- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിഎസി ലളിതയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; ചികിൽസാ സഹായം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പി ടി തോമസിന് കോൺഗ്രസുകാരുടെ പൊങ്കാല; പി ടിക്ക് വേണ്ടി അനിൽ അക്കരയും പി ടിയെ തള്ളി വിപി സജീന്ദ്രനും രംഗത്ത്; പൊങ്കാലയ്ക്ക് പിന്നിൽ കെഎസ് ബ്രിഗേഡെന്നും വിമർശനം
തിരുവനന്തപുരം: ചലച്ചിത്രതാരം കെപിഎസി ലളിതയ്ക്ക് ചികിൽസാ സഹായം പ്രഖ്യാപിച്ചപ്പോൾ അതിനെതിരായ പ്രതികരണങ്ങളിൽ പ്രതിരോധത്തിലായത് സംസ്ഥാന സർക്കാരാണ്. എന്നാൽ ഇപ്പോൾ അതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊരിഞ്ഞ അടിയാണ്. സർക്കാർ സഹായത്തെ പിന്തുണച്ചുകൊണ്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കണമെന്ന് പിടി തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. അവരുടെ രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണം. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട് അവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും പിടി മുന്നറിയിപ്പ് നൽകുന്നു.
പി ടി തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും.
പി ടി തോമസ് എം എൽ എ
കെ പി സി സി വർക്കിങ് പ്രസിഡന്റ്
അന്നുവരെ കെപിഎസി ലളിതയ്ക്കെതിരെ പ്രചരണം നടത്തിയിരുന്ന കോൺഗ്രസ് സൈബർ പ്രവർത്തകർക്ക് ഇത് സഹിക്കാനായില്ല. വെട്ടുക്കിളികളെ പോലെ പാഞ്ഞെത്തി, അവർ സ്വന്തം നേതാവിന്റെ പോസ്റ്റിന് കീഴിൽ ആക്രമണം ആരംഭിച്ചു. 'നിങ്ങളോട് ബഹുമാനം ഉള്ള ഒരുപാട് പ്രവർത്തകർ ഉണ്ട്... വെറുതെ വെറുപ്പ് സമ്പാദിക്കരുത്', 'താങ്കളുടെ നിലപാടുകളിൽ സാധാരണ അഭിമാനം തോന്നാറുണ്ട് പക്ഷെ ഇതിനോട് യോജിക്കാൻ ആവുന്നില്ല' എന്നിങ്ങനെ പിടി തോമസിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് നിരവധി കോൺഗ്രസുകാരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പിടിക്ക് പിന്തുണയുമായി മറ്റൊരു കൂട്ടർ കൂടി എത്തിയതോടെ പോസ്റ്റിന് കീഴിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ചേരിതിരിഞ്ഞ് കമന്റ് യുദ്ധം ആരംഭിക്കുകയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസുകാർ തമ്മിലുള്ള ചക്കളത്തിപ്പോര് ഉച്ഛസ്ഥായിയിലെത്തിയപ്പോൾ മുറിവിൽ അൽപം മുളകെന്ന പോലെ പിടിക്ക് പിന്തുണയുമായി അനിൽ അക്കരയും രംഗത്തെത്തി. പിടിയുടെ നിലപാടിനൊപ്പം എന്ന് തലക്കെട്ട് നൽകി പിടി തോമസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അക്കരയുടെ പിന്തുണ. അപ്പോഴേയ്ക്കു സൈബർ പോരാളികൾ അനിൽ അക്കരയ്ക്കെതിരെ തിരിഞ്ഞു.
കെപിഎസി ലളിത കോൺഗ്രസ് നേതാക്കളുടെ സജീവ ചർച്ചയായപ്പോഴേയ്ക്കും പിടി തോമസിന്റെയോ അനിൽ അക്കരയുടേയോ പേര് പറയാതെ ഇരുവരുടെയും നിലപാട് തള്ളി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും ഫേസ്‌ബുക്കിൽ അഭിപ്രായം പങ്കുവച്ചു.
