ഇടുക്കി : കല്ലാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തോട് ചേർന്ന് പരിസ്ഥിതിലോല പ്രദേശത്ത് നിയമവിരുദ്ധമായി മിനി വൈദ്യുത ഭവൻ നിർമ്മിക്കുന്നുവെന്ന് പരാതി. മഴക്കാലത്ത് സ്ഥിരം വെള്ളപ്പൊക്കമുണ്ടാകുന്ന ഇവിടെ അപകടസാധ്യത പരിഗണിക്കാതെയെന്ന് നിർമ്മാണം. വെള്ളം കയറുന്ന സ്ഥലത്ത് കോടികൾ ചെലവഴിച്ചുള്ള കെട്ടിട നിർമ്മാണം അശാസ്ത്രീയമെന്നാണ് ആക്ഷേപം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കനത്ത മഴയിൽ നിരവധിതവണയാണ് പദ്ധതിപ്രദേശം വെള്ളത്തിലായത്. കെട്ടിടത്തിന്റെ കൽക്കെട്ട് അടക്കം വെള്ളത്തിലായിരുന്നു. കെട്ടിടനിർമ്മാണത്തിനായി ഇറക്കിയിരുന്ന കരിങ്കല്ല്, മണ്ണ്, മണൽ എന്നിവയും പലതവണ ഒഴുകിപോകുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ നികുതിപ്പണം അനവശ്യമായി വെള്ളത്തിലൊഴുക്കികളയുകയാണെന്ന പരാതിയുമുണ്ട്.

ഈ ഭാഗത്ത് കെട്ടിടത്തിന്റെ നിർമ്മാണം പുർത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാകും. അങ്ങനെയുണ്ടായാൽ മേഖലയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിനും സാധ്യതയുണ്ട്. അതോടെ തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട് മേഖലയിലുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക.

ഹൈറേഞ്ചിൽ കെഎസ്ഇബിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ഓഫിസ് സമുച്ചയമെന്നാണു കെഎസ്ഇബി വാദം. മേഖലയിലെ വൈദ്യുത ഓഫിസുകൾ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുത വകുപ്പ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള വൈദ്യുതഭവൻ നിർമ്മാണത്തിനാണ് കഴിഞ്ഞ ഒക്ടോബറിൽ കെഎസ്ഇബി ഭരണാനുമതി നൽകിയത്.

2. 20 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 2625 സ്‌ക്വയർ ഫീറ്റിൽ 3 നിലകളിലായാണ് കെട്ടിട നിർമ്മാണം. നെടുങ്കണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ്, അസിസ്റ്റൻന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ്, ട്രാൻസ്മിഷൻ ഡിവിഷൻ ഓഫിസ്, ട്രാൻസ്മിഷൻ സബ് ഡിവിഷൻ ഓഫിസ് എന്നിവ വൈദ്യുത ഭവനിൽ പ്രവർത്തിക്കും. കല്ലാർ ഡാമിനോടു ചേർന്ന് കെഎസ്ഇബിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് വൈദ്യുതി ഭവൻ നിർമ്മാണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആധുനിക സൗകര്യമുള്ള കെട്ടിട നിർമ്മാണത്തിനു കെഎസ്ഇബി ഭരണാനുമതി നൽകിയത്. കെ.എസ്.ഇ.ബിയുടെ നെടുങ്കണ്ടത്തെ, വിവിധ ഓഫിസുകൾ ഒരു കെട്ടിടത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതഭവൻ നിർമ്മിക്കുന്നത്. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം. നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് മറ്റൊരിടത്ത് പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.