- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശൗര്യത്തെ മുഖാമുഖം നിന്ന് വെല്ലുവിളിച്ച അതി സാഹസികത; ഭഗത്സിഗിന്റെ തോളൊപ്പം നിൽക്കാവുന്ന കേരളത്തിന്റെ യുവധീരൻ; റിവിഷനിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കമ്യൂണിസ്റ്റ്; കെപിആർ ഗോപാലൻ റിവിഷനിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കമ്യൂണിസ്റ്റ്
കണ്ണൂർ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശൗര്യത്തെ മുഖാമുഖം നിന്ന് വെല്ലുവിളിച്ച അതി സാഹസികതയുടെ പ്രതിരൂപമായിരുന്നു കെ.പി. ആർ. ഗോപാലൻ. ഭഗത്സിഗിന്റെ തോളൊപ്പം നിൽക്കാവുന്ന ഒരു യുവധീരൻ കൊച്ചു കേരളത്തിനും ഉണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. സിപിഎം. 23 ാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടക്കുമ്പോൾ ഈ വിപ്ലവ ഇതിഹാസത്തിന്റെ ജീവിതം കമ്യൂണിസ്റ്റ്കാർക്ക് മാത്രമല്ല രാജ്യസ്നേഹികൾക്കും ആവേശമാണ്.
1940 സപ്തംബർ 15 ന് കെപിസിസി. ആഹ്വാനം ചെയ്ത മർദ്ദന പ്രതിഷേധ ദിനം ആചരിക്കുകയായിരുന്നു തലശ്ശേരിയിലും മട്ടന്നൂരിലും ഉള്ള സ്വാതന്ത്ര സ്നേഹികൾ. തലശ്ശേരിയിലും മട്ടന്നൂരിലും ജനങ്ങളും പൊലീസും ഏറ്റുമുട്ടി. തലശ്ശേരിയിൽ അബുമാസ്റ്ററും ചാത്തുക്കുട്ടിയും വെടിയേറ്റു മരിച്ചു. എന്നാൽ മോറാഴ സംഭവം തികച്ചും യാദൃശ്ചികം മാത്രമായിരുന്നു.
നഷ്ടപ്പെട്ട വയലേലകൾ തിരിച്ച് പിടിക്കാൻ ചിറക്കൽ താലൂക്കിലെ കർഷകരുടെ വിശേഷാൽ സമ്മേളനം കീച്ചേരിയിൽ വിളിച്ചു ചേർത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും സമ്മേളനത്തിൽ പങ്കുകൊള്ളാൻ കർഷകർ ജാഥയായി പുറപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് പൊലീസ് സമ്മേളനത്തെ പ്രതിഷേധത്തിന്റെ കണക്കിൽ പെടുത്തി. മലബാറിലെങ്ങും ജനങ്ങൾ കൂടുന്നത് നിരോധിച്ചു കൊണ്ട് കലക്ടർ വില്യംസ് ഉത്തരവിട്ടു. വളപട്ടണം പൊലീസ് കീച്ചേരിയിലെത്തി യോഗം തടഞ്ഞു. ഈ യോഗം പ്രതിഷേധ ദിനവുമായി ബന്ധമില്ലെന്നും കർഷക സമ്മേളനം മാത്രമാണെന്നും കെ.പി. ആർ ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെ അറിയിച്ചു.
പൊലീസ് വഴങ്ങാത്തതിനാൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മോറാഴയിൽ സമ്മേളനം മാറ്റി. അവിടെ നിരോധനം ഉണ്ടായിരുന്നില്ല. കർഷകർ ത്രിവർണ്ണ പതാകയും ചെങ്കൊടികളുമേന്തി മോറാഴയിലേക്ക് നീങ്ങി. വളപട്ടണം പൊലീസ് ഇസ്പെക്ടർ കുട്ടികൃഷ്ണമേനോനും തളിപ്പറമ്പ് മജിസ്ട്രേട്ടും സമ്മേളന സ്ഥലത്ത് നിൽക്കുന്നതാണ് കണ്ടത്. കുട്ടികൃഷ്ണ മേനോന്റെ അധികാര പരിധിയല്ലാത്ത സ്ഥലത്ത് അദ്ദേഹത്തെ കണ്ട ജനക്കൂട്ടം ക്ഷുഭിതരായി. യോഗാദ്ധ്യക്ഷനായിരുന്ന വിഷ്ണഭാരതീയനെ കണ്ട് കുട്ടികൃഷണമേനോൻ ഇവിടേയും യോഗം നിരോധിച്ചതായി അറിയിച്ചു.
ജനങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. നിലത്ത് കമിഴ്ന്ന് കിടന്ന വിഷുഭാരതീയനെ സബ്ഇൻസ്പെക്ടർ വലിച്ചിഴച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസുകാരോട് ലാത്തി വീശാൻ ഇൻസ്പെട്കർ ആഞ്ജാപിച്ചു. അതോടെ കെ.പി. ആർ ഗോപാലൻ ചാടി ഇറങ്ങി പൊലീസിനെ നേരിടാൻ ആഹ്വാനം ചെയ്തു. പൊലീസും വളണ്ടിയർമാരും ഏറ്റുമുട്ടി. പൊലീസ് രണ്ട് ചുറ്റ് വെടിവെച്ചു. ജനക്കൂട്ടം തിരിച്ച് കല്ലേറ് നടത്തി. കല്ലേറിൽ പിടിച്ചു നിൽക്കാനാവാതെ പൊലീസുകാർ ഓടാൻ തുടങ്ങി. രക്ഷപ്പെടാൻ കഴിയാതെ ഇൻസ്പെക്ടർ കുട്ടികൃഷ്ണ മേനോനും ഹെഡ്കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും കല്ലേറിലും മർദ്ദനത്തിലും കൊല്ലപ്പെട്ടു.
