- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാപനങ്ങൾ തുടങ്ങി കണക്ഷൻ എടുത്ത് കുടിശ്ശിക വരുത്തി മുങ്ങുന്നവർ ഏറെ; അടവ് മുടക്കുന്ന സ്ഥാപന ഉടമകളെ കണ്ടെത്തി കുടിശിക ഈടാക്കാൻ ആധാർ നമ്പറുമായി കൺക്ഷൻ ബന്ധിപ്പിക്കും; വിവര ചോർച്ച തടയാൻ ഇനി എസ് എം എസ് സുരക്ഷയും; കെ എസ് ഇ ബിയും പുതിയ ചിന്തകളിൽ
തിരുവനന്തപുരം: കുടിശിക പിരിവ് ഊർജ്ജിതമാക്കാൻ വൈദ്യുതി കണക്ഷന് ആധാർ നമ്പർകൂടി അടിസ്ഥാനമാക്കാനുള്ള നിർദ്ദേശം കെ.എസ്.ഇ.ബി.യുടെ പരിഗണനയിൽ. നിലവിൽ കണക്ഷൻ എടുത്തിട്ടുള്ളവരുടെയും ആധാർ ബന്ധിപ്പിക്കാനാണ് ആലോചന. ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെ.എസ്.ഇ.ബി. കത്തെഴുതി.
രണ്ട് തിരിച്ചറിയൽ രേഖകൾമാത്രം നൽകിയാൽ ഇപ്പോൾ കണക്ഷൻ കിട്ടും. എന്നാൽ, പല സ്ഥാപനങ്ങളും കണക്്ഷനെടുത്തശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരുടെ ഉടമകളെ കണ്ടുപിടിച്ച് കുടിശ്ശികയീടാക്കാൻ കഴിയുന്നില്ല. ഇതൊഴിവാക്കാനാണ് ആധാർ നമ്പർകൂടി പരിഗണിക്കുന്നത്. ഇതിലൂടെ വലിയ സാമ്പത്തിക മെച്ചം കെ എസ് ഇ ബിക്കുണ്ടാകും. എന്നാൽ ഇത് വിവാദങ്ങൾക്ക് വഴിവയ്ക്കും. അതുകൊണ്ട് തന്നെ കരുതലുകളും എടുക്കും.
ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കാനാവില്ല. അതിനാൽ ആദ്യഘട്ടത്തിൽ താത്പര്യമുള്ളവർമാത്രം ആധാർ നമ്പർ നൽകുന്നതാണ് പരിഗണിക്കുന്നത്. വൈദ്യുതിബിൽ കുടിശ്ശികയുണ്ടെന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്നതു തടയാൻ ഓൺലൈനിൽ പണമടയ്ക്കുന്ന രീതി പരിഷ്‌കരിക്കുകയും ചെയ്യും. ഇപ്പോൾ ബോർഡിന്റെ വൈബ്സൈറ്റിൽ കയറി കൺസ്യൂമർ നമ്പർ നൽകിയാൽ ആരുടെയും ബില്ലിന്റെ വിശദാംശങ്ങൾ കാണാം. ഇത് വിവര ചോർച്ചയാണെന്ന ചർച്ചകളും സജീവമാണ്.
പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തിൽ മൊബൈൽ നമ്പർമാത്രം നൽകിയാൽ വിവരങ്ങളറിയാം. ഇവയിൽനിന്ന് തട്ടിപ്പുകാർ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയമുയർന്നിട്ടുണ്ട്. അതിനാൽ, ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. രേഖപ്പെടുത്തിയശേഷം മാത്രം വിവരങ്ങൾ കാണാനാകുന്ന രീതി ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. സോഫ്റ്റ്‌വേർ സുരക്ഷ സംബന്ധിച്ച ഓഡിറ്റ് നടത്താൻ കെ.എസ്.ഇ.ബി. ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കെ എസ് ഇ ബിയിൽ ഡാറ്റാ ചോർച്ച നടക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ട് ഹാക്കർമാർ രംഗത്തു വന്നിരുന്നു. 'കെ. ഹാക്കേഴ്‌സ്' എന്ന എത്തിക്കൽ ഹാക്കർമാരുടെ സംഘമാണ് വിവരങ്ങൾ ചോർത്തിയത്. ചോർത്തിയ വിവരങ്ങൾ വിഡിയോ ആയി പുറത്തു വിടുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു ഈ സംഭവം. വിവര ചോർച്ച തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ കെ.എസ്.ഇ.ബി തയാറായില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് കെ. ഹാക്കേഴ്‌സ് ഫേസ്‌ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
തങ്ങൾ ചോർത്തിയ വിവരങ്ങളുടെ മാർക്കറ്റ് വില അഞ്ച് കോടിക്ക് മുകളിലുണ്ടെന്നും വിവരങ്ങൾ വിൽക്കുകയെന്നത് കെ ഹാക്കേഴ്‌സിന്റെ ലക്ഷ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് മൂന്ന് ലക്ഷം വിവര ശേഖരണം കൊണ്ട് നിർത്തുകയായിരുന്നുവെന്നും ഹാക്കേഴ്‌സ് പറഞ്ഞിരുന്നു. ഏറ്റവും എളുപ്പത്തിൽ വിവരം ചോർത്താൻ സാധിക്കുന്നതും സുരക്ഷ ഇല്ലാത്തതുമായ സൈറ്റുകളിൽ നിന്ന് വിവരം ചോർത്തി അവയുടെ സുരക്ഷാപ്രശ്‌നം പുറത്തു കൊണ്ടുവരികയെന്ന് ഉദ്യമം കെ ഹാക്കേഴ്‌സ് തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