സിനിമാ മേഖലയിൽ അവശത അനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരുണ്ടെന്നും അതിൽ കെപിഎസി ലളിതയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്നും വിപി സജീന്ദ്രൻ പറഞ്ഞു. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ സിപിഎം അവഹേളിക്കരുതെന്നും സജീന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
വി പി സജീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പണം ഉള്ളവരെ കൂടുതൽ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവർക്ക് വേദന വരുമ്പോൾ തലോടുവാൻ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ് ????
സിനിമാമേഖലയിൽ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാൻ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.
എങ്കിലും ഒന്ന് ഞാൻ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.
പണം ഉള്ളവരെ കൂടുതൽ പണക്കാർ ആകുന്നതിനും അവരെ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ?
സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരന്റെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നു.??
ദരിദ്രർക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നൽകുവാൻ പാടില്ല.
ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാൻ ജനായത്ത ഭരണകൂടങ്ങൾക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുൻപിലൂടെ സർക്കാരിന്റെ കാറ്ററിങ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സർക്കാർ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതിൽ നീതി വേണം.
നീതി എല്ലാവർക്കും ലഭിക്കണം ഒരു കൂട്ടർക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കിൽ, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികൾ ഞാൻ കടം എടുക്കുകയാണ്.
പണമുള്ളോർ നിർമ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാൻ ഇല്ലേ ഞാൻ പിൻവലിപ്പൂ..??
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ ?
എല്ലാവർക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ??????
വിപി സജീന്ദ്രന്റെ പോസ്റ്റിന് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതോടുകൂടി മറ്റൊരു പോസ്റ്റുമായി അനിൽ അക്കര വീണ്ടും രംഗത്തെത്തി. തനിക്കും പിടിക്കുമെതിരെ എന്ത് തോന്ന്യാസവും പറയാമെന്നാണ് പലരുടെയും ധാരണയെന്നും എന്നാൽ നിങ്ങളുടെ ജോജുവിസത്തിന് ഇവിടെ പ്രസക്തിയില്ലെന്നും അനിൽ അക്കര ഫേസ്‌ബുക്കിൽ എഴുതി. ഈ സമയം അവരെ ആരുസഹായിക്കുന്നുവെന്നുള്ളതല്ല അവരുടെ അസുഖം ഭേദമായി വരികയെന്നുള്ളതാണ് പ്രധാനമെന്നും അക്കര പറയുന്നു.
അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
എനിക്കും പി ടിക്കും നേരെ
എന്ത് തോന്യവാസവും
പറയാമെന്നാണ് പലരുടെയും ധാരണ?
ഇവിടെ നിങ്ങളുടെ ജോജുവിസത്തിനൊന്നും പ്രസക്തിയില്ല.
ലളിത ചേച്ചി ഏത് പാർട്ടിക്കാരിയായാലും
കേരളം അംഗീകരിച്ച കലാകാരിയും മലയാളത്തിന്റെ സ്വന്തം ഭരതന്റെ സഹധർമിണിയും, ഊത്രാളികാവ് പൂരത്തിന് നേതൃത്വം നൽകുന്ന എങ്കെക്കാട് ദേശത്തിന്റെ എല്ലാമെല്ലാമാണ്.
വടക്കാഞ്ചേരി ഭരതൻ റോഡ് MLA ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിക്കുമ്പോഴും
രാഷ്ട്രീയത്തിനതീയമായ
അഭിമാനമാണ് തോന്നിയത്.
ജനാധിപത്യ വിശ്വാസികൾക്ക് വലിയ സ്വാധീനമുള്ള ആ പ്രദേശത്ത്
എന്റെ അറിവിൽ ലളിത ചേച്ചിയുടെ രാഷ്ട്രീയത്തിന് വലിയ മുൻതൂക്കം ഉണ്ടായിരുവവെന്ന
അഭിപ്രായവും എനിക്കില്ല.
ആ വീട്ടിൽ പലപ്പോഴും കേരളത്തിലെ
തലമുതിർന്ന നേതാക്കളുമായി പോകുമ്പോൾ അവിടെ ഒരു അപരിചിതത്വം എനിക്ക് തോന്നിയിട്ടില്ല.
പിന്നെ എന്തിനാണ് അവരെ ഈ സമയത്ത് വേട്ടയാടുന്നതെന്ന്
എനിക്ക് മനസ്സിലാകുന്നില്ല.
