പത്തനംതിട്ട: തനിക്ക് ശേഷം പ്രളയമെന്ന മട്ടിലാണ് ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളുടെ മനോഭാവം. നിരവധി സ്ഥാനമാനങ്ങൾ കിട്ടിയിട്ടും ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടും പ്രായമേറിയിട്ടും നേതൃകസേരകളിൽ നിന്ന് ഇറങ്ങാൻ അവർ ആരും തയാറല്ല. ജില്ലയിൽ നിന്നുള്ള കെപിസിസി അംഗങ്ങൾക്കായുള്ള ലിസ്റ്റ് പോയപ്പോൾ ഇവരൊക്കെത്തന്നെയും അതിൽ അള്ളിപ്പിടിച്ചു കിടക്കുകയാണ്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവായിരുന്ന പിജെ കുര്യൻ വരെ പട്ടികയിൽ കയറിക്കൂടിയിട്ടുണ്ട് എന്നതാണ് ഏറെ രസകരം.

ഏറെ നാളായി ജില്ലയിൽ അത്ര സജീവമല്ലാത്ത പന്തളം സുധാകരനും പട്ടികയിലുണ്ട്. അനീഷ് വരിക്കണ്ണാമല, എൻ. ഷൈലാജ്, സജി ചാക്കോ, എം.ജി കണ്ണൻ, എ. സുരേഷ്‌കുമാർ, റിങ്കു ചെറിയാൻ, റോബിൻ പീറ്റർ തുടങ്ങിയ നിരവധി നേതാക്കൾ പട്ടികയ്ക്ക് പുറത്താണ്. യുവജനപ്രാതിനിധ്യമായി ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായി മാറിയ രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടെന്നതാണ് ഏക ആശ്വാസം.

പന്തളം സുധാകരൻ-അടൂർ, രാഹുൽ മാങ്കുട്ടത്തിൽ-പന്തളം, കെ. ശിവദാസൻ നായർ-ആറന്മുള, മാലേത്ത് സരളാ ദേവി- റാന്നി, പി.ജെ. കുര്യൻ-തിരുവല്ല, പി. മോഹൻരാജ്-പത്തനംതിട്ട, മാത്യു കുളത്തുങ്കൽ-കോന്നി, പഴകുളം മധു-തണ്ണിത്തോട്, ബാബു ജോർജ്-മല്ലപ്പള്ളി എന്നിങ്ങനെയാണ് കെപിസിസിക്ക് പോയ പട്ടിക എന്നറിയുന്നു.

ഇക്കൂട്ടത്തിൽ പഴകുളം മധു കെപിസിസി ജനറൽ സെക്രട്ടറിയാണ്. ബാക്കിയുള്ളവരിൽ പി. മോഹൻരാജ്, ബാബു ജോർജ് എന്നിവർ മുൻ ഡിസിസി പ്രസിഡന്റുമാരെന്ന നിലയിൽ ഈ പദവിക്ക് അർഹതപ്പെട്ടവരാണ്. മാലേത്ത് സരളാ ദേവി, ശിവദാസൻ നായർ എന്നിവർ മുൻ എംഎൽഎമാരും കെപിസിസിയിൽ മുൻപും പ്രധാന പദവി വഹിച്ചിട്ടുള്ളവരുമാണ്.

രാഹുൽ മാങ്കൂട്ടത്തിനെ കൊണ്ടുവരാൻ വേണ്ടി കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയായ കൊല്ലത്ത് നിന്നുള്ള വനിതാ നേതാവിനെ പന്തളത്ത് നിന്നും മാറ്റിയിട്ടുണ്ട്. മാത്യു കുളത്തുങ്കൽ വർഷങ്ങളായി കോന്നിയിൽ നിന്നുള്ള കെപിസിസി അംഗമാണ്. സ്ഥിരം മുഖങ്ങളെ മാറ്റി നിർത്തി കുറച്ചു കൂടി യുവജന പ്രാതിനിധ്യവും പ്രവർത്തന പരിചയമുള്ള നേതാക്കളെയും കൊണ്ടു വരേണ്ടിയിരുന്നുവെന്ന ആവശ്യമാണ് നേതാക്കൾക്ക് ഇടയിലുള്ളത്.

നിലവിലെ കെപിസിസി നേതൃത്വത്തിന്റെ പദ്ധതി അനുസരിച്ചാണെങ്കിൽ പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകുകയും അവരവർക്ക് ചുമതലയുള്ള ബ്ലോക്ക് കമ്മറ്റികളിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയും വേണം. പത്തനംതിട്ടയിൽ നിന്നുള്ള ലിസ്റ്റിൽ ആ ഗണത്തിൽപ്പെട്ടവർ തീർത്തും കുറവാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.