- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടികെ ജോസിനെ പിണറായിക്ക് വിശ്വാസമില്ല; വിജിലൻസ് കൈകാര്യം ചെയ്യുന്ന സെക്രട്ടറി മോദിയുടെ അതിവിശ്വസ്തൻ; റെയ്ഡിന് പിന്നിലെ ആസൂത്രകന് 'വട്ടാ'ണെന്ന വാക്കിൽ മന്ത്രി ഐസക് ഒളിപ്പിക്കുന്നത് അതൃപ്തി; കൈവിട്ട കളി തിരിച്ചറിഞ്ഞ് കെ എസ് എഫ് ഇയെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് (കെ എസ് എഫ് ഇ) ഗുരുതരമായ കുഴപ്പങ്ങൾ കാട്ടിയതായി കംപ്ടോളർ ആൻഡ് ഓഡിറ്റർ ( സി എ ജി ) കണ്ടെത്തിയിരുന്നു. പാവങ്ങൾക്ക് നൽകേണ്ട വായ്പ നൽകിയില്ല, സ്വകാര്യ പണമിടപാടുകാർക്ക് വഴിവിട്ട് വായ്പ നൽകി,കള്ളത്തരം പറഞ്ഞ് നിക്ഷേപം സ്വീകരിച്ചു , റിസർവ് ബാങ്കിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് നിയമസഭയിൽവെച്ച സിഎജി റിപ്പോർട്ടിലുള്ളത്. ഈ ചർച്ചകൾക്കിടെയാണ് വിജിലൻസും റെയ്ഡിന് എത്തിയത്. ഈ റെയ്ഡിലും സിഎജി റിപ്പോർട്ടിലേതിന് സമാനമായ ക്രമേക്കേട് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മന്ത്രി തോമസ് ഐസക്കിനും ധനവകുപ്പിനും അതൃപ്തിയാണ്. ധനമന്ത്രി തോമസ് ഐസക് വിജിലൻസിനെതിരെ പരസ്യ പ്രതികരണവുമായി എത്തി. ഇതോടെ വിജിലൻസിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് വിവരം. റെയ്ഡിന് പിന്നിലെ ആസൂത്രകന് 'വട്ടാ'ണെന്ന വാക്കിൽ ഐസക് വിമർശനം ചുരുക്കി. ഇത് അതിശക്തമായ വിമർശനമായിരുന്നു. ആഭ്യന്തരവകുപ്പിന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണൽ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലൻസ് അന്വേഷണത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഉന്നതതലത്തിൽ അറിയാതെ കെ.എസ്.എഫ്.ഇ. പോലുള്ള ഒരു സ്ഥാപനത്തിൽ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥർ പറയുന്നത്.
ടികെ ജോസാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. സഞ്ജയ് കൗളാണ് സെക്രട്ടറി. സഞ്ജയ് കൗളിനാണ് വിജിലൻസിന്റെ ചുമതലയും. ഈ സാഹചര്യത്തിലാണ് ധനമന്ത്രി പരസ്യ വിമർശനം നടത്തുന്നത്. നേരത്തെ പൊലീസ് ആക്ട് ഭേദഗതിയിലും മറ്റും സഞ്ജയ് കൗൾ ഇടപെട്ടുവെന്ന വിലയിരുത്തലുകൾ സിപിഎം നടത്തിയിരുന്നു. കേരളാ കേഡർ ഉദ്യോഗസ്ഥനായ സഞ്ജയ് കൗൾ ഗുജറാത്തുകാരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുള്ള ഐഎഎസുകാരൻ. മോദി മുഖ്യമന്ത്രിയായപ്പോൾ ഗുജറാത്ത് മോഡൽ ചർച്ച സജീവമാക്കിയ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കൗൾ.
സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണു കെഎസ്എഫ്ഇ. സ്കൂൾ കുട്ടികൾക്കു കുടുംബശ്രീ വഴി ലാപ്ടോപ് നൽകുന്ന പദ്ധതി അവതാളത്തിലായിരിക്കെയാണ് റെയ്ഡ്. വിജിലൻസ് കണ്ടെത്തിയതിനു സമാനമായ ക്രമക്കേടുകൾ സിഎജി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കെഎസ്എഫ്ഇയുടെ വിശ്വാസ്യതയ്ക്കു കളങ്കമേൽപിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. എന്നാൽ വിജിലൻസ് റെയ്ഡിനെ കുറ്റപ്പെടുത്തി കെ എസ് എഫ് ഇയുടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. ധനവകുപ്പിനെതിരെ വിജിലൻസ് രംഗത്തു വന്നത് മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും വിജിലൻസ് ഗൗരവത്തോടെ എടുക്കുന്നുമില്ല.
കെ എസ് എഫ് ഇ ശാഖകളിൽ പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ 10 ശാഖകളിൽ വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തി. 4 ശാഖകളിൽ സ്വർണപ്പണയത്തട്ടിപ്പും നടക്കുന്നു. ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമാക്കണമെന്ന ചട്ടം പാലിക്കാതെ മിക്ക ശാഖകളും വകമാറ്റുന്നു. വണ്ടിച്ചെക്ക് നൽകുന്നവരെയും നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നു; ചിട്ടി പണം നൽകുന്നു. 40 പേരെ ചേർക്കേണ്ടിടത്ത് 25 30 പേർ മാത്രമാണുള്ളത്. ബാക്കി പേരുകൾ വ്യാജമാണ്. നറുക്കെടുക്കുമ്പോൾ ഇവർ പണം അടയ്ക്കുന്നില്ലെന്നു കാരണം. കെഎസ്എഫ്ഇയുടെ തനതു ഫണ്ടിൽ നിന്നാണ് ചിട്ടി കിട്ടുന്നവർക്കു പണം നൽകുന്നത്.
