പത്തനംതിട്ട: തൊട്ടടുത്ത് വൈദ്യുതി പോസ്റ്റുമായി വെറും 4.30 മീറ്റർ മാത്രം അകലമുള്ള പമ്പ് ഹൗസിലേക്ക് വൈദ്യുതി നൽകണമെങ്കിൽ പുതുതായി ഒരു പോസ്റ്റ് കൂടി സ്ഥാപിക്കണമെന്ന വിചിത്ര ഉത്തരവുമായി കെഎസ്ഇബി. പൊതുറോഡോ മറ്റൊരാളുടെ പറമ്പോ മുറിച്ചു കടക്കാതെ കണക്ഷൻ നൽകാവുന്ന സ്ഥലത്താണ് കെഎസ്ഇബി അധികൃതരുടെ പിടിവാശി. വൈദ്യുതി ഓഫീസുകൾ കയറി ഇറങ്ങി മടുത്ത കർഷകൻ വേനൽക്കാലത്ത് തന്റെ കൃഷിയിടം കരിഞ്ഞുണങ്ങേണ്ടി വരുന്നതിന് മൂകസാക്ഷിയാകുന്നു.

മെഴുംവലി പഞ്ചായത്ത് 12-ാം വാർഡിൽ താമസക്കാരനായ ധർമഗിരിയിൽ വിആർ റോയിയോടാണ് കെഎസ്ഇബിയുടെ കടുംകൈ. കൃഷിയുടെ പ്രോത്സാഹനാർഥം പന്തളം കൃഷി അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് സ്മാം പദ്ധതി പ്രകാരം 1.5 എച്ച്പി ശേഷിയുള്ള വെള്ളത്തിൽ സ്ഥാപിക്കുന്ന പമ്പും മോട്ടോറും സബ്സിഡിയോടു കൂടി അനുവദിച്ചിരുന്നു. കുളനട വില്ലേജിലുള്ള കൃഷി സ്ഥലത്തെ കുളത്തിൽ മോട്ടോറും പമ്പ് ഹൗസും സ്ഥാപിച്ചു. ഇതിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി കുളനട കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ജനുവരി ആറിന് അപേക്ഷ നൽകി.

 

ഫെബ്രുവരി രണ്ടിന് സ്ഥലം സന്ദർശിച്ച പന്തളം അസി.എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം പരശോധിച്ച് ചില ന്യൂനനകൾ ചൂണ്ടിക്കാട്ടി. അതു മുഴുവൻ പരിഹരിച്ച് ശേഷം ഫെബ്രുവരി 10 ന്് വീണ്ടും അസി.എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തി. ഈ വിവരം കുളനട സെക്ഷൻ ഓഫീസിൽ അറിയിച്ചതിൻ പ്രകാരം ഫെബ്രുവരി 14 ന് റോയിക്ക് ഒരു ഡിമാൻഡ് നോട്ട് നൽകി. ഇതിൽ 8990 രൂപ അടയ്ക്കാൻ നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ ഇല്ലാത്തതിനാൽ അത് ആവശ്യപ്പെട്ട റോയി കത്തു നൽകി. ഇതിൻ പ്രകാരം പിറ്റേന്ന് തന്നെ വിശദമായ എസ്റ്റിമേറ്റ് നൽകി. അതിൽ ഒരു പോസ്റ്റിന്റെ വിലയായി 5540 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു.

കൈയെത്തുന്ന അകലത്ത് ഒരു പോസ്റ്റ് നിൽക്കേ വീണ്ടും ഒരു പോസ്റ്റിന്റെ ആവശ്യം എന്തെന്ന് റോയി സംശയം ഉന്നയിച്ചു. പോസ്റ്റും പമ്പ്ഹൗസും തമ്മിലുള്ള അകലം വെറും 4.30 മീറ്ററാണ്. പൊതുവഴിയോ മറ്റൊരാളുടെ പറമ്പോ മുറിച്ചു കടക്കുന്നുമില്ല. ആയതിനാൽ പോസ്റ്റിന്റെ തുക കിഴിച്ച് ബാക്കി അടയ്ക്കാൻ റോയി തയാറായി. എന്നാൽ, കൗണ്ടറിൽ പണം അടയ്ക്കാൻ അധികൃതർ സമ്മതിച്ചില്ല. പോസ്റ്റ് ഇട്ടേ തീരൂവെന്ന പിടിവാശിയിലാണ് അധികൃതർ. അതെന്തിനാണെന്ന് മാത്രം പറയുന്നില്ല.

റോയിയോട് ഇങ്ങനെ പിടിവാശി കാട്ടിയ കുളനട കെഎസ്ഇബി സെക്ഷനിൽ നിന്നും മറ്റൊരിടത്ത് 30 മീറ്റ അകലം പോസ്റ്റുമായുുള്ളിടത്ത് ജിഐ പൈപ്പ് സ്ഥാപിച്ച് അതിന്റെ അറ്റത്ത് ഹുക്കു വച്ച് സർവീസ് വയർ വലിച്ച് കണക്ഷൻ കൊടുത്തിട്ടുമുണ്ട്. യാതൊരു നിയമ തടസവുമില്ലാതെ തന്റെ ഭൂമിയിലേക്ക് കണക്ഷൻ നൽകാമെന്നിരിക്കേ അത് പോസ്റ്റ് സ്ഥാപിച്ചേ തരൂവെന്ന നിലപാടിനെതിരേ റോയി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്. ഉദ്യോസ്ഥരുടെ ഓഫീസുകൾ കയറി ഇറങ്ങി മടുത്തുവെന്ന് റോയി പറയുന്നു.

സംസ്ഥാന സർക്കാർ കൃഷിക്ക് പ്രോത്സാഹനം നൽകാൻ എന്തും ചെയ്യാൻ തയാറായി ഇരിക്കുമ്പോഴാണ് ഇത്തരം നടപടികൾ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പോസ്റ്റു സ്ഥാപിക്കുന്നത് അന്യായമാണെന്നും ഇതിനായി ഏതറ്റം വരെയും നിയമയുദ്ധം നടത്താൻ താൻ പോകുമെന്നും റോയി പറയുന്നു.