- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇളയച്ഛാ, ഞങ്ങൾ ആസിഡ് കുടിച്ചു, ഇപ്പോൾ മരിക്കും; രാത്രി വീട്ടിലെത്തി സുവർണ നടുക്കുന്ന വിവരം പങ്കുവെച്ചത് ഇങ്ങനെ; നടുക്കം മാറാതെ സന്തോഷും കുടുംബവും; എന്തു ചെയ്യണം എന്നറിയാതെ ബന്ധുക്കളും; നാടിനെ കണ്ണീരിലാഴ്ത്തി ബ്രഹ്മമംഗലത്തെ ദുരന്തവും
കോട്ടയം: 'ഇളയച്ഛാ..ഞങ്ങൾ ആസിഡ് കുടിച്ചു. ഇപ്പോൾ മരിക്കും.' രാത്രി ഇളയച്ഛൻ സന്തോഷിന്റെ വീട്ടിലെത്തി സുവർണ പറഞ്ഞത് ഇങ്ങനെയാണ്. തലയോലപ്പറമ്പ് ബ്രഹ്മമംഗത്തെ നടുക്കിയ ദുരന്തമായിരുന്നു നടന്നത്. ജേഷ്ടന്റെ മകളുടെ വാക്കുകൾ ഇപ്പോഴും സന്തോഷിന്റെ നെഞ്ചിൽ തറയ്ക്കുകയാണ്. നടുക്കം ഇപ്പോഴും മാറിയിട്ടില്ല സുവർണയുടെ കുടുംബാംഗങ്ങൾക്ക്. ദുരന്തം തന്റെ കുടുംബത്തിൽ വന്നു കയറിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ വേദന ഉള്ളിലൊതുക്കിയിരിക്കുകയാണ് സുവർണയുടെ ഇളയച്ഛൻ സന്തോഷും കുടുംബവും.
സുകുമാരനും കുടുംബവും ഇന്നലെ രാത്രിയാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ സീന ഇന്നലെയും മൂത്തമകൾ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിലും സൂര്യയുടേത് മെഡിക്കൽ കോളേജ് മോർച്ചറിയിലുമാണ്. സുകുമാരൻ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണ്. ഇളയമകൾ സുവർണയെ വാർഡിലേക്ക് മാറ്റി. ബന്ധുക്കളെല്ലാം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തൊട്ടടുത്തുള്ള സുകുമാരന്റെ അനുജൻ സന്തോഷിന്റെ വീട്ടിലേക്കാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം ഓടിയെത്തുന്നത്.
തളർന്നിരിക്കുന്ന സന്തോഷിനെ സമാധാനിപ്പിക്കാൻ അവരെല്ലാം ശ്രമിക്കുന്നതും മറ്റൊരു കണ്ണീർക്കാഴ്ചയാണ്.സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്തമാസം 12 ന് നടത്താനിരുന്നതാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടയിലായിരുന്നു പെട്ടെന്ന് വരന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറിയത്. അതിന്റെ മാനസിക പ്രയാസത്തിലായിരുന്നു നാലംഗ കുടുംബം എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന സുകുമാരനും കുടുംബത്തിനും കടുത്ത സാമ്പത്തിക പ്രയാസങ്ങളും നേരിട്ടതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുന്നേയാണ് അടുത്ത ദുരന്ത വാർത്ത മലയാളികളെ തേടിയെത്തിയത്. സുകുമാരന്റെ നാട്ടുകാരെല്ലാം ഇപ്പോഴും ഞെട്ടലിലാണ്. എന്തിന് ഈ കടുംകൈ ചെയ്തെന്നാണ് പരസ്പരം അവർ ചോദിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