- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉദ്ഘാടനത്തിൽ പങ്കെടുത്തു; പാർട്ടി ഇനി ഒറ്റക്കെട്ടെന്ന് സുധാകരൻ; കണ്ണൂരിലെ ആസ്ഥാന ഉദ്ഘാടന വിവാദം അനാവശ്യമെന്ന് സുധാകരൻ; നൽകുന്നത് മുതിർന്ന നേതാക്കളുമായുള്ള ചർച്ചയുടെ സൂചന; കോൺഫിഡൻസിൽ കെസിയും
കണ്ണൂർ: കോൺഗ്രസിൽ പ്രശ്‌നപരിഹാരത്തിനുള്ള ഫോർമുല കൈയിലുണ്ടെന്ന് കെ.സുധാകരൻ എംപി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. നിങ്ങൾ വേണ്ടാത്ത വ്യാഖ്യാനങ്ങൾ നൽകരുത് എന്നും സുധാകരൻ പറഞ്ഞു. നേരത്തെ ഇരുവരും യോഗം ബഹിഷ്‌കരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതാണ് സുധാകരൻ നിഷേധിക്കുന്നത്.
കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും അഭിപ്രായങ്ങൾ കൂടി പരിഗണിക്കാനാണ് സുധാകരന്റെ തീരുമാനം. ഇതാണ് പ്രശ്‌ന പരിഹാര ഫോർമുലയായി സുധാകരൻ സൂചന നൽകുന്നതെന്നാണ് റിപ്പോർട്ട്. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അംഗീകരിക്കാൻ തന്നെയാണ് സൂധാകരന്റെ തീരുമാനം.
ഇതിന്റെ ഭാഗമായാണ് കണ്ണൂരിലെ ഉദ്ഘാടന വിവാദത്തെ സുധാകരൻ തള്ളിപ്പറയുന്നത്. അവർ പങ്കെടുത്തത് സോർട്ട് ചെയ്തു താൻ ചാനലുകൾക്ക് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി സംസാരിക്കുന്നതു കൊണ്ടാണ് അവർക്ക് ഓൺലൈനിൽ വരാൻ കഴിയാഞ്ഞത്. അതിനു ശേഷം ഇരുവരും തിരക്കിലായതു കാരണമാണ് അഭിസംബോധന ചെയ്യാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ എന്തോ പ്രശ്‌നത്തിലുള്ള മീറ്റിങ്ങിലായിരുന്നു ഉമ്മൻ ചാണ്ടി. കെ.മുരളീധരൻ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. മുരളി അതിനു ശേഷം തന്നെ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ചരിത്രത്തിലില്ലാത്ത വിധം കോൺഗ്രസ് കെട്ടുറപ്പോടെയാണ് മുൻപോട്ടു പോകുന്നത്. ഇതിൽ ആർക്കും ഒരു ആശങ്കയുമില്ല-സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ യാതൊരു പ്രശ്‌നങ്ങളുമില്ല. ഇനി അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഹൈക്കമാന്റിന്റെ പൂർണ പിന്തുണയോടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കും ഇതിൽ യാതൊരു സംശയവും വേണ്ട. പാലക്കാട് എ വി ഗോപിനാഥ് പാർട്ടി വിടില്ലെന്ന കാര്യം ഞാൻ അന്നേ പറഞ്ഞതാണെന്നും സുധാകരൻ വിശദീകരിച്ചു.
പുതിയൊരു തുടക്കത്തിലാണ് കോൺഗ്രസ് പോകുന്നത്. അടിമുടി മാറ്റമാണ് കോൺഗ്രസിൽ വരാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു. ഇതേ സമയം കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു
ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണെന്നും ഇനി മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ, പാർട്ടിയാണ് മുഖ്യം. അഭിപ്രായം പറഞ്ഞാൽ തല്ലികൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളിൽ നേതാക്കളുടെ അഭിപ്രായം തേടുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
തനിക്ക് ഗ്രൂപ്പില്ല, തന്റെ ഗ്രൂപ്പ് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് പങ്കെടുക്കാൻ പറ്റില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും വേണുഗോപാൽ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്