തിരുവനന്തപുരം: കെപിസിസി പുനഃസംഘടന തുടരും. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ് നേതൃത്വങ്ങൾ ഇതിന് എതിരാണ്. ഭാരവാഹികളും നിർവാഹക സമിതിയും ആയതോടെ കെപിസിസി സെക്രട്ടറിമാരെ നിശ്ചയിക്കാനുള്ള പ്രക്രിയയിലേക്കു കോൺഗ്രസ് നേതൃത്വം കടക്കും. തിങ്കളാഴ്ച ഇതിനായി ചർച്ച ആരംഭിക്കും. ഡിസിസി പുനഃസംഘടനയും ഉടനെ ആരംഭിക്കും. കെപിസിസിയിൽ എല്ലാ അർത്ഥത്തിലും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിടിമുറുക്കി. പകുതിയിലേറെയാണ് ഈ സമിതികളിൽ ഐ ഗ്രൂപ്പുകാർ. ഇതിൽ ഭൂരിഭാഗവും കെസി ഗ്രൂപ്പുകാരും.

ഐ ഗ്രൂപ്പിനെ കെപിസിസിയിൽ നയിച്ചിരുന്ന ജോസഫ് വാഴക്കനും എ ഗ്രൂപ്പിലെ തമ്പാനൂർ രവിയേയും പൂർണ്ണമായും വെട്ടിനിരത്തി. സംഘടനാ തിരഞ്ഞെടുപ്പ് നവംബറിൽ ആരംഭിക്കാനിരിക്കെ ഇനി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിൽ അനൗചിത്യം ഉണ്ടെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പുകൾ എത്തുന്നത് കെസിയെ തോൽപ്പിച്ച് സംഘടന പടിക്കാനാണ്. സെക്രട്ടറിമാരിൽ കൂടി കെസിക്ക് മുൻതൂക്കം വന്നാൽ പിന്നീട് സംഘടനാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് ആധിപത്യം തകർക്കും. നവംബറിൽ അംഗത്വ വിതരണത്തിനു മുൻകൈ എടുക്കേണ്ടത് ഡിസിസികളാണ്. ഈ സാഹചര്യത്തിൽ ഡിസിസി ഭാരവാഹികൾക്കും നിർണ്ണായക റോൾ വരും.

പാർട്ടിക്കുള്ളിൽ കെ.സി. വേണുഗോപാർ പിടിമുറുക്കുന്നതിനെ അമർഷത്തോടെ കണ്ടുനിൽക്കുകയാണ് എ, ഐ ഗ്രൂപ്പുകൾ. എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകിയെന്നും പാർട്ടി നന്നാകണമെന്ന് ആഗ്രഹമുള്ളവർ ഇതിനെ വിമർശിക്കില്ലെന്നുമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്. രണ്ട് ഗ്രൂപ്പുകൾക്കുമുള്ള പരോക്ഷമായ മുന്നറിയിപ്പ് നേതാക്കളും ഉൾക്കൊണ്ടു. അങ്ങനെ പരസ്യ പ്രസ്താവനകൾ മാറി നിന്നു. ഇത്രയും പ്രശ്‌ന രഹിതമായ പുനഃസംഘടന ഉണ്ടായിട്ടില്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ.

തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ഒരു വശത്തു നടക്കുമ്പോൾ നോമിനേഷൻ പ്രക്രിയ തുടരുന്നത് ശരിയോ എന്നതാണ് ഗ്രൂപ്പുകളുടെ ചോദ്യം. സംസ്ഥാനത്ത് പുനഃസംഘടനാ പ്രക്രിയയ്ക്ക് എഐസിസിയുടെ അനുവാദമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറയുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയും വൈകാതെ പുനഃസംഘടിപ്പിച്ചേക്കും. പദവികളൊന്നുമില്ലാതെ നിൽക്കുന്ന ചില പ്രമുഖ നേതാക്കളെ പരിഗണിക്കാനാണിത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ നേരത്തേ നിശ്ചയിച്ചത് ഹൈക്കമാൻഡ് ആണ്. അതിനാൽ ഹൈക്കമാണ്ട് അംഗീകാരത്തോടെ പുനഃസംഘടിപ്പിക്കും.

സമിതിയുടെ യോഗം വൈകാതെ ചേർന്നേക്കും. സംഘടനാ തിരഞ്ഞെടുപ്പ്, പുനഃസംഘടന എന്നിവ സമിതി ചർച്ച ചെയ്യണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗവും ഉടനുണ്ടാകും. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ 56 അംഗ പട്ടിക പുറത്തുവന്നതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ചേർന്ന് നിൽക്കുന്നവർക്ക് പ്രാധാന്യം കൂടി. പട്ടിക തയ്യാറാക്കുന്നതിൽ കെ.സി വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറയുമ്പോഴും മൂന്നിലൊന്ന് ജനറൽ സെക്രട്ടറിമാരും കെ.സി. വേണുഗോപാൽ പക്ഷക്കാരാണ്.

ആകെയുള്ള 23 ജനറൽ സെക്രട്ടറിമാരിൽ പഴകുളം മധു, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, ജോസി സെബാസ്റ്റ്യൻ, പി.എ നിയാസ്, കെ.കെ. എബ്രഹാം, ദീപ്തി മേരി വർഗീസ് എന്നിവർ കെ.സിയോട് അടുപ്പമുള്ളവരാണ്. എഴ് ജനറൽ സെക്രട്ടറിമാർ കെ.സി പക്ഷത്തുള്ളവരാണ്. ഇതിനുപുറമെ കെപിസിസി എക്സിക്യൂട്ടീവിലും കെ.സി. വിഭാഗത്തിന് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ജോർജ് മാമൻ കോണ്ടൂർ, ആലപ്പുഴയിൽ നിന്നുള്ള അഡ്വ.ജോൺസൺ എബ്രഹാം എന്നിവർ കെ.സി പക്ഷത്തുള്ളവരാണ്.

28 നിർവാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്. പത്മജ വേണുഗോപാൽ, ഡോ. പിആർ സോനയും നിർവാഹക സമിതിയിലുണ്ട്. അതേസമയം വി എം സുധീരൻ നൽകിയ പേരുകൾ പൂർണമായും പട്ടികയിൽ നിന്നൊഴിവാക്കി. ഒരു സമിതിയിലും ഉൾപെട്ടിട്ടില്ലാത്ത ശിവദാസൻ നായർ അതൃപ്തിയിലാണ്. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം കൊടുക്കാം എന്ന ഉപാധിയിലാണ് അദ്ദേഹത്തെ തണുപ്പിച്ചിരിക്കുന്നത്.