- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിക്ഷേപത്തിന് നൽകിയ രസീതിൽ വ്യക്തമായി എഴുതിയിട്ടുള്ളത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് എന്ന്; പണം നിക്ഷേപിച്ചവർ കടലാസ് കമ്പനിയുടെ ഷെയർ ഹോൾഡർ; ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഷെയർ ഹോൾഡേഴ്സ് സഹിക്കണം; രസീത് വായിച്ചു നോക്കാത്തവർ വീണിരിക്കുന്നത് വൻ കുഴിയിൽ; പോപ്പുലർ ഫിനാൻസ് നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്: സമാന രീതിയിലുള്ള സ്ഥാപനങ്ങളും പിന്തുടരുന്നത് ഇതേ പാത തന്നെ
കോന്നി: വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസ് നിക്ഷപേകരെ പരസ്യമായി വഞ്ചിക്കുകയായിരുന്നുവെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകും. 12 ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപം ഇട്ടുവെന്നാണ് പണം കൊടുത്തവർ വിചാരിച്ചിരിക്കുന്നത്. പക്ഷേ, അവരുടെ കൈയിൽ കിട്ടിയ രസീതിൽ പറയുന്നത് ഇതൊരു ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ആണെന്നാണ്. പണവും കൊടുത്ത് രസീതും കൈപ്പറ്റിയവർ ഇതൊന്നും ശ്രദ്ധിക്കാതെ പോയതാണ് സ്ഥാപനം ഉടമകൾക്ക് തുണയായത്. അവർ കൃത്യമായി 12 ശതമാനം പലിശ നൽകിയും പോന്നു.
ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പിലേക്ക് (എൽഎൽപി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നൽകിയിരിക്കുന്നുവെന്നാണ് രസീതിൽ പറഞ്ഞിരുന്നത്. നിയമപരമായി നോക്കിയാൽ ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകൻ സഹിക്കണം. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ആർബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങൾ അത് മറികടക്കാനുള്ള മാർഗം ആലോചിച്ചത്. കേരളത്തിൽ നിരവധി സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങൾ നിധി ലിമിറ്റഡുമായി രംഗത്ത് വന്നു. ആർബിഐ നിയന്ത്രണം വന്നതോടെ പോപ്പുലർ ഫിനാൻസ് എട്ട് കടലാസ് സ്ഥാപനങ്ങൾ കൂടി തുടങ്ങി. പോപ്പുലർ ട്രേഡേഴ്സ്, മൈ പോപ്പുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി പോപ്പുലർ നിധി ലിമിറ്റഡ്, സാൻസ് പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, വകയാർ ലാബ്സ് എന്നിങ്ങനെയാണ് തട്ടിപ്പിന് കമ്പനികൾ രൂപീകരിച്ചത്.
സ്ഥിര നിക്ഷേപമാണെന്ന് കരുതി പണം ഇടുന്നവർക്ക് പോപ്പുലർ ഫിനാൻസിന്റെ ഒരു രേഖയും നൽകിയിരുന്നില്ല. പകരം നൽകിയിരുന്ന വിവിധ കമ്പനികളുടെ പേരിലുള്ള രസീതിൽ സർട്ടിഫിക്കേറ്റ് ഓഫ് കോൺട്രിബ്യൂഷൻ ടു എൽഎൽപി എന്നാണ് എഴുതിയിരുന്നത്. ഇത് നിക്ഷേപ സർട്ടിഫിക്കറ്റാണെന്ന് കരുതി നാളെകളിൽ കിട്ടാൻ പോകുന്ന വൻ ലാഭമോർത്ത് പലരും സ്വപ്നങ്ങൾ മെനഞ്ഞിരുന്നു. അതാണിപ്പോൾ തകർന്നിരിക്കുന്നത്.
കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും പോപ്പുലർ ഫിനാൻസിന്റെ പേരിലുള്ള പരാതികൾ വന്നിട്ടുണ്ട്. അതേ സമയം, പോപ്പുലർ ഫിനാൻസിന്റെ വകയാറിലെ ആസ്ഥാന മന്ദിരം മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. മിക്ക ശാഖകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സ്വർണം പണയം വച്ചിട്ടുള്ളവർക്ക് അത് മടക്കി നൽകുന്നതിന് വേണ്ടിയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. സ്ഥാപനം പൊട്ടുമെന്ന് നേരത്തേ മനസിലാക്കിയ മിക്ക ബ്രാഞ്ച് മാനേജർമാരും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്യുമ്പോൾ വെട്ടിലാകുന്ന് നൂറു കണക്കിന് നിക്ഷേപകരാണ്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. 2000 കോടിയോളം രൂപയാണ് ഈ സ്ഥാപനം പലരിൽ നിന്നായി നിക്ഷേപം വാങ്ങിയത്. ഇവരെ വെട്ടിലാക്കുന്നതാണ് നടപടി. അതിനിടെ ഉടമകളെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്യുന്നുമില്ല. അതിനിടെ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി പത്തനംതിട്ട ജില്ലാപൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു.
പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, മാനേജിങ് പാർട്നർ തോമസ് ഡാനിയേൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ പേരിലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി കോടതി അംഗീകരിച്ചാൽ രാജ്യത്തെ നിയമ നടപടികളിൽ നിന്ന് സ്ഥാപന ഉടമകൾക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തു നിക്ഷേപകർക്ക് കോടതി വഴി തുക വിതരണം ചെയ്യും. ഇതിനിടെ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ എന്ന റോയിക്കെതിരെ ജില്ലാ പൊലീസ് തിരച്ചിൽ (ലുക്ക് ഔട്ട്) നോട്ടിസ് ഇറക്കി. വിദേശത്തേക്കു കടക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും തിരച്ചിൽ നോട്ടിസ് നൽകിയിട്ടുണ്ട്.
1965-ൽ ടി.കെ. ഡാനിയേൽ എന്നയാൾ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലർ ഫിനാൻസ് എന്ന പേരിൽ വളർന്നത്. ചിട്ടിക്കമ്പനിക്കൊപ്പം സ്വർണം പണയത്തിന്മേൽ വായ്പകളും നൽകിയിരുന്നു. പിതാവിന് പിന്നാലെ മകൻ തോമസ് ഡാനിയേൽ എന്ന റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വർണപണ്ട പണയത്തിന് പുറമേ പലമേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി 274 ബ്രാഞ്ചുകളാണ് ഈ കമ്പനിക്കുള്ളത്. ഇത്രയും വലിയ നെറ്റ് വർക്കുള്ള കമ്പനിയാണ് പൊളിയുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം തട്ടിയെടുത്തതാണെന്ന ആരോപണവും അതിശക്തമാണ്. ബിനാമി പേരുകളിൽ ഇത് മാറ്റിയിട്ടുണ്ടാകാമെന്നാണ് ഉയരുന്ന സംശയം. ചിട്ടിതട്ടിപ്പിൽ തടുങ്ങി വൻ കമ്പനിയായി മാറിയ പോപ്പുലറിന്റെ തകർച്ചയ്ക്ക് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് സംശയം. വീടുപണി, വിവാഹം, വാർദ്ധക്യകാലത്തെ വരുമാനം എന്നീ ലക്ഷ്യങ്ങൾ വച്ചാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ കമ്പനി ഉടമകൾ വഞ്ചിച്ചതോടെ ഇവരെല്ലാം നിരാശരാണ്.
ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ മുങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പരാതി വന്നതാടെ കോന്നി പൊലീസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു.
നാലു വർഷമായി ബാങ്കിന്റെ പ്രവർത്തനം കുത്തഴിഞ്ഞരീതിയിൽ ആയിരുന്നു. ഉടമകൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ തുക നിക്ഷേപമായി നൽകിയവരാണ് നിലവിൽ പരാതിയുമായി പൊലീസിനെ ആശ്രയിച്ചിരിക്കുന്നത്. കോന്നിക്ക് പുറമേ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, മാന്നാർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലും പരാതികൾ കിട്ടിയിട്ടുണ്ട്. വൻ തുക നിക്ഷേപിച്ചവർ ഇപ്പോഴും മൗനം പാലിക്കുകയാണ്. വകയാറിലെ ഹെഡ് ഓഫീസ് അടഞ്ഞുകിടക്കുമ്പോഴും ബ്രാഞ്ചുകൾ പലയിടത്തും തുറക്കുന്നുണ്ട്. നിക്ഷേപകർ അവിടെയെത്തി ബഹളമുണ്ടാക്കുന്നു. ബ്രാഞ്ച് മാനേജർമാർ കേസിൽ കുടുങ്ങുമോ എന്ന ഭീതിയിലാണ്. ഇവർ മുൻകൈയെടുത്തതുകൊണ്ടാണ് ബ്രാഞ്ചുകളിൽ പലരും വൻ തുക നിക്ഷേപിച്ചത്.
നിക്ഷേപകരുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം സ്ഥാപനത്തിനും ഉടമയ്ക്കും എതിരെ വഞ്ചനക്കേസ് ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപമായി ബാങ്കിന്റെ വിവിധ ശാഖകളിൽ ഉണ്ടെന്നാണ് പൊലീസിന്റെ കണക്ക്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ച കൂടുതൽ പേർ പൊലീസിൽ പരാതി നൽകി. 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ചങ്ങനാശേരി സ്വദേശി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് 2 ലക്ഷം മുതൽ 4 ലക്ഷം വരെ നഷ്ടപ്പെട്ടതായി ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ നിക്ഷേപകർ പരാതി നൽകിയത്.
4 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു നിക്ഷേപകൻ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ വെസ്റ്റ് സ്റ്റേഷനിൽ 3 പേരാണ് പരാതി നൽകിയത്. 2 മുതൽ 4 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇവരുടെ പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്