- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് നിയമ ഭേദഗതി അസാധുവായി; ഓർഡിനൻസ് പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു; മുഖം രക്ഷിക്കാൻ സൈബർ സുരക്ഷയുടെ പേരിൽ പുതിയ ഭേദഗതി കൊണ്ടുവരാനൊരുങ്ങി പിണറായി സർക്കാർ
തിരുവനന്തപുരം വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ ഇടത് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി അസാധുവായി.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാനാണ് നിയമനിർമ്മാണത്തിനായി സർക്കാർ ഒരുങ്ങിയത്. ഇതിനായി പൊലീസ് ആക്ട് ഭേദഗതി വരുത്തി സർക്കാർ ഓർഡിനൻസ് ഇറക്കി. എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയായിരുന്നു ഭേദഗതി. എന്നാൽ ദേശീയതലത്തിൽ വരെ എതിർപ്പുയർന്നതോടെയാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഓർഡിനൻസ് പിൻവലിക്കാൻ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നിയമസഭയിൽ വിശദമായി ചർച്ച ചെയ്തശേഷം സൈബർ സുരക്ഷയ്ക്കായി പുതിയ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.
നിലവിലുള്ള പൊലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാർശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയായിരുന്നു വകുപ്പിലുണ്ടായിരുന്നത്.
ഈ മാസം 22ന് ഓർഡിനൻസ് പുറത്തിറങ്ങി. എന്നാൽ, പൊലീസ് നിയമ ഭേദഗതിയിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നു. സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമമെന്നും വിമർശനമുണ്ടായി. നിയമഭേദഗതി ചോദ്യം ചെയ്ത് യുഡിഎഫും ബിജെപിയും ഹൈക്കോടതിയിൽ ഹർജികൾ നൽകി. അതിനിടെ
സിപിഎം കേന്ദ്രനേതൃത്വവും പുതിയ നീക്കത്തെ എതിർത്തു. തുടർന്ന്, നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിയമം നടപ്പിലാക്കരുതെന്ന് ഡിജിപിയും നിർദ്ദേശം നൽകിയിരുന്നു.
ഗവർണർ ഒപ്പിട്ട ഓർഡിനൻസ് പിൻവലിക്കാൻ ഓർഡിനൻസ് ഇറക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സംഭവമായിരിക്കും ഇത്. ഗവർണർ ഒപ്പിട്ട് നാല്് ദിവസത്തിനുള്ളിൽ നിയമഭേദഗതി പിൻവലിക്കേണ്ടിവന്നത്. അതും ഓർഡിനൻസുകളുടെ ചരിത്രത്തിലെ നാണംകെട്ട ഏടായി. ഇത്രയും വേഗം മറ്റൊരു ഓർഡിനൻസിനും ചരമമടയേണ്ടിവന്നിട്ടില്ല. നിയമസഭ ചേരാത്തകാലത്താണ് ഓർഡിനൻസുകൾവഴി നിയമമുണ്ടാക്കുന്നത്. പിന്നീട് ഇത് നിയമസഭയിൽക്കൊണ്ടുവന്ന് നിയമമാക്കണം. എന്നാൽ, സഭ നിയമമാക്കാത്തതിനാൽ പല ഓർഡിനൻസുകൾക്കും സാധുത നഷ്ടപ്പെട്ടിട്ടുമുണ്ട്.
നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് മുമ്പ് ഓർഡിനൻസുകൾ പിൻവലിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണകാലത്ത് 1966-ൽ സർക്കാർ ജീവനക്കാരുടെയും വൈദ്യുതിമേഖലാ ജീവനക്കാരുടെയും സമരം അടിച്ചമർത്താൻ കേരള അവശ്യസേവന പരിപാലന ഓർഡിനൻസ് (എസ്മ) നിലവിൽ വന്നിരുന്നു. ഈ ഓർഡിനൻസ് 1967 ഡിസംബറിൽ കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് റദ്ദാക്കി. ആ ഓർഡിനൻസിന് 45 ദിവസംകൂടിയേ കാലാവധിയുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിനുമുമ്പുതന്നെ ഓർഡിൻസ് റദ്ദാക്കണമെന്ന രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നത്.
മറുനാടന് മലയാളി ബ്യൂറോ