കണ്ണൂർ: ആരോപണ വിധേയനായ നേതാവിനെ രണ്ടാഴ്‌ച്ചക്കകം തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്ത നടപടിയെ മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമങ്ങളിലൂടെ പ്രകീർത്തിക്കുന്നു. വനിതാ ലീഗ് നേതാവും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ യുവതിയോട് അധാർമ്മികമായി പെരുമാറുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് മുസ്ലിം ലീഗ് അഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ കെ.പി.എ. സലീമിനെതിരെ നടപടിയെടുത്തത്. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സലീമിനെ നീക്കം ചെയ്ത വിവരം മാധ്യമങ്ങൾക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിപ്പുണ്ടാവുകയും ചെയ്തു.

ആക്ടിങ് ജനറൽ സെക്രട്ടറിയായി വി.കെ. അഹമ്മദിനെ നിയോഗിച്ചതായും ജില്ലാ ലീഗ് ഓഫീസിൽ നിന്നും അറിയിച്ചു. ആദ്യം പരാതി ലഭിച്ച പാപ്പിനിശ്ശേരി പഞ്ചായത്ത് ലീഗ് കമ്മിറ്റി ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെങ്കിലും വനിതാ ലീഗ് നേതാവായ യുവതി മേൽകമ്മിറ്റിയെ സമീപിക്കുകയായിരുന്നു. അതോടെ മേൽ കമ്മിറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ഉടൻ തൽ സ്ഥാനത്തു നിന്നും ആരോപണ വിധേയനായ ജനറൽ സെക്രട്ടറിയെ മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് യുവതി മുസ്ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നൽകിയത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യത്തിൽ മതിയായ ജാഗ്രത കാണിച്ചില്ല.

പരാതിയിൽ യുവതി ഉറച്ച് നിന്നതോടെ വിവരം മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തു. അതോടെ സലീമിനെ സംരക്ഷിക്കാനിറങ്ങിയ നേതാക്കളും ഉൾ വലിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞ് മുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരിയും വിഷയത്തിൽ ഇടപെടുകയും അഴീക്കോട് മണ്ഡലം കമ്മിറ്റി യോഗം വിളിപ്പിക്കുകയും ചെയ്തു. ഈ യോഗത്തിൽ വെച്ച് സലീമിന്റെ രാജി കമ്മിറ്റി ഒന്നടക്കം ആവശ്യപ്പെടുകയായിരുന്നു. ലീഗിന്റെ ഈ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികളും പാഠമാക്കേണ്ടതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. യുവതി ലീഗ് പ്രാദേശിക ഘടകത്തിനും തുടർന്ന് മണ്ഡലം കമ്മിറ്റിക്കും നൽകിയ പരാതി ഇങ്ങിനെ.

മൂന്ന് വർഷമായി പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നല്ല രീതിയിൽ നിറവേറ്റി വരുകയാണ്. കൂടാതെ അതിനു മുമ്പും പാർട്ടിയുടെ പ്രതിനിധികളെ പ്രതിനിധാനം ചെയ്യുന്ന 16 ാം വാർഡിലും എന്നാൽ കഴിയുന്ന സഹായം ചെയ്യ്തു പോരുന്നുണ്ട്. ഈ കാലയളവിൽ നിരവധി വ്യക്തികളുമായും മറ്റും പരിചയപ്പെടാനും മെമ്പർ എന്ന നിലയിലും പൊതുസമൂഹവുമായി ഇടപെടലുകൾ നടത്തിയിട്ടുമുണ്ട്. എന്നാൽ സമീപകാലത്ത് എന്നെ പരിചയപ്പെട്ട കെ പി എ സലീമിനെ നിയോജകമണ്ഡലം ലീഗ് ജന.സെക്രട്ടറി എന്ന നിലയിൽ വളരെ അധികം ബഹുമാനം നൽകി പോന്നിരുന്നു. എന്നാൽ എന്റെ ഈ സമീപനത്തെ മറ്റൊരു രീതീയിൽ മനസിലാക്കുകയും എന്നെ മറ്റൊരു കണ്ണൊടെ നോക്കികണ്ട് അധാർമിക ചിന്തകൾ മനസിൽ വച്ച് എന്റെ വീട്ടിൽ രാത്രികാലങ്ങളിൽ പോലും വരികയും ചെയ്യാറുണ്ടായിരുന്നു.

എന്നാൽ കുടുംബത്തോടു കൂടി ജീവിക്കുന്ന എന്നെ ഇദ്ദേഹത്തിന്റെ ദുരിദ്ദേശപരമായ വഴിക്ക് കിട്ടില്ലാ എന്ന ബോധ്യമായപ്പോൾ പിന്നീട് സമൂഹത്തിൽ എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും എന്റെ വാർഡിലെ പ്രവർത്തനങ്ങൾക്ക് എന്നെ ഏറെ സഹായിക്കുന്ന വി കെ ജാബിറിനേയും (യൂത്ത് ലീഗ് പഞ്ചായത്ത് പ്രസി.)എന്നെയും ചേർത്ത് ഇല്ലാക്കഥകൾ മെനയുകയും അതിന്റെ ഭാഗമായി എന്റെ ഭർത്താവിനെ തെറ്റുദ്ധരിപ്പിക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും അടക്കം അത്യന്തം നീചമായ പ്രവർത്തിയാണ് കെ പി എ സലീമിന്റെ ഭാഗത്തു നിന്നും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആയതിനാൽ ഇതിനെതിരേ ശക്തമായ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം എനിക്ക് നിയമനടപടിയുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.