ലണ്ടൻ: കൃഷ്ണ മകൻസി - ജനനവും പഠനവും വെയ്ൽസിലും ഇംഗ്ലണ്ടിലും. പിന്നെ നേരെ ഇന്ത്യയിലേക്ക്, ഒടുവിൽ എത്തപ്പെട്ടത് തമിഴ്‌നാട്ടിലെ ഓറോവിലെ എന്ന സ്ഥലത്ത്. ഇപ്പോൾ ലോകം എങ്ങുമുള്ള പ്രകൃതി സ്നേഹികൾ ആരാധനയോടെ നോക്കുന്ന പ്രിമകൾച്ചർ കൃഷി രീതിയുടെ ഏറ്റവും വലിയ ആശയ പ്രചാരകൻ.

തന്റെ ആറേക്കർ തോട്ടത്തെ കാർഷിക വനമാക്കിയ മുണ്ടുടുത്ത സായിപ്പിന് താൻ ചെയ്യുന്നത് വലിയ കാര്യം ആണെന്നന്നും തോന്നുന്നില്ല, അദ്ദേഹം പറയുന്നത് പ്രകൃതിക്കൊപ്പം ജീവിക്കാമെന്ന ചെറിയ കാര്യം മാത്രം. ഇദ്ദേഹത്തെ കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളും വീഡിയോകളും ഒക്കെ പുറത്തു വന്നുകഴിഞ്ഞു. ഇദ്ദേഹത്തിന്റെ മാതൃക അനുകരിക്കുന്നവരും അനേകം. ചുരുക്കത്തിൽ ഇന്ത്യയിലെ ഏതു നാടൻ കര്ഷകനെയും തോൽപ്പിക്കുന്ന വിധത്തിൽ ഇന്ത്യൻ രീതിയോടിണങ്ങി, ഗണപതിയെ പൂജിച്ചു, വയലിനിലും ഗിറ്റാറിലും സംഗീതം പെയ്യിച്ചു ജീവിതത്തെ കൂടി ആഘോഷമാക്കുകയാണ് മകൻസി സായിപ്പ്.

മുണ്ടു മടക്കി കുത്തി കൃഷിയിടത്തിലേക്കിറങ്ങുന്ന കൃഷ്ണ

കൃഷിയെ സ്നേഹിച്ച കൃഷ്ണ ഇന്ന് നാട്ടുകാരെ കൂടി പ്രകൃതിയുമായി ഇണങ്ങുന്ന കൃഷി രീതി പഠിപ്പിക്കുന്ന സായിപ്പാണ്. തന്റെ ഓറോവിലെ സോലിട്ടൂട്ട് ഫാമിന് മാധ്യമങ്ങൾ നൽകിയ പ്രചാരണം മൂലം ആവശ്യത്തിലേറെ ശ്രദ്ധ കൈവന്ന സന്തോഷവും ഈ ബ്രിട്ടീഷുകാരൻ മറച്ചു വയ്ക്കുന്നില്ല. കാവി മുണ്ടും തലയിൽ വട്ടക്കെട്ടും ഫാമിൽ തന്നെ സ്ഥാപിച്ചിട്ടുള്ള ഗണപതി വിഗ്രഹത്തിൽ നടത്തുന്ന പൂജയുമൊക്കെ ഈ ബ്രിട്ടീഷുകാരനെ ഏതു ഇന്ത്യക്കാരനെക്കാളും തനിമയുള്ളവനാക്കി മാറ്റുന്നു.

പ്രകൃതിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത കൃഷി രീതിയാണ് ലോകമെങ്ങും പ്രകൃതി സ്നേഹികളെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിമകൾച്ചർ കൃഷി. ഈ രീതിയുടെ ഏറ്റവും വലിയ ആരാധകനും ലോകത്തിനുള്ള മാതൃകയും കൂടിയാണ് കൃഷ്ണ മകൻസി. ഇപ്പോൾ ഈ രീതിയിൽ ലോകത്തെ 140 രാജ്യങ്ങളിലായി 30 ലക്ഷം കർഷകർ ചെറുതും വലുതുമായ പ്രിമകൾച്ചർ കൃഷിത്തോട്ടങ്ങൾ നടത്തുന്നുണ്ട്.