ഈ സമയം അവരെ ആരുസഹായിക്കുന്നുവെന്നുള്ളതല്ല
അവരുടെ അസുഖം ഭേദമായി വരികയെന്നുള്ളതാണ്. അതിനായി നമുക്ക് പ്രാർത്ഥിക്കാം. കാരണം
ഒരു പക്ഷെ അവരുടെ പാർട്ടിക്കാർക്ക് ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ട്
ആ പാർട്ടിക്കാർക്കതിന് കഴിയില്ല.
നമുക്കത്തിന് കഴിയും,
ഗാന്ധിയുടെ, നെഹ്‌റുവിന്റെ
നമ്മുടെ പാർട്ടിക്കേ
നമ്മുടെ പാരമ്പര്യത്തിനേ അതിന് കഴിയൂ.
കെപിഎസി ലളിതയെ പിന്തുണച്ച് പോസ്റ്റിട്ട പിടി തോമസിന്റെയും അനിൽ അക്കരയുടെയും പോസ്റ്റുകളിൽ പാഞ്ഞെത്തി പൊങ്കാലയിട്ടത് കെഎസ് ബ്രിഗേഡ് ആണെന്ന ആക്ഷേപം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ അത് കെഎസ് ബ്രിഗേഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തള്ളിക്കളയുന്നു. കെ സുധാകരനുമായി ബന്ധപ്പെട്ട ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിടിയുടെ പോസ്റ്റിന് താഴെ പിന്തുണയുമായി വന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കെപിഎസി ലളിതയുടെ ചികിൽസാ സഹായത്തെ സ്വാഗതം ചെയ്തും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ അവസ്ഥ സർക്കാർ അറിഞ്ഞിട്ടാവാം സഹായം നൽകുന്നതെന്ന് ചലച്ചിത്രതാരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ചികിൽസാ സഹായത്തെ ബിജെപി എതിർക്കുമ്പോളാണ് സുരേഷ് ഗോപിയുടെ വേറിട്ട അഭിപ്രായം. നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നൽകിയത് സർക്കാരാണ്. സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോൾ സർക്കാർ അത് പരിശോധിച്ച് കാണും. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര സർക്കാരും ഇതേ പോലെ സഹായം നൽകാറുണ്ട്. സർക്കാരിന്റെ ഫണ്ടിൽ നിന്നാണ് ചികിത്സാ സഹായങ്ങൾ ലഭ്യമാക്കുക. 36 പേർക്ക് സഹായം താൻ നൽകിയിട്ടുണ്ട്. രണ്ട് കോടി 80 ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയിട്ടുള്ളത്. ലളിത ചേച്ചി ആ വിഭാഗത്തിൽ വരുന്നതാണോ എന്നത് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സർക്കാരിന്റെ സത്യസന്ധതയെ കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അത് നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെ കുറിച്ച് ഇപ്പോൾ പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങൾ സംസ്‌കാര ശൂന്യമാണെന്നും കെബി ഗണേശ് കുമാർ പറഞ്ഞു.
'ഒരു കലാകാരിയാണവർ, അവർക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവിൽ സംഗീത നാടക അക്കാദമിയുടെ ചെയർമാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സർക്കാർ ചികിത്സാ സഹായം ലഭിക്കാൻ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്.'ഗണേശ് കുമാർ പറഞ്ഞു
നമ്മൾ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാർ. അവർക്ക് ഒരാപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നൽകുന്നതിനെ എതിർക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കെ.പി.എ.സി ലളിത. നിലവിൽ ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കലാകാരി എന്ന നിലയ്ക്കാണ് ലളിതയ്ക്ക് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചതെന്നും കലാകാരന്മാർ കേരളത്തിന് മുതൽകൂട്ടാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കിയിരുന്നു. കെപിഎസി ലളിതയയെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിരുന്നു.
അതേസമയം കെപിഎസി ലളിയുടെ ചികിൽസാ സഹായത്തെ വിമർശിച്ച് സാമൂഹ്യപ്രവർത്തക ഇവ ശങ്കർ ഫേസ്‌ബുക്കിലിട്ട കുറിപ്പ് വൈറലാകുകയാണ്.
