
കോന്നി: റീജണൽ സഹകരണ ബാങ്കിനെ പറ്റിച്ച് 34 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ മുൻ സെക്രട്ടറി ഷൈലജ, പ്രസിഡന്റ് ശ്രീനിവാസൻ, ഷൈലജയുടെ മാതാവ് വിജയലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നിലവിലെ പ്രസിഡന്റ് തുളസീമണിയമ്മ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികൾ മൂവരും ചേർന്ന് വ്യാജരേഖ ചമച്ചും മറ്റും 34 ലക്ഷം രൂപയുടെ നഷ്ടം ബാങ്കിന് വരുത്തിയെന്ന് തുളസീമണിയമ്മയുടെ മൊഴിയിൽ പറയുന്നു.
ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിക്ക് ഗോഡൗൺ നിർമ്മിക്കുന്നതിന് വേണ്ടി 2015 മാർച്ച് 21 ന് ഷൈലജയുടെ മാതാവിന്റെ പേരിലുള്ളതെന്ന് പറഞ്ഞ് ഇളകൊള്ളൂരിലെ 30 സെന്റ് സ്ഥലം 10 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. അരലക്ഷം രൂപ സെക്യൂരിറ്റിയും 10,000 രൂപ പ്രതിമാസ വാടകയും നിശ്ചയിച്ചാണ് ഭൂമി നൽകിയത്. ഇവിടെ ബാങ്ക് ഗ്യാസ് ഗോഡൗൺ നിർമ്മിക്കുകയും ചെയ്തു.
2020-21 കാലഘട്ടത്തിലെ ബാങ്കിൽ നടന്ന ഓഡിറ്റിൽ പാട്ടത്തിനെടുത്ത വസ്തു ഷൈലജയുടെ മാതാവിന്റെ പേരിലുള്ളത് അല്ലെന്ന് കണ്ടെത്തി. തുടർന്ന് പാട്ടരേഖകൾ പരിശോധിച്ചപ്പോൾ വസ്തു ഷൈലജയുടെ പേരിലാണെന്ന് കണ്ടെത്തി. 2013 ൽ ഈ വസ്തു മാതാവ് വിജയലക്ഷ്മിക്കുട്ടിയമ്മ ഷൈലജയുടെ പേരിൽ എഴുതി നൽകിയിരുന്നതായും മനസിലായി.
മാത്രവുമല്ല പാട്ടഭൂമിയുടെ ബാധ്യതാ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ വസ്തുവിന്റെ പ്രമാണം ഈടു വച്ച് ഇളകൊള്ളൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തുവെന്നുമുള്ള വിവരങ്ങൾ പുറത്തു വന്നു. ഇതോടെയാണ് തുളസീമണിയമ്മ പൊലീസിൽ പരാതി നൽകിയത്. കോന്നി ആർ.സി.ബിക്ക് ഈ വകയിൽ 34 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുൻ പ്രസിഡന്റ് ശ്രീനിവാസൻ സിപിഎം ഏരിയാ കമ്മറ്റിയംഗമായിരുന്നു.
ആർ.സി.ബിയിൽ നടന്ന ക്രമക്കേടുകൾ പുറത്തായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ശ്രീനിവാസൻ പിന്നീട് സിപിഐയിൽ ചേർന്നെങ്കിലും സജീവമല്ല. ഇയാളുടെ ബന്ധുവാണ് ഷൈലജ. ആർസിബിയിൽ നടന്ന വൻ ക്രമക്കേടിന്റെ പേരിൽ സെക്രട്ടറി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈ കേസിൽ പ്രതികൾ മുൻകൂർ ജാമ്യത്തിൽ നിൽക്കുന്നതിനിടെയാണ് മറ്റൊരു തട്ടിപ്പ് കൂടി പുറത്തു വന്നിരിക്കുന്നത്.