- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഡിസിസി പ്രസിഡന്റിന്റെ ശിൽപശാല; പിന്നെ കെപിസിസി അധ്യക്ഷന്റെ ജില്ലാ പര്യടനം; പഠന കളരിയിലെ താരങ്ങൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഭാരവാഹി പട്ടികയിലും ഗ്രൂപ്പ് നിർദ്ദേശം കേൾക്കും; നിർണ്ണായകമായത് സതീശന്റെ വീട്ടിലെത്തിയുള്ള ഖേദ പ്രകടനം; താരിഖ് അൻവറിനെ എത്തിക്കാത്തെ എല്ലാം പരിഹരിച്ച് സുധാകരൻ; കോൺഗ്രസിൽ ഇനി വെടിനിർത്തൽ കാലം
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർ ഇനി ഒരുമിച്ച് നീങ്ങും. ഐക്യത്തെ പൊളിക്കാതിരിക്കാൻ കെപിസിസി ഭാരവാഹി പട്ടികയിൽ പരമാവധി കരുതലും എടുക്കും. ചർച്ച നടന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും ഹൈക്കമാണ്ട്. അങ്ങനെ കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയാണ്. കെപിസിസി ആസ്ഥാനത്തു മനസ്സു തുറന്നതോടെ പിരിമുറുക്കത്തിന് അയവു വന്നു. യുഡിഎഫ് കൺവീനർ എം.എം.ഹസനും പങ്കെടുത്തു. ഇനിയുള്ള കെപിസിസി ഡിസിസി അഴിച്ചുപണിയിൽ പരാതികൾ ആവർത്തിക്കില്ല. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായവും തേടും.
യുഡിഎഫ് യോഗത്തിനു മുൻപു തന്നെ കോൺഗ്രസിൽ ഐക്യാന്തരീക്ഷം രൂപപ്പെടണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 4 നേതാക്കളും കണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വസതിയിലെത്തി കണ്ടതിനു തുടർച്ചയായിരുന്നു ഈ ചർച്ച. ആർഎസ്‌പിയുമായുള്ള തർക്കവും പറഞ്ഞു തീർത്തു. ഇതോടെ സുധാകരൻ ആദ്യ കടമ്പ കടക്കുകയാണ്. ഇനി കെപിസിസി പുനഃസംഘടനാ ചർച്ചകളിലേക്ക് കാര്യങ്ങൾ കടക്കും. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കും. സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ളവർക്ക് മികച്ച ഭാരവാഹിത്വം നൽകും. അപ്പോഴും അച്ചടക്ക ലംഘനം അനുവദിക്കില്ല. പരസ്യ പ്രസ്താവനകൾ ഉണ്ടായാൽ ഉടൻ നടപടി വരും.
ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും പ്രത്യേകമായി കാണാമെന്ന അഭിപ്രായം ഉയർന്നെങ്കിലും പിന്നീട് ഒരുമിച്ചു സംസാരിക്കാൻ തീരുമാനമായി. ഇനി 8നും 14നും ഇവരുമായി വീണ്ടും ചർച്ച നടത്തും. 8, 9 തീയതികളിൽ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പരിശീലന പരിപാടിയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും. ഐക്യ സന്ദേശം ഇവർ നൽകും. കോൺഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്റ് എന്ന് ഉമ്മൻ ചാണ്ടിയെ പോലെ ചെന്നിത്തലയും പരസ്യമായി പ്രഖ്യാപിക്കും. പ്രശ്‌ന പരിഹാരമായതോടെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ കേരള യാത്രയും മാറ്റി.
താരിഖിന്റെ പക്ഷപാത സമീപനമാണ് കാര്യങ്ങൾ വഷളാക്കിയതെന്ന വികാരം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കേന്ദ്ര നേതൃത്വത്തോടു പറഞ്ഞിരുന്നു. ഹൈക്കമാൻഡിൽനിന്നു മധ്യസ്ഥനീക്കം ഫലപ്രദമാകില്ലെന്നു വന്നതോടെ സതീശനാണ് അനുരഞ്ജനത്തിനു മുൻകൈ എടുത്തത്. സതീശന്റെ ചില പരാമർശങ്ങൾ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും വേദനയായി മാറിയിരുന്നു. ഇത് മനസ്സിലാക്കിയാണ് സതീശനെ അനുരഞ്ജനത്തിന് സുധാകരൻ നിയോഗിച്ചത്. ഈ ദൗത്യം ഫലം കണ്ടു. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഞായറാഴ്ച കണ്ട സതീശൻ ഖേദ പ്രകടനം നടത്തി. ഇതോടെ ഗ്രൂപ്പ് നേതാക്കളും മഞ്ഞുരുകലിന്റെ പാതയിലേക്ക് എത്തി.
പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രയാസം ഉമ്മൻ ചാണ്ടിയും രമേശും വ്യക്തമാക്കി. വേണ്ട രീതിയിൽ തങ്ങളെ കേട്ടില്ലെന്നു മാത്രമല്ല, നേതൃത്വം നടത്തിയ പ്രതികരണങ്ങൾ കൂടുതൽ വിഷമിപ്പിക്കുകയും ചെയ്തു. ആദ്യവട്ട ഡൽഹി യാത്രയ്ക്കു ശേഷം തിരിച്ചെത്തി ചർച്ച നടത്തുമെന്ന വാഗ്ദാനം കെ.സുധാകരൻ പാലിക്കാഞ്ഞത് ഭിന്നതയ്ക്ക് ആക്കം കൂട്ടി. ബോധപൂർവം വേണ്ടെന്നു വച്ചതല്ലെന്നു സുധാകരൻ വിശദീകരിച്ചു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുന്നോട്ടുവച്ച പട്ടികയിൽ ഉള്ളവരാണ് ഡിസിസി പ്രസിഡന്റുമാരിൽ കൂടുതലും. ഇതെല്ലാം അവർക്കും അംഗീകരിക്കേണ്ടി വന്നു.
ആലപ്പുഴയും കോട്ടയത്തും അവരുടെ താൽപര്യം തന്നെ കണക്കിലെടുക്കണമെന്നു പറഞ്ഞപ്പോഴും ഒരു തടസ്സവും തങ്ങൾ പറഞ്ഞില്ലെന്ന് സുധാകരൻ നിലപാട് എടുത്തു. കെപിസിസിഡിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും മാനദണ്ഡം രൂപീകരിക്കുമ്പോഴും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഉള്ള നിർദേശങ്ങൾ പരിഗണിക്കുമെന്ന് സതീശനും സുധാകരനും ഉറപ്പ് നൽകി. പരസ്യ പ്രസ്താവനകൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ അണികൾ നടത്തുന്ന പ്രചാരണവും കർശനമായി വിലക്കും.
ഡി.സി.സി. പ്രസിഡന്റുമാരുടെ ശില്പശാലയും കെപിസിസി. പ്രസിഡന്റിന്റെ ജില്ലാ പര്യടനവും അടക്കമുള്ള പരിപാടികളുമായി മുന്നോട്ടുപോകാനും ധാരണയായി. ശില്പശാലകളിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