കൊച്ചി: ഇനി കെ എസ് ഇ ബി ജീവനക്കാർക്ക് ധൈര്യമായി സംസ്ഥാന സർക്കാരിനെ വിമർശിക്കാം. കേന്ദ്ര സർക്കാരിന്റെ തെറ്റും ചൂണ്ടിക്കാട്ടാം. ആർക്കും ഒരു നടപടിയും എടുക്കാനാകില്ല. സർക്കാർ വകുപ്പ് അല്ലാത്ത കെഎസ്ഇബിയിലെ ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വാട്‌സാപ് പോസ്റ്റ് ഇട്ടാൽ അച്ചടക്ക നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതി വിശദീകരിക്കുകയാണ്.

അർഥവത്തായ ജീവിതത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടുന്ന ഇക്കാലത്ത് പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടി എടുക്കുന്നതിനോടു യോജിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. അതിവ പ്രാധാന്യമുള്ളതാണ് ഈ വിധി. മറ്റ് പൊതുമേഖലാ കമ്പനികൾക്കും ജീവനക്കാർക്കും എല്ലാം ഇത് ബാധകമാകും. വാട്‌സാപ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പോസ്റ്റ് ഇട്ടതായി ആരോപിച്ച് കെഎസ്ഇബി കാഷ്യറായ കണ്ണൂർ സ്വദേശി രതീഷിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സ്വകാര്യ വാട്‌സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങൾ പൊതുജനമധ്യേ എത്തുന്നതല്ലെന്നു ഹർജിക്കാരൻ വാദിച്ചു.

കോർപറേറ്റ് കമ്പനിയാണെന്നു കെഎസ്ഇബി തന്നെ സമ്മതിക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വാട്‌സാപ് ഗ്രൂപ്പിലിടുന്ന സന്ദേശം എങ്ങനെ നടപടിക്കു പ്രേരിപ്പിക്കുന്ന അച്ചടക്ക ലംഘനമാകും? സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് കെഎസ്ഇബി അധികൃതർക്കു മുന്നിലെത്തിയത് എങ്ങനെയെന്നു വ്യക്തമല്ല. അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്‌സാപ് പോസ്റ്റുകളുടെ പേരിൽ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതും ഒടുവിൽ സസ്‌പെൻഷൻ കാലയളവ് അവധിയായി പരിഗണിച്ചു താക്കീതു ചെയ്തതുമാണു ഹർജിക്കാരൻ ചോദ്യം ചെയ്തത്. നടപടി റദ്ദാക്കിയ കോടതി, സസ്‌പെൻഷൻ കാലയളവു ഡ്യൂട്ടിയായി പരിഗണിച്ചു ക്രമപ്പെടുത്താൻ കെഎസ്ഇബിക്കു നിർദ്ദേശം നൽകി.

കെ.എസ്.ഇ.ബി.യിൽ കാഷ്യറായ കണ്ണൂർ സ്വദേശി പി.വി. രതീഷായിരുന്നു ഹർജിക്കാരൻ. സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വാട്സാപ്പ് സന്ദേശം 2016-ൽ ഷെയർ ചെയ്തത്. ഇതിന്റെ പേരിൽ 2016 സെപ്റ്റംബർ 29മുതൽ ഡിസംബർ 19വരെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നീട് സസ്‌പെൻഷൻ കാലാവധി അവധിയായി കണക്കാക്കിയിരുന്നു. ഇതിനെതിരേയാണ് കോടതിയെ സമീപിച്ചത്.

തനിക്കുലഭിച്ച സന്ദേശം സ്വകാര്യ ഗ്രൂപ്പിൽ ഷെയർ ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും അതിന്റെപേരിൽ തന്റെ അഭിപ്രായസ്വാതന്ത്ര്യം തടയാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കെ.എസ്.ഇ.ബി. സർക്കാരിന്റെ ഒരുവകുപ്പ് അല്ലെന്നിരിക്കെ സർക്കാരിനെ വിമർശിക്കുന്ന സന്ദേശം ഷെയർ ചെയ്യുന്നതിന്റെ പേരിൽ നടപടി സ്വീകരിക്കാനാകില്ലെന്നും കോടതി വിലയിരുത്തി.