- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഷ്ട്രീയക്കാർക്ക് വേണ്ടി സെക്ഷനുകൾ വെറുതെ ഉണ്ടാക്കുമ്പോൾ സൃഷ്ടിക്കപ്പെട്ടത് അനാവശ്യ തസ്തിക; റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാത്തത് ആറായിരം ജീവനക്കാർ; സാധാരണക്കാരുടെ നടുവൊടിച്ച് നിരക്ക് കൂട്ടിയാലും കുഴപ്പമില്ല അനാവശ്യ തസ്തിക വെട്ടികുറയ്ക്കാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ; കെ എസ് ഇ ബിയെ തകർക്കാൻ വീണ്ടും ധാർഷ്ട്യക്കാർ
തിരുവനന്തപുരം: വൈദ്യുത ബോർഡിലെ ഉദ്യോഗസ്ഥ പുനർവിന്യാസം നടത്താനുള്ള മാനേജ്‌മെന്റ് ശ്രമത്തെ അട്ടിമറിക്കാനുള്ള നീക്കം സജീവം. സംസ്ഥാന സർക്കാരും ഖജനാവും പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വം വീണ്ടും ഇടപെടൽ നടത്തുന്നത്. കെ എസ് ഇ ബിയിൽ അംഗീകാരമില്ലാത്ത ആറായിരം തസ്തികകളുണ്ട്. ഈ തസ്തികകൾ ബോർഡിന് വലിയ ബാധ്യതയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമത്തെയാണ് അട്ടിമറിക്കാനുള്ള ശ്രമം.
തസ്തികകൾ വെട്ടിക്കുറയ്ക്കാനായിരുന്നില്ല കെഎസ്ഇബി സമ്പൂർണ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ തീരുമാനം ഉണ്ടായത്. റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാത്ത തസ്തികകളുടെ എണ്ണം കുറയ്ക്കാനായിരുന്നു തീരുമാനം. ഈ മാസം 700 പേർ വിരമിക്കും. ഈ വിരമിക്കുന്നതിൽ ആവശ്യമില്ലാത്ത തസ്തിക കണ്ടെത്തി അവിടെ ആളെ നിയമിക്കാതിരിക്കുക. അങ്ങനെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാത്ത ആറായിരം തസ്തികകൾ കുറയ്ക്കുക എന്നതിന് തുടക്കമിടാനായിരുന്നു ലക്ഷ്യം. റെഗുലേറ്ററീ കമ്മീഷൻ അംഗീകാരമില്ലാത്ത തസ്തികകൾക്ക് ശമ്പളം നൽകാൻ കഴിയില്ല. ഇവരെ പിരിച്ചു വിടാനും പറ്റാത്ത അവസ്ഥ. അതുകൊണ്ട് തന്നെ നഷ്ടത്തിലേക്ക് ഈ കണക്ക് എഴുതി മാറ്റുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ എടുത്തത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് സമരത്തിന് തയ്യാറെടുക്കുകയാണ് ജീവനക്കാർ.
വിരമിക്കുന്ന ഒഴിവുകളിൽ ഇനി നിയമനവും സ്ഥാനക്കയറ്റവും വേണ്ടാത്ത തസ്തികകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഡയറക്ടർമാരുടെ ഉപസമിതിയെ ഡയറക്ടർ ബോർഡ് യോഗം ചുമതലപ്പെടുത്തി. അതായത് തീരുമാനം എടുത്തിട്ടില്ല. എന്നാൽ ഇത്തരമൊരു ഉപസമിതിയെ നിയോഗിക്കും മുമ്പ് ചർച്ച നടത്തിയില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ഈ വർഷം 1586 പേർ വിരമിക്കുന്ന സാഹചര്യത്തിലാണ് തസ്തികളുടെ എണ്ണം പുനഃപരിശോധിക്കുന്നത്. നാല് കൊല്ലം കൊണ്ട് നാലായിരം പേർ വിരമിക്കും. ഇതിൽ വേണ്ടാത്ത തസ്തിക ഒഴിവാക്കിയാൽ അത് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്ത ആറായിരത്തോളം തസ്തികകളെ കുറയ്ക്കാൻ സഹായകകരമാകും.