തന്റെ അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ചികിൽസ കിട്ടാതെ മരിച്ചത്. ഹൈടെക് ഹോസ്പിറ്റലുകൾ എന്ന് സർക്കാരുകൾ പറയുമ്പോൾ എനിക്ക് അച്ഛനെ ഓർമ വരും. കോടിശ്വരന്മാരായ സെലിബ്രിറ്റികൾക്കു നൽകുന്ന ചികിത്സ ചെലവിന്റെ പകുതി പോലും വേണ്ടല്ലോ ഹോസ്പിറ്റലുകളിൽ വേണ്ടത്രേ സഞ്ജീകരണങ്ങൾ ചെയ്യാൻ. എന്നാൽ ആരും ഒന്നും ചെയ്യില്ല. കെപിഎസി ലളിത ഹോസ്പിറ്റലിലായപ്പോൾ കോടികൾ നൽകാൻ സർക്കാർ തയ്യാറാകുന്നു. എന്നാൽ പാവപ്പെട്ടവൻ ആശുപത്രിയിലായാൽ ജനങ്ങൾ പിരിവെടുക്കേണ്ട അവസ്ഥയാണെന്നും ഇവ ശങ്കർ വിമർശിക്കുന്നു.
ചാള മേരിക്ക് അസുഖം വന്നപ്പോൾ സഹായിച്ചത് മമ്മൂട്ടിയാണ്, അന്ന് സർക്കാർ എവിടെയായിരുന്നു? ആരോരുമില്ലാതെ, പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്ത ടിപി മാധവൻ എന്ന ആ സാധു കലാകാരനെ സർക്കാർ തിരിഞ്ഞുനോക്കിയോ എന്നും ഇവ ചോദിക്കുന്നു.
ഇവാ ശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
എന്നെ വിമർശിച്ചവരോട്..
എന്റെ അനുഭവത്തിൽ നിന്ന്..
തിർവനന്തപുരം മെഡിക്കൽ കോളേജിൽ വേണ്ടത്രേ സൗകര്യമോ, ചികിൽസിക്കാൻ വേണ്ടത്ര ഡോക്ടർ മാരോ നഴ്സുമാരോ ഉണ്ടായിരുന്നെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു എന്ന് ഞാൻ പൂർണമായും ഇപ്പോഴും വിശ്വസിക്കുന്നു...
ഒത്തിരി ഓർമ്മകളുടെ
വേദനയുടെ കഥ പറയാൻ ഉണ്ട് എനിക്ക്
ഇപ്പോഴത്തെ ഹോസ്പിറ്റലുകൾ ഹൈടെക് എന്ന് പറയുമ്പോഴും എനിക്ക് ചിരിയാണ് വരുന്നത്
ആ ഹൈടെക് ഹോസ്പിറ്റലിൽ ആണ് എന്റെ അച്ച ചികിത്സ കിട്ടാതെ മരിക്കുന്നത്
ആ ദിവസത്തിൽ ഞാൻ അനുഭവിച്ചു തീർത്ത ഒരു വേദനയുണ്ട്,
മരണത്തിലേക്ക് എന്റെ അച്ച നടന്നു പോകുന്നത് നോക്കി നിസഹായതയോടെ
നെടു വീർപ്പിട്ടും, വിതുമ്പിയും, കരഞ്ഞും, അലറിയും പ്രാർത്ഥിച്ചും
നോക്കി നിന്ന ഒരു മകളാണ് ഞാൻ..
എന്നെ കൈപിടിച്ച് നടത്തിയ
കരങ്ങളാണ്
എന്നെ താരാട്ടു പാടി ഉറക്കിയ ഹൃദയമാണ്
നിലക്കുന്നതെന്നു വേദനയോടെ നോക്കി നിൽക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു..
നിസ്സഹായയി പോയി...
നിസ്സഹായതാ മാത്രം..
എത്ര കരഞ്ഞാലും തീരാത്തതുപോലെ എന്റെ അച്ഛയുടെ വിയോഗം കണ്ണീർ കടലായി എന്നിൽ തിരയടിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും..
