- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളാ കോൺഗ്രസ് വളർന്നു പിളരുമ്പോഴും കോൺഗ്രസ് വഞ്ചി തിരുനക്കര തന്നെ! ജോസ് കെ മാണി പോയതോടെ കോട്ടയത്ത് കൂടുതൽ സീറ്റുകളിൽ മത്സരിക്കാമെന്ന കോൺഗ്രസ് മോഹം ഇക്കുറിയും സഫലമായേക്കില്ല; കാപ്പനും ജോർജ്ജും മുന്നണിയിലേക്ക് എത്തിയത് ജില്ലയിൽ കൂടുതൽ കിട്ടുക ഒരു സീറ്റു മാത്രം
കോട്ടയം: കേരളാ കോൺഗ്രസുകാർ കോട്ടയം ജില്ലയിലെ കോൺഗ്രസുകാർക്ക് എന്നുമൊരു തലവേദനയാണ്. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലങ്ങളിൽ പോലും ഇവർക്ക് സീറ്റു വിട്ടു കൊടുക്കേണ്ട അവസ്ഥയിൽ പരിതപിച്ചു കഴിയുകയായിരുന്നു കോട്ടയത്തെ കോൺഗ്രസുകാർ. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് പോയതോട് കോൺഗ്രസുകാർ ശരിക്കുമൊന്ന് സ്വപ്നം കണ്ടു വന്നതായിരുന്നു. അപ്പോഴാണ് പി സി ജോർജ്ജും മാണി സി കാപ്പനും യുഡിഎഫ് വഞ്ചിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്. ഇതു കൂടിയായപ്പോൾ കോൺഗ്രസുകാരുടെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ നിൽക്കുകയാണ്.
മാണി സി.കാപ്പനും പി.സി.ജോർജും യു.ഡി.എഫിലെത്തിയാൽ കോട്ടയത്ത് കൂടുതൽ സീറ്റുകളിലേക്ക് മത്സരിക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ സ്വപ്നം സഫലമാകില്ല. വർഷങ്ങളായി കോൺഗ്രസിന് കോട്ടയം ജില്ലയിൽ മൂന്നുസീറ്റുമാത്രമാണ് മത്സരിക്കാൻ കിട്ടുന്നത്. പുതുപ്പള്ളി, കോട്ടയം, വൈക്കം എന്നിവയാണ് ഈ സീറ്റുകൾ.
കേരള കോൺഗ്രസ് എം. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, പൂഞ്ഞാർ എന്നിവയിൽ മത്സരിക്കുന്നു. ജോസ് കെ. മാണി ഇടതിലേക്കുപോയതോടെ പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളിൽ കോൺഗ്രസിന് മത്സരിക്കാമെന്നാണ് നേതാക്കൾ കരുതിയിരുന്നത്.
സി.എഫ്. തോമസ് ജയിച്ച ചങ്ങനാശ്ശേരിയും മോൻസ് ജോസഫ് ജയിച്ച കടുത്തുരുത്തിയും നിലവിൽ ജോസഫ് ഗ്രൂപ്പിന്റെ അക്കൗണ്ടിലാണുള്ളത്. സിറ്റിങ് സീറ്റ് അതതുകക്ഷികൾക്ക് എന്ന തത്ത്വം പാലിച്ച് അവർക്കുതന്നെ നൽകേണ്ടിവന്നേക്കും. അല്ലെങ്കിൽ വെച്ചുമാറി മറ്റൊരു സീറ്റ് വിട്ടുകൊടുക്കണം.
എന്നാലും ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ഏറ്റെടുത്തുമത്സരിക്കാമെന്ന രീതിയിൽ കോൺഗ്രസിനുള്ളിൽ ചർച്ചകൾ നടന്നിരുന്നു. അവിടേക്ക് മത്സരിക്കാവുന്ന നേതാക്കളുടെ പേരുകളും അനൗദ്യോഗികമായി ചർച്ചചെയ്തു.
മാണി സി. കാപ്പൻ യു.ഡി.എഫിലെത്തിയാൽ പാലാ അദ്ദേഹത്തിനുനൽകും. പി.സി.ജോർജ് രണ്ടുസീറ്റാണ് ജില്ലയിൽ ചോദിച്ചത്. പൂഞ്ഞാറും മറ്റൊരു മണ്ഡലവും. ഇത് പാലായോ കാഞ്ഞിരപ്പള്ളിയോ ആകുന്നതാണ് അദ്ദേഹത്തിനുതാത്പര്യം. ഈ വീതംവെപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ജില്ലയിൽ പ്രതീക്ഷിച്ചതിൽ രണ്ടുസീറ്റെങ്കിലും കുറയും.
കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നിവ കോൺഗ്രസും ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും ജോസഫ് ഗ്രൂപ്പും പാലാ കാപ്പനും പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പി.സി.ക്കും നൽകിയാൽ പിന്നെ ബാക്കിവരിക ഏറ്റുമാനൂർമാത്രമാണ്. ഇവിടെയാകട്ടെ കോൺഗ്രസിന് വിജയസാധ്യത കുറവാണ് താനും.
മറുനാടന് മലയാളി ബ്യൂറോ