ലണ്ടനിലെ സ്‌കൂളിൽ നിന്നേ കർഷകനാകാൻ മോഹം

കൗമാരക്കാരനായിരിക്കെ തന്നെ ലണ്ടനിലെ ജെ കൃഷ്ണമൂർത്തി സ്‌കൂളിൽ നിന്നാണ് കർഷകനാകാൻ കൃഷ്ണ മകൻസി തീരുമാനിക്കുന്നത്. അതും പ്രകൃതിയോടിണങ്ങിയെ തനിക്കു ജീവിതം ഉള്ളൂ എന്നും അദ്ദേഹം യുവാവാകും മുന്നേ തന്നെ തീരുമാനിച്ചിരുന്നു. ആധുനിക ലോകത്തിന്റെ പളപളപ്പൊന്നും ലണ്ടനിൽ വളർന്ന മകൻസിയെ പ്രലോഭപ്പിച്ചില്ല. സ്‌കൂളിൽ വച്ച് നല്ല അടുപ്പമുണ്ടായിരുന്ന ഒരു അദ്ധ്യാപകനാണ് അദ്ദേഹത്തെ ഓറോവിലിയിലേക്കു പറഞ്ഞയക്കുന്നത്. കൂടുതൽ ഭാഗം തമിഴ്‌നാട്ടിലും ബാക്കി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി കിടക്കുന്ന വില്ലുപുരം ജില്ലയിലെ ഒരു പരീക്ഷണ ഗ്രാമമാണ് ഓറോവിലെ.

1968 ൽ സ്ഥാപിതമായ ഇവിടെ ഇപ്പോഴും രണ്ടായിരം പേരാണ് താമസക്കാരായിട്ടുള്ളത്. ആർക്കിടെക്ട് റോജർ അംഗറും മിറാ അൽഫാസയും ചേർന്ന് ഇതിനെ ഒരു ടൗൺ ഷിപ്പായി രൂപമാറ്റം ചെയ്യുക ആയിരുന്നു. ലോകത്തുള്ള ആർക്കും വന്നു താമസിക്കാൻ കഴിയുന്ന ഒരു പ്രത്യേക പ്രദേശം കൂടിയാണിത്. അതിനാൽ തന്നെ ലോകത്തിന്റെ മിനിയേച്ചർ രൂപം കൂടിയാണ് ഓറോവിലെ. പ്രകൃതിയെ മനസിലാക്കാൻ ഉള്ള ഒരിക്കലും അവസാനിക്കാത്ത പഠനമാണ് ഓറോവിലെയിലെ ഓരോരുത്തരുടെയും ജീവിതം.

ഓറോവിലെയുടെ സ്ഥാപക മിറാ അൽഫാസയുടെ മരണ ശേഷം ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാർ ആയിരിക്കെ നടത്തിയ നിയമ നിർമ്മാണവും തുടർന്ന് ടൗൺഷിപ് മാനേജ്‌മെന്റ് സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടത്തിനും ഒടുവിൽ ഇന്ത്യൻ ഗവണ്മെന്റിന്റെ മനുഷ്യാവകാശ വകുപ്പിന് കീഴിൽ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ ഓറോവിലെയുടെ ദൈനംദിന പ്രവർത്തനം.

ആറേക്കർ കൃഷിയിടത്തിൽ 150 ഇനം പച്ചക്കറികളും ഫലവർഗങ്ങളും

ആർക്കും വേണ്ടാതെ കിടന്ന ഓറോവിലെയിലെ ആറേക്കർ ഭൂമിയിപ്പോൾ ഒരു തപോവനത്തേക്കാൾ സുന്ദരമാണ്. എവിടെ നോക്കിയാലും കായ്കനികളും പച്ചക്കറികളും. നാട്ടുകാർ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിലുള്ള അനേകതരം സസ്യജാലങ്ങൾ. അവയിൽ നല്ല പങ്കും ഭക്ഷണമായി പ്രയോജനപ്പെടുത്താവുന്നതും. ഇത് തന്നെയാണ് ഫുഡ് ഫോറസ്റ്റ് എന്ന ആശയത്തിന്റെ സവിശേഷതയും.

പ്രാദേശികമായി ലഭിച്ചതും തമിഴ്‌നാടൻ വനങ്ങളിൽ നിന്നും എത്തിച്ച ഔഷധമൂല്യമുള്ള സസ്യങ്ങളും ഒക്കെ മകൻസി സായിപ്പിന്റെ കൃഷിഭൂമിയിലുണ്ട്. ആധുനിക കൃഷി സമ്പ്രദായത്തിൽ നിന്നും വേറിട്ട് ഓരോ സസ്യജാലവും മറ്റൊന്നിനു കൂടി താങ്ങും തണലുമാകുന്ന കൃഷി രീതി കൂടിയാണ് ഇദ്ദേഹം ഫാമിൽ സ്വീകരിച്ചിരിക്കുന്നത്.