കംപ്യൂട്ടർവത്കരണം നടന്നതിനാലും ബോർഡിന്റെ പരിഗണനയിലുള്ള പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനാലും ഇനി പല തസ്തികകളും ഒഴിവാക്കാമെന്നാണ് ബോർഡ് യോഗം വിലയിരുത്തിയത്. അത്തരത്തിൽ ആവശ്യമില്ലാത്ത തസ്തികകൾ കണ്ടെത്താനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ഫിനാൻസ് ഡയറക്ടറാണ് സമിതിയുടെ അധ്യക്ഷൻ. ബോർഡിൽ ആകെ 31,128 ജീവനക്കാരാണുള്ളത്. ഇതിൽ മെയ് 31-ന് 870 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതോടെ 1586 പേർ വിരമിക്കും. ഈ ഒഴിവുകളിലെല്ലാം നിയമനവും സ്ഥാനക്കയറ്റവും വേണ്ടതില്ലെന്നാണ് ബോർഡിന്റെ നിലപാട്. ബോർഡിൽ തസ്തികകളുടെ എണ്ണം പുനഃപരിശോധിക്കണമെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും കോഴിക്കോട് ഐ.എ.എം. 2015-ൽ നടത്തിയ പഠനത്തിൽ ശുപാർശ ചെയ്തിരുന്നു.
ആവശ്യമില്ലാത്ത സെക്ഷനുകൾ രാഷ്ട്രീയ താൽപ്പര്യത്തിന് അനുസരിച്ചുണ്ടാക്കുന്നതാണ് കെ എസ് ഇ ബിയെ തകർക്കുന്നത്. ഒരു സെക്ഷനിൽ 26 ജീവനക്കാരുണ്ട്. എന്നാൽ 70000 കസ്റ്റമേഴ്‌സുള്ളതും 10000 കസ്റ്റമേഴ്‌സുമുള്ളതുമായ സെക്ഷനുകളുണ്ട്. ഇതെല്ലാം കൂട്ടിച്ചേർത്താൽ തന്നെ നിരവധി തസ്തികകൾ കുറയും. ഇത് വൈദ്യുത ബോർഡിന് സാമ്പത്തിക കരുത്തായി മാറുകയും ചെയ്യും. ആരേയും പിരിച്ചു വിടാതെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഇത്തരത്തിലുള്ള പൊളിച്ചെഴുത്ത് കെ എസ് ഇ ബിയിൽ അനിവാര്യതായണ്. ഓൺലൈൻ വഴി പണം അടയ്ക്കുന്നവരാണ് 55 ശതമാനം ഉപഭോക്താക്കളും. എന്നാൽ കാഷ്യർമാരുടെ തസ്തികയ്ക്ക് കുറവ് വന്നിട്ടുമില്ല. ഇത് വേണമെങ്കിൽ പകുതിയായി കുറയ്ക്കാം.
ഇതിനൊപ്പം മീറ്റർ റീഡർമാരായി 2000 കരാർ ജീവനക്കാരുണ്ട്. 200 സ്ഥിര ജീവന്ക്കാരും. സ്മാർട്ട് മീറ്റർ വരുമ്പോൾ ഇവർക്കും വെറുതെ ശമ്പളം നൽകേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കിയാണ് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ചില ഇടപെടലിന് കെ എസ് ഇ ബി ഡയറക്ടർ ബോർഡ് ശ്രമിക്കുന്നത്. ഇതിനെയാണ് തുടക്കത്തിലേ തകർക്കാൻ എല്ലാ യൂണിയനുകളും ചേർന്ന് ശ്രമിക്കുന്നത്. തസ്തിക കുറച്ചാൽ പ്രെമോഷൻ സാധ്യത കുറയും. അതുകൊണ്ട് ആവശ്യമില്ലെങ്കിലും തസ്തികയിൽ തൊടാൻ സമ്മതിക്കില്ലെന്നാണ് അവരുടെ നിലപാട്.
അതിനിടെ: മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടമായി വിരമിക്കുന്നതിനാൽ ഡയറക്ടർമാരാക്കാൻ കോർപ്പറേറ്റ് ഓഫീസിൽ പരിചയസമ്പത്തുള്ള ഓഫീസർമാരില്ലാത്തതുകൊണ്ടാണ് പുറത്തുനിന്ന് ഡയറക്ടർമാരെ നിയമിക്കാൻ ശുപാർശ ചെയ്തതെന്ന് വൈദ്യുതിബോർഡ് അറിയിച്ചു. ഇതിനായി കഴിഞ്ഞവർഷം നവംബറിൽത്തന്നെ ശുപാർശ ചെയ്തിരുന്നു. സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഡയറക്ടർമാരായി ബോർഡ് ഓഫീസർമാരെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടില്ല.
റെയിൽവേയ്സ്, ഓഡിറ്റ്, അക്കൗണ്ട്സ്, ഇൻകം ടാക്‌സ് എന്നിങ്ങനെ വിവിധ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും ഐ.എ.എസ്. ഉദ്യോഗസ്ഥരെയും ഡയറക്ടർ, ചെയർമാൻ തസ്തികകളിൽ നിയമിക്കാറുണ്ട്. ഇങ്ങനെ നിയമം അനുസരിച്ച് പരിചയവും യോഗ്യതയുള്ളവരെയുമാണ് നിയമിക്കാൻ ശുപാർശ ചെയ്തതെന്നും ബോർഡ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