'ഈ സംഭവത്തെ തുടർന്ന് നാടെങ്ങും ഭീകരാവസ്ഥയായി. ഗുരുതരമായ ലഹളയിൽ ഒരു സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും കൊല്ലപ്പെട്ടുവെന്ന് പ്രവിശ്യ ഭരണത്തിന്റെ ആസ്ഥാനമായ മദിരാശിയിലേക്ക് മലബാറിൽ നിന്നും റിപ്പോർട്ട് പോയി. - ജർമ്മൻ റേഡിയോ മലബാറിൽ സായുധ കലാപം ഇംഗ്ലീഷുകാർക്കെതിരെ എന്ന് വാർത്താ പ്രക്ഷേപണം നടത്തി. കെ.പി. ആർ ഗോപാലനൊഴികെ 34 പ്രതികളേയും ഒരു വർഷത്തിനിടെ അറസ്റ്റ് ചെയ്തു. ആദ്യ കേസിൽ കെ.പി. ആർ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ കെ.പി. ആറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. 1941 മെയ് 27 ന് കെ.പി. ആറിനെ കോട്ടയം തഹസിൽദാർ മുമ്പാകെ ഹാജരാക്കി.
തലശ്ശേരി സെഷൻസ് കോടതി കെ.പി. ആറിനും മറ്റും ഏഴ് വർഷം കഠിന തടവും 34 പ്രതികളിൽ 17 പേരെ വിട്ടയക്കുകയും ചെയ്തു. മദ്രാസ് ഗവൺമെന്റ് ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിച്ചു. അതോടെ കെ.പി. ആറിന് വധശിക്ഷ നൽകി. വാർത്ത പുറത്ത് വന്നതോടെ ദേശവ്യാപകമായ പ്രതിഷേധം അലയടിച്ചു. ഹൈക്കോടതിയിൽ നിന്നും കേസ് പ്രവീകൗൺസിലിൽ എത്തി. കെ.പി. ആറിന് വേണ്ടി വാദിച്ചത് പ്രമുഖ മാർക്കിസ്റ്റായ ബ്രിട്ടീഷ് അഭിഭാഷകൻ ഡി.എൻ പ്രക്ട് ആയിരുന്നു. പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി അത്യാഹിതങ്ങൾ സംഭവിച്ചാൽ ഒരാളിൽ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് നീതിയല്ലെന്ന് മഹാത്മാഗാന്ധി. കെ.പി. ആറിനെ വിട്ടയക്കണമെന്നും ഗാന്ധിജി ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. നെഹ്റു ഒരു പടി കൂടി കടന്ന് കെ.പി ആറിനെ തൂക്കിലേറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞു.
ബോംബെ ചൗപ്പാത്തി കടപ്പുറത്ത് ബ്ലിറ്റ്സ് വാരികയുടെ പത്രാധിപർ കരഞ്ചിയയുടെ നേതൃത്വത്തിൽ കെ.പി. ആറിന്റെ ശിക്ഷക്കെതിരെ പ്രതിഷേധം ആഞ്ഞടിച്ചു. പത്രപ്രവർത്തന ചരിത്രത്തിൽ തന്നെ പത്രാധിപർ നേരിട്ടിറങ്ങി പ്രക്ഷോഭം നടത്തിയത് ആദ്യമായാണ്. വമ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭവും പ്രതിഷേധവും രാജ്യ വ്യാപകമായി നടന്നു. അതോടെ കെ.പി. ആറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. മോറാഴ കേസിലെ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും 1946 വരെ ജയിലിൽ കിടന്നു. ടി. പ്രകാശം അവിഭക്ത മദിരാശി മുഖ്യമന്ത്രിയായതോടെ കെ.പി. ആർ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വിട്ടയച്ചു.
റിവിഷനിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കമ്യൂണിസ്റ്റായിരുന്നു കെ.പി. ആർ. അധികാരത്തിന് വേണ്ടി ഒത്തു തീർപ്പുകളും വിട്ട് വീഴ്ചകളും നടത്തുന്നത് കെ.പി. ആറിനെ പലപ്പോഴും കോപാകുലനാക്കിയിരുന്നു. എങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തളർച്ച നേരിടുമ്പോഴെല്ലാം കെ.പി. ആർ പടയാളിയെപ്പോലെ രംഗത്ത് വരുമായിരുന്നു. സമത്വ സുന്ദരമായ ഒരു ലോകത്തിന് വേണ്ടി ആശയം ആത്മാവിലേറ്റി ജീവിച്ച അപൂർവ്വ വിപ്ലവകാരികളിൽ അതുല്യനായിരുന്നു കെ.പി. ആർ. അതുകൊണ്ടു തന്നെ കമ്യൂണിസ്റ്റുകാരും ദേശ സ്നേഹികളും കെ.പി. ആറിനെ ഇന്നും ആദരിക്കുന്നു. അനുസ്മരിക്കുന്നു.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