ഈ അവസ്ഥയിലൂടെ, ഈ വേദനയിലൂടെ കടന്നു പോയവർ അനേകമാണ്..
വേണ്ടത്രേ സ്റ്റാഫ് ഇല്ലാത്തത്തിന്റെ പേരിൽ, വേണ്ടത്ര സഞ്ജീകരണങ്ങൾ ഇല്ലാത്തത്തിന്റെ പേരിൽ
അനേകം ജീവനുകളാണ് അവിടെ ഞെട്ടറ്റു വീഴുന്നത്.
സർക്കാർ ,
കോടിശ്വരന്മാരായ സെലിബ്രിറ്റിട്ടികൾക്കു നൽകുന്ന ചികിത്സ ചെലവിന്റെ പകുതി പോലും വേണ്ടല്ലോ ഹോസ്പിറ്റലുകളിൽ വേണ്ടത്രേ സഞ്ജീകരണങ്ങൾ ചെയ്യാൻ,..
ചെയ്യില്ല.. ആരും ഒന്നും ചെയ്യില്ല...
KPAC ലളിത ഹോസ്പിറ്റലിൽ ആയപ്പോൾ കോടികൾ സർക്കാർ കൊടുക്കാൻ, തയ്യാറാകുന്നു.
ഒരു പാവപെട്ടവൻ ഹോസ്പിറ്റലിൽ ആയാൽ ജനങ്ങൾ പിരിവെടുക്കുന്നു...
എന്താല്ലേ..??
കുറെ വർഷങ്ങൾക്കു മുൻപ് ജഗതി ഹോസ്പിറ്റലിൽ ആയപ്പോഴും സർക്കാർ സൗജന്യ ചികിത്സ നൽകിയിരുന്നു എന്നാണ് എന്റെ ഓർമ്മ...
കുറച്ചു നാൾക് മുൻപ്
രണ്ടു കുഞ്ഞുങ്ങളുടെ അസുഖത്തിനു വേണ്ടിയുള്ള ഒരു ഡോസ് മരുന്നിനു
18 കോടി രൂപ
വേണമെന്ന് പറഞ്ഞപ്പോൾ
നമ്മുടെ സർക്കാർ ഉറങ്ങുവായിരുന്നോ?
ചാള മേരി എന്നാ നടിയെ ഓർമ്മയുണ്ടോ??
അവർക്കു അസുഖം വന്നപ്പോൾ സഹായിച്ചത് മഹാ നടൻ മമൂട്ടി ആയിരുന്നു..
അന്ന് സർക്കാർ എന്താണ് തിരിഞ്ഞു നോക്കാത്തത്???
ആരോരും തിരിഞ്ഞു നോക്കാനില്ലാതെ, പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്ത ഠ ജ മാധവൻ എന്ന ആ സാധു മനുഷ്യനായ കലാകാരനെ ഓർക്കുന്നുണ്ടോ ആരേലും??
അങ്ങനെ എത്രയെത്ര കലാകാരന്മാർ.. കലാകാരികളും...
അർഹരായ എത്രയോപ്പേർ
സഹായത്തിനായി
ദയനീയമായി കാത്തു നിൽക്കുമ്പോഴാണ്
ഈ ചികിത്സ ധനസഹായം എന്ന് ഓർക്കണം..
കഴിഞ്ഞ പ്രളയ കാലത്തു, ദുരിത സഹായം കിട്ടാത്ത എത്രയോ പാവങ്ങൾ ഇപ്പോഴും ഉണ്ട്..
കോവിഡ് മഹാമാരി എന്ന വിപത്തിലൂടെ
എത്ര പേരാണ്, കടങ്ങളും ബുന്ധിമുട്ടുകളും കൊണ്ട് ആത്മഹത്യാ ചെയ്തിരിക്കുന്നത്..
ഇതൊന്നും ആര് തിരിഞ്ഞു നോക്കില്ല
കാരണം ഇവര് ആരും സെലിബ്രിറ്റികൾ അല്ലല്ലോ
ഒന്ന് പറഞ്ഞോട്ടെ
അവസാനമായി
നുണ പറയുന്നവരെ
തിരിച്ചറിയുക...??
മറുനാടന് മലയാളി ബ്യൂറോ