- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശമ്പളം കൂട്ടിയപ്പോൾ പെൻഷന് അടക്കം വേണ്ടി വരുന്നത് ശതകോടികൾ; അസി. എക്സി. എഞ്ചിനീയർക്ക് ഒറ്റയടിക്ക് 28820 രൂപ കൂടിയപ്പോൾ ദുരിതം സാധാരണക്കാർക്ക്; ഇനി സാധാരണക്കാർക്ക് രാത്രി ഇരുട്ടത്ത് ഇരിക്കാം; കെ എസ് ഇ ബി നിരക്ക് വർദ്ധനവുമായി മുമ്പോട്ട്; പ്രതീക്ഷ മുഖ്യമന്ത്രിയിൽ
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനവിൽ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കും. ന്യായമായ വർധനയാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം നിർണ്ണായകമാകുന്നത്. നിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ ഡിസംബർ 25-ഓടെ തയ്യാറാക്കി റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. ജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷൻ നിരക്ക് നിർണയിക്കുന്നത്. ഇത് എത്രയായിരിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി.
റെഗുലേറ്ററീ കമ്മീഷനിൽ സർക്കാർ എടുക്കുന്ന നിലപാട് അതിനിർണ്ണായകമാകും. മൂന്നുവർഷംമുമ്പാണ് നിരക്ക് കൂട്ടിയത്. കമ്മിഷന്റെ മാനദണ്ഡപ്രകാരം വർഷംതോറും നാലുശതമാനത്തോളം പണപ്പെരുപ്പത്തിന്റെ ഭാഗമായ വർധന അനുവദിക്കണമെന്നാണ് ബോർഡിന്റെ വാദം. 10 ശതമാനത്തിലധികം വർധനവരുത്തേണ്ടിവരും എന്നതാണ് യാഥാർഥ്യം. ശമ്പളപരിഷ്‌കരണവും കോവിഡ് സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നൽകിയതും സാധാരണക്കാരിൽ നിന്ന് പിഴിഞ്ഞെടുക്കും. ഇതു മൂലം ബോർഡിന് 1800 കോടിരൂപയുടെ ബാധ്യതയുണ്ടായെന്നാണ് ബോർഡ് പറയുന്നത്. ഉപയോഗം കൂടുതലുള്ള രാത്രിയിൽ വൈദ്യുതിക്ക് അധികനിരക്ക് ഈടാക്കണമെന്ന ആവശ്യം ചർച്ചയിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും സമ്മതിച്ചിട്ടുണ്ട്.
രാജ്യത്തെ വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണം കടന്നുവന്നിട്ടും കാലം കുറച്ചായി. റിലയൻസും അദാനിയുമൊക്കെ ഈ രംഗത്തേക്ക് ചുവടു വെച്ചപ്പോഴും കേരളത്തിൽ മാത്രം ഇക്കൂട്ടർക്ക് കാര്യമായ ഇടപെടൽ നടത്താൻ സാധിച്ചിട്ടില്ല. ഇവിടെ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്(കെഎസ്ഇബി)യുടെ അപ്രമാദിത്തം തന്നെയാണ് ഇതിന് കാരണം. കേരള സർക്കാർ നേരിട്ടു നടത്തിയിരുന്ന കെഎസ്ഇബിയെ കമ്പനിയാക്കിയതോടെ ലാഭത്തിലേക്ക് സ്ഥാപനം എത്തുകയും ചെയ്തു. കൂടാതെ സർവീസിന്റ കാര്യത്തിൽ അടക്കം മുൻകാല സമീപനങ്ങളേക്കാൾ മാറ്റം വരികയും ചെയ്തു. ആധുനിക വൽക്കരണം അടക്കം കെഎസ്ഇബിക്ക് നേട്ടങ്ങൾ സമ്മാനിച്ചു. ഇതിനിടെയായിരുന്നു വലിയ തോതിലെ ശമ്പളം പരിഷ്‌കരണം. ഇത് കെ എസ് ഇ ബിയെ മൊത്തത്തിൽ തകർത്തു.
