- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതിയും മതവും സമുദായവും നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാൽ മതി! സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കൊണ്ടു വന്ന പേര് സാമുദായിക സന്തുലനത്തിന്റെ പേര് പറഞ്ഞ് വെട്ടി പ്രാദേശിക നേതൃത്വം; കോയിപ്രം ബ്ലോക്കിൽ ശോശാമ്മ ജോസഫ് പ്രസിഡന്റ്, ഉണ്ണി പ്ളാച്ചേരി വൈസ് പ്രസിഡന്റ്
കോഴഞ്ചേരി: ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും പ്രസംഗിക്കുന്ന സിപിഎം ആകെ മാറി. സാമുദായിക സന്തുലനം നോക്കി മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ അവരും നിർബന്ധിതരായി. കേഡർ സംവിധാനമൊക്കെ മാറ്റി വച്ച്, ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറി നോക്കിയിരിക്കേ സിപിഎം പ്രാദേശിക നേതൃത്വം അട്ടിമറിച്ചു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് സംഭവം. ജില്ലാ സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം അത് റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് അട്ടിമറിച്ചത്. സെക്രട്ടറിക്കും ഇത് ക്ഷീണമായി.
കോൺഗ്രസിലെ ഉണ്ണി പ്ളാച്ചേരിയുടെ സഹായത്തോടെ അവിശ്വാസത്തിലൂടെയാണ് നിലവിലുണ്ടായിരുന്ന യുഡിഎഫ് ഭരണ സമിതിയെ സിപിഎം പുറത്താക്കിയത്. വീണ്ടും നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ മുതിർന്ന നേതാവും ഏരിയാ കമ്മറ്റി അംഗവുമായ കെകെ വത്സലയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിക്കുക ആയിരുന്നു. ഇത് മുൻ കൂട്ടി അറിഞ്ഞ ഒരു വിഭാഗം സാമുദായിക സന്തുലനം വേണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു.
കോൺഗ്രസിൽ നിന്നും കൂറുമാറി വന്ന ഉണ്ണി പ്ലാച്ചേരിയെ വൈസ് പ്രസിഡന്റാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വത്സല പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതോടെ ഒരു വിഭാഗത്തെ ഒഴിവാക്കുകയാണെന്നും ഇവർ വാദിച്ചു. യുഡിഎഫിലെ പ്രശ്നം ഇത് തന്നെ ആയിരുന്നെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ സമുദായത്തിൽ നിന്നും വന്നതാണ് കൂറ് മാറ്റത്തിൽ വരെ എത്താൻ കാരണമെന്നും ഇവർ വാദിച്ചു. എന്നാൽ എ. പത്മകുമാർ അടക്കമുള്ള നേതാക്കൾ ഇതിനോട് യോജിച്ചില്ല. ഇവരുടെ ശക്തമായ പിന്തുണ വത്സലയ്ക്ക് ലഭിച്ചെങ്കിലും പ്രാദേശിക നേതാക്കൾ കടുത്ത നിലപാടിലേക്ക് വന്നു.
ഇതോടെ പലവട്ടം കൂടി ആലോചനകൾ നടത്തി. എന്നിട്ടും ഫലം കാണാതെ വന്നതോടെ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം മാറ്റേണ്ടി വരികയായിരുന്നു. മൂന്ന് വർഷം മുൻപും ഇത് തന്നെ ആയിരുന്നു സാഹചര്യം. അന്ന് ഭരണം കിട്ടിയപ്പോൾ ജിജി മാത്യുവിനെ പ്രസിഡന്റാക്കാനായിരുന്നു ജില്ലാ കമ്മറ്റി നിർദ്ദേശം. എന്നാൽ സജി കുമാറിന്റെ പേര് കൂടി വന്നതോടെ മുതിർന്ന നേതാക്കളായ ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ത ഗോപന്റെയും കെപി ഉദയഭാനുവിന്റെയും നേതൃത്വത്തിൽ ഒന്നിലധികം തവണ യോഗം ചേർന്നു. എന്നിട്ടും ഒത്തു തീർപ്പാകാതെ വന്നതോടെ അഡ്വ. ആർ. കൃഷ്ണകുമാർ പ്രസിഡന്റായി.
കഴിഞ്ഞ ദിവസം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ശോശാമ്മ ജോസഫ്, വൈസ് പ്രസിഡന്റായി കോൺഗ്രസ് വിമതൻ ഉണ്ണി പ്ലാച്ചേരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ ത്തെ തുടർന്ന് കോൺഗ്രസിലെ ജിജി ജോൺ മാത്യുവും ലാലു തോമസും പുറത്തായതിനെ തുടർന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണ സമിതിയിൽ വിജയിച്ചവർക്ക് ഏഴ് പേരുടെ പിന്തുണ ലഭിച്ചു. നേരത്തെ യുഡിഎഫ് ഏഴ്, എൽഡിഎഫ് ആറ് എന്നിങ്ങനെ ആയിരുന്നു കക്ഷി നില. കോൺഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരി ഇടതു പക്ഷത്തോടൊപ്പം ചേർന്നതോടെ ഇവർക്ക് ഏഴ് പേരുടെ പിന്തുണ ലഭിച്ചു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തും യുഡിഎഫ് അംഗമായിരുന്ന പ്രസിഡന്റ് നിർമല മാത്യൂസിനെ അവിശ്വാസത്തി ലൂടെ എൽഡിഎഫ് പുറത്താക്കിയിരുന്നു. അന്ന് കേരള കോൺഗ്രസ് അംഗമായിരുന്ന സൂസൻ ജോർജിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി പിന്തുണ നേടിയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ഇത്തവണയാകട്ടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് അംഗത്തെ തന്നെ എൽഡിഎഫ് പക്ഷത്തെത്തിച്ചാണ് അവിശ്വാസം പാസാക്കിയത്. ഇത്തവണയും ഏതാണ്ട് സമാനമായ കാര്യങ്ങളാണ് നടന്നത്.
കോയിപ്രം കൂടി നഷ്ടമായതോടെ ജില്ലയിൽ യുഡിഎഫ് ഭരണമുള്ള ബ്ലോക്ക് പഞ്ചായത്തുകൾ ഇല്ലാതെയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിപ്പ് ലംഘിച്ച് ഇടതു പക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്ത് വൈസ് പ്രസിഡന്റായ ഡിസിസി അംഗം ഉണ്ണി പ്ലാച്ചേരിയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. വിപ്പ് ലംഘിച്ചതിന് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അധികാരക്കൊതി മൂത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രലോഭന രാഷ്ട്രീയത്തിൽ വീണുപോയ ഉണ്ണി പ്ലാച്ചേരി യുഡിഎഫിന്റെ ലേബലിൽ വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.