- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു; ബെന്നി ബെഹനാനെ നിയമക്കാൻ എ - ഐ ഗ്രൂപ്പുകളുടെ സംയുക്ത സമ്മർദ്ദം; പി ടി തോമസിനെയും ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ; അവസാന പട്ടികയിൽ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം; അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേത്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം നിന്നും ഒഴിയുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. ഇതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിനുള്ളിൽ ശ്രമം ശക്തമായിരിക്കയാണ്. പരിഗണിക്കുന്ന പേരുകളിൽ അണികൾക്ക് ഏറ്റവും താൽപ്പര്യം കെ സുധാകരനെയാണ്. എന്നാൽ, ഗ്രൂപ്പുകൾക്ക് താൽപ്പര്യമില്ലാത്ത അദ്ദേഹത്തെ വെട്ടാനുള്ള നീക്കങ്ങൾ എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടന്നുവരികയാണ്.
കെ സുധാകരന് പുറമേ പി ടി തോമസ്, ബെന്നി ബെഹനാൻ എന്നീ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിഞ്ഞ ബെന്നി ബെഹനാനെ ഉയർത്തിക്കാട്ടുന്നത് എ ഗ്രൂപ്പുകാരാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഐ ഗ്രൂപ്പിൽ നിന്നുള്ള വിഡി സതീശൻ എത്തിയതോടെ ഗ്രൂപ്പു സമവാക്യം അനുസരിച്ച് അധ്യക്ഷ പദവി എ ഗ്രൂപ്പിനാണ് ലഭിക്കേണ്ട്. എന്നാൽ, ഊ ഗ്രൂപ്പു സമവാക്യം പാലിക്കേണ്ട സമയമല്ല ഇപ്പോഴെന്നാണ് പൊതുവിൽ കോൺഗ്രസിനുള്ളിൽ ഉയരുന്ന വികാരം. അതുകൊണ്ട് തന്നെ കെ സുധാകരനെ പിന്തുണക്കുന്നവരാണ് നല്ലൊരു ശതമാനവും. ബെന്നി അല്ലെങ്കിൽ എ ഗ്രൂപ്പിന്റെ പിന്തുണ പി ടി തോമസിനാണ്.
പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് കോൺഗ്രസ് ചേരികളിലുണ്ടാക്കിയ പടലപ്പിണക്കങ്ങൾ കെപിസിസി. അധ്യക്ഷസ്ഥാനത്തേക്ക് ഐകകണ്ഠ്യേന ഒരു പേര് നിർദേശിക്കാൻ തടസ്സമാകുന്നുണ്ട്. കെ സി വേണുഗോപാലിന് കെ സുധാകരനെ അധ്യക്ഷനാക്കുന്നതിൽ താൽപ്പര്യക്കുറവുണ്ട്. അേേദ്ദഹം നീക്കത്തിന് തടയാൻ ശ്രമം നടത്തുന്നുണ്ട്. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാകും. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് ഒഴിവായ രമേശ് ചെന്നിത്തല മുറിവേറ്റനിലയിലാണ്. ഐ. പക്ഷത്തുനിന്നുതന്നെ വി.ഡി. സതീശന്റെ പേരുയരുകയും സുധാകരൻ അടക്കമുള്ളവർ സതീശനെ പിന്തുണയ്ക്കുകയുംചെയ്തത് ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ചു.
കെപിസിസി. പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തിൽ താൻ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുതിർന്നനേതാക്കളിൽനിന്നകന്ന് എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും കോൺഗ്രസിൽ രൂപപ്പെടുന്നുണ്ട്. വി.ഡി. സതീശനോട് ഇവർ അനുഭാവം പുലർത്തുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാൻ എ. ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈവിഭാഗത്തിലുള്ള എല്ലാ എംഎൽഎ.മാരും ഇത് അംഗീകരിച്ചില്ല. ഐ. ഗ്രൂപ്പ് എംഎൽഎ.മാരും രമേശിന്റെയും സതീശന്റെയും പേരുകളിൽ വിഭജിക്കപ്പെട്ടു. കെപിസിസി. പ്രസിഡന്റിന്റെ നിയമനത്തിലും ഇത് ചലനങ്ങൾ സൃഷ്ടിക്കും.
ദീർഘകാലമായി ഗ്രൂപ്പുകളിൽനിന്ന് അകലംപാലിച്ചാണ് പി.ടി. തോമസ് നിൽക്കുന്നത്. ഗ്രൂപ്പ് താത്പര്യങ്ങൾക്കപ്പുറം പരിഗണനയുണ്ടാകുമെന്നു കരുതുന്നവരാണ് തോമസിനെ പിന്തുണയ്ക്കുന്നത്. കെപിസിസി.ക്കുപിന്നാലെ ഡി.സി.സി.കളിലും അഴിച്ചുപണിയുണ്ടാകും. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും പ്രസിഡന്റില്ല.
തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി ഓൺലൈനിൽചേർന്ന് നേതാക്കളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞുതുടങ്ങിയിട്ടുണ്ട്. ംസ്ഥാനത്തുനിന്നുള്ള മുതിർന്നനേതാക്കൾ, എംപി.മാർ, എംഎൽഎ.മാർ എന്നിവരോടാണ് പ്രധാനമായും അഭിപ്രായമാരാഞ്ഞത്. ലോക്ഡൗണും മറ്റുംമൂലമുണ്ടായ കഠിനകാലത്ത് കിറ്റും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും നൽകിയതാണ് തുടർഭരണത്തിന് വേദിയൊരുക്കിയതെന്ന അഭിപ്രായം പൊതുവിൽ ഉയർന്നു. ഈസമിതിയുടെ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാകും കെപിസിസി. പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുക.
അതേസമയം പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം 14 ജില്ലാ ഘടകങ്ങളിലും പുതുനേതൃനിരയെ അണിനിരത്താനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അഴിച്ചു പണിയല്ലാതെ പാർട്ടിയെ രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് എഐസിസി വിലയിരുത്തൽ. ഇത് മനസിലാക്കിയതോടെ ചില ഡിസിസി അധ്യക്ഷന്മാർ സ്വയം ഒഴിയാൻ പാർട്ടി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. എന്നാൽ പുതിയ നേതൃത്വം വരുന്നത് വരെ സ്ഥാനത്ത് തുടരാനാണ് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.
യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നത്. അഴിച്ചുപണി താഴെത്തട്ട് മുതൽ വേണമെന്നുള്ള കർശന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കെപിസിസി അധ്യക്ഷന് പുറമേ യുഡിഎഫ് കൺവീനർ സ്ഥാനത്തും പുതുമുഖം എത്തും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്കുൾപ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തൽ. തോറ്റ ചില സ്ഥാനാർത്ഥികൾ ജില്ലാ നേതൃത്വം തങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്ന പരാതിയും നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