ആശയം ജപ്പാനിൽ നിന്നും, മണ്ണിനെ നോവിക്കരുത്

തന്റെ കൃഷിയിടത്തിൽ കാണുന്ന ആശയം ജപ്പാനിൽ നിന്നും കടം എടുത്തതാണെന്നും ഇദ്ദേഹം മറച്ചു വയ്ക്കുന്നില്ല. ലോക പ്രശസ്ത പ്രകൃതിദത്ത കൃഷി രീതിയുടെ ആശയക്കാരനായ ജപ്പാനിലെ കർഷകൻ മസനോബു ഫുകൊക്കയുടെ ഫാമിങ് രീതികളാണ് കൃഷ്ണയും കടം എടുത്തിരിക്കുന്നത്. ആരോഗ്യമുള്ള മണ്ണ് കണ്ടെത്തുകയാണ് ഈ കൃഷി രീതിയിൽ ഏറെ അത്യാവശ്യം. അതിനായി ഇലകളും ചപ്പുചവറുകളും ഒകെ ചേർത്ത് നിലം ഒരുക്കലാണ് ആദ്യം ചെയ്യുക.

മണ്ണിനെ നോവിക്കാതിരിക്കാൻ എന്ന വിധം മെഷീനുകൾ ഒന്നും ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ തന്നെയാണ് നിലം ഒരുക്കൽ. ഇത്തരത്തിൽ പൂച്ചെടികളും പച്ചക്കറികളും ധാന്യ വർഗ്ഗങ്ങളും ഒകെ നന്നായി വളരുമെന്ന് കൃഷ്ണ സായിപ്പിന്റെ വാഗ്ദാനം.

ആഗോള താപനത്തിന് എതിരെ, കൂടുതൽ വിളവ് കിട്ടിയപ്പോൾ കൂടുതൽ രോഗികളും ഉണ്ടായി

ഇന്നത്തെ കാർഷിക രീതികളും ആഗോള താപന ഉയർച്ചക്ക് പ്രധാന കാരണമാകുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വലിയ വ്യാവസായിക കാർഷിക തോട്ടങ്ങൾ ഉണ്ടായതോടെ ഭക്ഷണത്തിന്റെ ഉൽപാദനവും വിതരണവും ഒക്കെ വലിയ ബിസിനസ് ഗ്രൂപ്പുകളുടെ ചുമതലയായി. ഭക്ഷണ സാധനങ്ങൾ ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിച്ചു തുടങ്ങി. ഇതുവഴി പുറംതള്ളപ്പെടുന്ന കാർബൺ ആകെ ആഗോള താപനത്തിലെ നാലിൽ ഒന്നും സംഭാവന ചെയ്യുകയാണ്.

എന്നാൽ ലോകത്തെ ഓരോ പ്രദേശത്തെയും ഭക്ഷണത്തിനു മറ്റൊരു പ്രദേശത്തെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിക്കാത്ത ഭരണ കൂടങ്ങൾ പ്രകൃതിയോട് ചെയ്ത വലിയ ചതിയാണ് ഇന്ന് ലോകം അനുഭവിച്ചു തുടങ്ങിയിരിക്കുന്നത്. ഓരോ പ്രദേശവും സംതുലിതമായി വളർന്നിരുന്നെകിൽ ഇന്ന് ലോകത്തിന്റെ മുഖച്ഛായ തന്നെ ഇങ്ങനെ ആവുമായിരുന്നില്ല. കൂടുതൽ സുന്ദരവും സുരക്ഷിതവുമായ ലോകം നമ്മുടെ കയ്യിൽ ലഭിച്ചേനെ. എന്നാൽ ദുര മൂത്ത ഭരണാധികാരികളും സമ്പത്ത് ആഗ്രഹിച്ച ജനതയും എല്ലാം നശിപ്പിച്ചു.

ലോകത്തെ തീറ്റിപ്പോറ്റാനായി വലിയ തോതിലുള്ള ഫാമിങ് ആവശ്യമായി വന്നതോടെ പ്രകൃതിയെ മറന്നുള്ള കൃഷി രീതികൾക്ക് പ്രചാരണം ലഭിച്ചു. ലാഭവും കൂടുതൽ ഉൽപ്പാദനവും മാത്രമായി കർഷകരുടെ മുന്നിൽ ഉയർന്ന ലക്ഷ്യം. സർക്കാരുകളും മറിച്ചു ചിന്തിക്കാൻ തയ്യാറായില്ല. ഇതിന്റെയെല്ലാം ഫലമായി ഒന്ന് രണ്ടോ തവണ കൃഷി ചെയ്തായിടത്തു നിന്നും കൂടുതൽ വിളവുകൾ ലഭിക്കാതായി. വിളവ് കൂടുതൽ ലഭിക്കാൻ കൂടുതൽ കൃത്രിമ ചേരുവകളും മണ്ണിൽ പ്രയോഗിച്ചു തുടങ്ങി. വിളവ് ലഭിച്ചെങ്കിലും മനുഷ്യർ മാറാരോഗികൾ ആയി മാറാനും ആധുനിക കൃഷി രീതി നൽകിയ സംഭാവനകൾ ചെറുതല്ല.