- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടി പിടിക്കാൻ ചെന്നിത്തല-ഉമ്മൻ ചാണ്ടി സംയുക്ത നീക്കം; പുനഃസംഘടന മരവിപ്പിക്കണമെന്നും പ്രഖ്യാപനങ്ങൾ വേണ്ടെന്നുമുള്ള ഗ്രൂപ്പ് നിർദ്ദേശം ഹൈക്കമാണ്ട് അംഗീകരിക്കില്ല; കെസി-കെഎസ്-വിഡി കൂട്ടുകെട്ടിനെ തകർക്കാൻ ഗ്രൂപ്പ് മാനേജർമാർ; കെപിസിസി പിടിച്ചെടുക്കാൻ രണ്ടും കൽപ്പിച്ച് നീക്കങ്ങൾ
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യവുമായി എ-ഐ ഗ്രൂപ്പുകളെത്തുന്നത് എന്തുവില കൊടുത്തും സംഘടന പിടിച്ചെടുക്കാൻ. പുനഃസംഘടനയിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തല കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. അതിവേഗ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യമാണ് ചെന്നിത്തല മുമ്പോട്ട് വച്ചതെന്നാണ് സൂചന. അന്തിമ പട്ടികയിൽ തങ്ങളുടെ നിർദേശങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടുമോയെന്ന ആശങ്ക എ, ഐ ഗ്രൂപ്പുകളിൽ ശക്തമാണ്. തുടർന്നാണ് രമേശിന്റെ ഡൽഹി യാത്ര. എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്നത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കും അവർ സംയുക്ത സ്ഥാനാർത്ഥിയെ അവതരിപ്പിച്ചേക്കും.
കെപിസിസി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലായതിനാൽ അതുമാത്രം ഇപ്പോൾ നടക്കട്ടെയെന്നും ഡി.സി.സി. മുതൽ താഴോട്ടുള്ള ഭാരവാഹികളെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ മതിയെന്ന വാദമാണ് എ, ഐ ഗ്രൂപ്പുകൾ ഉയർത്തുന്നത്. ഇങ്ങനെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എയും ഐയും പരസ്പരം മത്സരിക്കില്ല. പകരം സമാവായ സ്ഥാനാർത്ഥികളുണ്ടാക്കും. കെസി വേണുഗോപാലിനേയും വിഡി സതീശനേയോ കെ സുധാകരനേയോ അനുകൂലിക്കുന്നവർ മത്സരിക്കാൻ എത്തിയാൽ ഗ്രൂപ്പുകളിലെ ഒരുമയിലൂടെ അവരെ തോൽപ്പിക്കും. അങ്ങനെ സംഘടന കൈയിലാക്കാനാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് ശ്രമിക്കുന്നത്.
ചൊവാഴ്ച അപ്രതീക്ഷിതമായി ഡൽഹിയിലെത്തിയ രമേശ്, താരിഖ് അൻവർ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചാണ് സമ്മർദം ശക്തമാക്കിയത്. കെപിസിസി. ഭാരവാഹിപ്പട്ടികയ്ക്ക് ഏതാണ്ട് അന്തിമരൂപമായ ഘട്ടത്തിലാണ് ചെന്നിത്തലയുടെ ഡൽഹി യാത്ര. കെപിസിസി. ഭാരവാഹികളായി നിർദേശിക്കുന്നവരുടെ പേരുകൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നൽകിയിരുന്നു. എ, ഐ ഗ്രൂപ്പുകളുടെ താത്പര്യംകൂടി ഉൾക്കൊണ്ടായിരിക്കണം തീരുമാനമെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ആവശ്യം. ഡി.സി.സി. പുനഃസംഘടനയിൽ തങ്ങളോട് വേണ്ടത്ര ആലോചിച്ചില്ലെന്ന പരാതി ഉമ്മൻ ചാണ്ടിയും രമേശും ഉന്നയിച്ചിരുന്നു.
സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണം നവംബർ ഒന്നിന് തുടങ്ങുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നീട് ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നതു ശരിയല്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. എന്നാൽ, പുനഃസംഘടന മരവിപ്പിച്ചിട്ടില്ലാത്തതിനാൽ ഡി.സി.സി. തലത്തിൽക്കൂടിയെങ്കിലും ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തെറ്റില്ലെന്നാണ് ഔദ്യോഗികപക്ഷ നിലപാട്. സംഘടനാ തിരഞ്ഞെടുപ്പിനെ സ്വാഗതംചെയ്ത് കഴിഞ്ഞ ദിവസം എം.എം. ഹസൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. എ, ഐ ഗ്രൂപ്പുകൾ യോജിച്ച് സംഘടനാ തിരഞ്ഞെടുപ്പിൽ നിലപാട് എടുത്താൽ അത് മറ്റ് വിഭാഗങ്ങൾക്ക് തിരിച്ചടിയാകും.
28 സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. അതോടെ, നിലവിലെ പി.സി.സി പ്രസിഡന്റ് പോലും കാവൽ പ്രസിഡന്റ് മാത്രമാവുകയാണ്. അങ്ങനെയിരിക്കെ ,മറ്റ് ഭാരവാഹികളെക്കൂടി നിശ്ചയിക്കുന്നതെങ്ങനെയെന്നാണ് ചോദ്യം. എന്നാൽ, സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയെടുക്കാനും കേരളത്തിലൊരു സംഘടനാ സംവിധാനം ആവശ്യമില്ലേയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മറു ചോദ്യം. കെ. സുധാകരനും വി.ഡി. സതീശനും നേതൃത്വം നൽകുന്ന പുതിയ ചേരിക്കെതിരായ നീക്കം ശക്തമാക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചുചേർക്കാനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
അതിനിടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കഴിയുന്നതിനു മുൻപേ സംസ്ഥാനത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സിയുസി) രൂപീകരണം പൂർത്തിയാക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തക സമിതി നിശ്ചയിച്ച സമയക്രമം അനുസരിച്ച് നവംബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് അംഗത്വ വിതരണം. ജനുവരി 26ന് മുൻപു സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കമ്മിറ്റികൾക്കു കീഴിലും സിയുസികൾ രൂപീകരിക്കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. നവംബർ 14 നു മുൻപ് സംസ്ഥാനത്തെ 280 മണ്ഡലം കമ്മിറ്റികളിൽ സിയുസികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
സംഘടനാ തിരഞ്ഞെടുപ്പിന് ഇനിയും പത്ത് മാസത്തിലേറെ സമയമുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാൻഡിനും ഇതിനോട് വിയോജിപ്പില്ലാത്ത സ്ഥിതിക്ക് കെപിസിസി ഭാരവാഹികളെ ഡൽഹിയിൽ നിന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 2017ൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തെ ഒഴിവാക്കിയിരുന്നു. അന്ന് എ, ഐ ഗ്രൂപ്പുകൾ ശക്തമായ സമ്മർദ്ദം ചെലുത്തിയാണ് ഹൈക്കമാൻഡിൽ നിന്ന് അത് സാധിച്ചെടുത്തത്. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്ന് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല.
മറുനാടന് മലയാളി ബ്യൂറോ