ഹൈടെൻഷൻ എക്‌സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾ, 20 കിലോവാട്ട് വരെയുള്ള ലോ ടെൻഷൻ വ്യവസായങ്ങൾ, മാസം 500 യൂണിറ്റിലേറെ ഉപയോഗിക്കുന്ന വീടുകൾ തുടങ്ങിയവരിൽനിന്ന് ഇപ്പോൾ പീക് അവർ സമയത്ത് 50% അധിക നിരക്ക് ഈടാക്കുന്നുണ്ട്. അതിനാൽ പുതിയ നീക്കം മറ്റാരെയൊക്കെയാകും ബാധിക്കുകയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അധിക നിരക്ക് നൽകുന്നവർക്കു രാത്രി 10നു ശേഷമുള്ള ഓഫ് പീക് സമയത്ത് 25 % കുറവുമുണ്ട്. ഈ സമയത്തെ ഉപയോഗം കണക്കാക്കാൻ വില കൂടിയ പ്രത്യേക തരം മീറ്ററാണ് (ടിഒഡി) ഉപയോഗിക്കുന്നത്.
സാധാരണ ഗാർഹിക ഉപയോക്താക്കളുടെ ശരാശരി വൈദ്യുതി നിരക്ക് യൂണിറ്റിനു 4 രൂപയാണ്. പീക് സമയത്ത് 50 % അധികമായാൽ ഇത് 6 രൂപ ആകും. ഇതോടെ വൈദ്യുതി ബിൽ കുതിച്ചുയരും. ഭൂരിപക്ഷം വീടുകളിലും വൈകിട്ട് ആറിനും പത്തിനുമിടയ്ക്കു വൈദ്യുതി ഉപയോഗം കൂടുതലാണ്. കാര്യമായ ഉപയോഗമില്ലാത്ത ഓഫ് പീക് സമയത്ത് നിരക്ക് 25 % കുറച്ചാലും വലിയ ലാഭമില്ല. അതായത് രാത്രിയിൽ ഇനി ഇരുട്ടത്ത് ഇരുന്ന് കഴിയുന്നതാകും കുടുംബ ബജറ്റിന് നല്ലതെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. വൻ ശമ്പള വർദ്ധനവാണ് കെ എസ് ഇ ബി ഈ അടുത്ത കാലത്ത് നടപ്പാക്കിയത്. ഇതാണ് സാധാരണക്കാരുടെ നടുവൊടിക്കുന്നത്.
വൈദ്യുതിനിരക്ക് കൂട്ടാൻ ഡിസംബർ അവസാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി. നൽകുന്ന അപേക്ഷയിൽ ഈ ശുപാർശകൂടി ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ രാത്രിയിൽ ഉപയോഗം കൂടുന്നതുകൊണ്ട് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇത് കുറയ്ക്കാനാണ് മാറ്റം പരിഗണിക്കുന്നത്. ഇതു നടപ്പായാൽ ഗാർഹികമേഖലയിൽ നിരക്ക് കുത്തനെ കൂടും. കാരണം, വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും രാത്രിയിലാണ്.
നിലവിൽ മൂന്നുവിഭാഗം ഉപയോക്താക്കൾക്കാണ് ടി.ഒ.ഡി. രീതി നിർബന്ധം. വൻകിട വ്യവസായങ്ങളായ ഹൈടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കൾ, 20 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡുള്ള ലോടെൻഷൻ വ്യവസായങ്ങൾ, മാസം 500 യൂണിറ്റിൽക്കൂടുതൽ ഉപയോഗിക്കുന്ന വീടുകൾ. വാണിജ്യസ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഈ രീതി തിരഞ്ഞെടുക്കാം.
വലച്ചത് ശമ്പള പരിഷ്‌കരണം തന്നെ
സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് വൈദ്യുതി ബോർഡിലും ശമ്പളം വർധിപ്പിച്ചരിക്കുന്നത്. സംസ്ഥാന തലത്തിലെ ശമ്പള വർധനവിന്റെ ചുവടു പിടിച്ചു നടത്തിയ ശമ്പള വർധനവിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ളവർക്ക് ശരിക്കും കോളടിച്ചു. അസി. എക്സി. എഞ്ചിനീയർ തസ്തികയിൽ ഉള്ള ഒരാൾക്ക് ഒറ്റയടിക്ക് ശമ്പളത്തിൽ വർധനയായി കൈയിൽ കിട്ടിയത് 28000 രൂപയോളമാണ്. ഉന്നത ഉദ്യോഗസ്ഥ തസ്തികയിലേക്ക് പോകുമ്പോൾ ഈ തുക വീണ്ടും ഉയർന്നു. ഇതെല്ലാം സാധാരണക്കാരിൽ നിന്ന് ഈടാക്കാനാണ് നിരക്ക് വർദ്ധനവെന്ന സംശയമാണ് ഉയരുന്നത്. ശമ്പള വർധനവ് കേരള സർക്കാറിന്റെ കീഴിലുള്ള മറ്റൊരു കമ്പനികളിലേയും കൂടുതലുമായിരുന്നു.
പ്രതിമാസം ശമ്പള വർധനവായി 41 കോടിയോളം രൂപയാണ് ബാധ്യതയായി വരുന്നത്. പ്രതിവർഷം വർഷം 500 കോടി രൂപ ശമ്പള ഇനത്തിൽ അധികമായി കണ്ടെത്തേണ്ടി വരും. പെൻഷൻ കൂടി കണക്കാക്കിയാൽ ആ തുക ഉയരങ്ങളിലേക്ക് എത്തി. ഈ ശമ്പള പരിഷ്‌ക്കരണത്തിന് പിന്നാലെ ഓരോ വർഷവും രണ്ടു ഗഡു ഡിഎ, ഒരു ഇൻക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ എന്നിവ കൂടി ചേരുമ്പോൾ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയിലേക്ക് സ്ഥാപനം എത്തി. ഇതു തന്നെയാണ് ഇപ്പോൾ കെ എസ് ഇ ബിയെ വലയ്ക്കുന്നതും.
ഭീമമായ ഈ ശമ്പള വർധവിനെതിരെ കടുത്ത വിമർശനം ജീവനക്കാർക്കിടയിൽ തന്നെ ഉയർന്നിരുന്നു്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിനെ ജീവനക്കാരൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും സൈബർ ഇടത്തിൽ വൈറലായി്. എസ് സുരേഷ് കുമാർ എന്നയാളായാണ് പോസ്റ്റിട്ടത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വിവരങ്ങൾ കണ്ട് കെഎസ്ഇബിയിലെ ശമ്പള വർധന അനാവശ്യമാണെന്ന വികാരവും ശക്തമായരുന്നു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
2021ലെ ശമ്പള പരിഷ്‌ക്കരണം ഉയർത്തുന്ന ചോദ്യങ്ങൾ.....
കെ.എസ്.ഇ.ബിയിൽ 22 വർഷത്തെ സർവ്വീസ് പൂർത്തിയാക്കാൻ ഇനി കൃത്യം മൂന്ന് മാസം. സബ് എഞ്ചിനീയറായി സർവ്വീസിൽ കയറുമ്പോൾ അടിസ്ഥാന ശമ്പളം 1640 രൂപ. ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 128000രൂപ (അസി.എക്സി.എഞ്ചിനീയറുടെ ഗ്രേഡ്) 2021 ഫെബ്രുവരി മാസത്തെ ആകെ ശമ്പളം - 132400.
2021 മാർച്ച് മാസത്തെ ആകെ ശമ്പളം - 161220.
വർദ്ധനവ് - 28820 രൂപ.
2016 ലെ ശമ്പള പരിഷ്‌ക്കരണം നടക്കുന്നതിന് മുൻപത്തെ മാസത്തെ (മാർച്ചിലെ) ആകെ ശമ്പളം -75800 രൂപ
2016 ഏപ്രിലിൽ കിട്ടിയ പുതുക്കിയ ആകെ ശമ്പളം - 86937രൂപ
2016ലെ വർദ്ധന - 11137 രൂപ.
2016ലെ വർദ്ധനവിന്റെ (11137 രൂപ) 259% ആണ് 2021ൽ ഉണ്ടായ വർദ്ധനവ് (28820 രൂപ).
2016 ലെ ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പുണ്ടായിരുന്ന ശമ്പളത്തിനേക്കാൾ (75800 രൂപ) 113% (85400 രൂപ )വർദ്ധിച്ചാണ് 2021 മാർച്ചിലെ പുതുക്കിയ ശമ്പളം വന്നിരിക്കുന്നത്.
KSEBLൽ 2021 ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ശമ്പള ചെലവിൽ മാത്രം(പെൻഷൻ വർധന കണക്കിലെടുക്കാതെ ) ഉണ്ടായ വർദ്ധനവ് 41 കോടിയിലധികമാണ്. അതായത് 2021-22 ൽ ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപ ശമ്പള ചെലവിനായി മാത്രം അധികമായി കണ്ടെത്തണം. പെൻഷൻ വർദ്ധന കൂടി കണക്കിലെടുത്താൽ അധികമായി വരുന്ന തുക 750 കോടിയോളം രൂപ വരും. 2018 മുതലുള്ള ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക കൂടിശ്ശികയുടെ ബാധ്യത 1000 കോടിക്കടുത്ത് വരും.
ഈ പരിഷ്‌ക്കരണത്തോടൊപ്പം ഓരോ വർഷവും രണ്ടു ഗഡു DA, ഒരു ഇൻക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ എന്നിവ കൂടി ചേരുമ്പോൾ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയാണ് വരും വർഷങ്ങളിൽ ഈ സ്ഥാപനം നേരിടേണ്ടിവരിക.
കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കരാറിൽ 2013 നും 2016 നും ഇടയിൽ സർവ്വീസിൽ വന്ന താഴ്ന്ന ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് ഒരു ഇൻക്രിമെന്റ് കൂടി നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നു. മുൻപും ഈ രീതി തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ഓഫീസറന്മാരുടെ ശമ്പള പരിഷ്‌ക്കരണ ആഡിറ്റ് സർക്കുലറിലും എൻട്രി കേഡറിലുള്ള ഓഫീസറന്മാർക്കും വ്യവസ്ഥ എഴുതി വച്ചു. ഇതു വഴി 2013 ന് സർവ്വീസിൽ ഉണ്ടായിരുന്ന ചില അസി.എഞ്ചിനീയറന്മാരേക്കാൾ കൂടുതൽ അതിന് ശേഷം സർവ്വീസിൽ വന്നവർക്ക് കിട്ടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ HRA യുടെ കാര്യം എഞ്ചിനീയേഴ്സ് അസോസിയേഷൻ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. നഗരങ്ങളിലും പ്രോജക്ട് ഏര്യായിലും തമ്മിൽ HRA യുടെ കാര്യത്തിൽ വലിയ അന്തരം ഉണ്ടെന്നും അതിന് പരിഹാരം കാണണമെന്നും ആണ് ഇപ്പോൾ പറയുന്നത്. ശമ്പളം പുതുക്കാൻ കാർമ്മികത്വം വഹിക്കുമ്പോൾ പറയാതിരുന്ന കാര്യമാണ് അവർ ഇപ്പോൾ ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ രീതി പിൻതുടർന്നാൽ ഒടുവിൽ നഗര - ഗ്രാമ അന്തരത്തിന്റെ പേര് പറഞ്ഞുള്ള HRA വർദ്ധനവ് കൂടി ഇനി പ്രതീക്ഷിക്കാം.
ഇത് ന്യായമായ വർദ്ധനവ് എന്ന് ആര് പറഞ്ഞാലും അത് കണ്ണടച്ച് ഇരുട്ടാക്കലാകും. ഇത് കുത്തി വാരലാണ് എന്ന് കണ്ണ് തുറന്ന് നോക്കിയാൽ ആർക്കും കാണാൻ കഴിയും. ഇത്രയും വാരിക്കോരി കൊടുക്കാനുള്ള ത്രാണി ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ചിരുന്നുവോ....? ഭാവിയിലും ശമ്പള പരിഷ്‌ക്കരണം വേണമെന്നില്ലയോ.....?
അതോ കേന്ദ്രത്തിലേതു പോലെ പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌ക്കരണം മതിയോ.....? ഈ ശമ്പള പരിഷ്‌ക്കരണം ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയാണ്.
മറുനാടന് മലയാളി ബ്യൂറോ