അതിനിടെ 50 വർഷമായി ഇടപാടുകളിൽ വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇയെന്നു ചെയർമാൻ പീലിപ്പോസ് തോമസ് പ്രതികരിച്ചു. വർഷത്തിൽ ഒന്നിലധികം തവണ ശാഖകളിൽ ഓഡിറ്റ് നടത്താറുണ്ട്. കൂടാതെ ധനകാര്യ വകുപ്പിന്റെ അന്വേഷണ വിഭാഗവും ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗവും രേഖകൾ പരിശോധിച്ചശേഷം ചൂണ്ടിക്കാണിക്കുന്ന അപാകതകൾ പരിഹരിക്കുന്നുമുണ്ട്. സിഎജി ഓഡിറ്റുമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചിട്ടി സെക്യൂരിറ്റി തുക ട്രഷറിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അല്ലാതെ ചിട്ടി തുടങ്ങാനാകില്ല. 40 പേരുടെ ചിട്ടി തുടങ്ങുമ്പോൾ ഒന്നോ രണ്ടോ പേരുടെ ചെക്കുകൾ മടങ്ങിയാൽ അവർക്ക് പകരം പകരം മറ്റൊരാളെ ചേർക്കാറുണ്ട്.
തിരിച്ചറിയൽ രേഖകൾ, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ പരിശോധിച്ച ശേഷമാണ് ചിട്ടിയിൽ ചേർക്കുന്നത്. നിയമവിധേയമായി മാത്രമേ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യാറുള്ളൂ. ബെനാമി പേരിലുള്ള ഇടപാട് നടക്കില്ല. ആദ്യ തവണയുടെ ചില ചെക്കുകൾ ബാങ്കിൽ തുകയില്ലാതെ മടങ്ങാറുണ്ടെങ്കിലും പകരം വേറെ ആളെ ചിട്ടിയിൽ ചേർക്കാറുണ്ട്. ചിട്ടി പിടിക്കുന്നവർക്ക് പണം നൽകാനാണ് ദിവസപ്പിരിവ് ട്രഷറിയിൽ നിക്ഷേപിക്കാത്തത്. ഇതു ബാങ്കിൽ നിക്ഷേപിക്കും. കെഎസ്എഫ്ഇക്ക് 7000 കോടി രൂപ സംസ്ഥാനത്തെ ട്രഷറിയിൽ നിക്ഷേപമുണ്ട്. ഒരു ശാഖയിൽനിന്നും സ്വർണം മോഷണം പോയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1500 കോടി രൂപ കെഎസ്എഫ്ഇ കുടിശിക പിരിച്ചിട്ടുണ്ട്. ഏതെങ്കിലും ശാഖയിൽ ഇടപാടുകളുടെ കാര്യത്തിൽ അപാകത ഉണ്ടായത് ചൂണ്ടിക്കാട്ടിയാൽ തിരുത്താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് വിജിലൻസ് റെയ്ഡ്. ഇതാണ് കെ എസ് എഫ് ഇയെ പ്രതിസന്ധിയിലാക്കുന്നത്. ദുർബല വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച 'വിദ്യാധനം' വായ്പ പദ്ധതിയെ കുറിച്ച് സിഎജി എടുത്തു പറയുന്നു.2011 ൽ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണമിത്. പ്രതി വർഷം ദുർബലരായ 1500 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുമെന്നായിരുന്നു പ്രഖ്യാപനം. സർക്കാർ നാലു ശതമാനം പലിശ സബ്സിഡിയായി നൽകുന്ന പദ്ധതിയാണിത്. പ്രതിവർഷം 30 കോടി പദ്ധതിയക്കായി നീ്ക്കിവെയ്ക്കുമെന്നും പറഞ്ഞിരുന്നു.
പദ്ധതി ആരംഭിച്ചതുമുതൽ 2018 മാർച്ച് വരെ ദുർബല വിഭാഗത്തിൽ പെട്ട് 12 വിദ്യാർത്ഥികൾക്കുമാത്രമാണ് വായ്പ അനുവദിച്ചത്. ഏഴു വർഷം കൊണ്ട് 10,500 കുട്ടികൾക്ക് വായ്പ നൽകേണ്ടിയിരുന്നപ്പോളാണിത്. പ്രതിവർഷം 30 കോടി വെച്ച് 210 കോടി നൽകേണ്ടിയിരുന്ന സ്ഥാനത്ത് ആകെ നൽകിയത് 31 ലക്ഷം മാത്രം. സർക്കാർ പദ്ധതിയോടുള്ള കമ്പനിയുടെ നിസ്സംഗതയക്ക് അടിവര ഇടുന്നതാണ് ഈ കണക്കെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. മറ്റ് വായ്പകളുടെ പലിശ നിരക്ക് കുറച്ചെങ്കിലും വിദ്യാധനം പദ്ധതിയുടെ പലിശ 12 ശതമാനമായി തുടരുന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വായ്പ നൽകിയ 31 ലക്ഷത്തിന്റെ സബ്സിഡിയായി സർക്കാർ നൽകേണ്ടിയിരുന്ന പണം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ദുർബല വിഭാഗങ്ങൾക്ക് വായ്പ നൽകിയില്ലങ്കിലും സ്വകാര്യ പണമിടപാടുകാർക്ക് അനുചിതമായി സ്വർണ്ണ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരുടെ അനൈതിമായ പ്രവർത്തനങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കാനാണ് 2012ൽ സ്വർണ്ണവായ്പ പദ്ധതി പ്രഖ്യാപിച്ചത്. 2015 മുതൽ 2018 വരെ ഏഴ് ശാഖകൾ 11,430 പേർക്ക് 156.78കോടി രൂപ സ്വർണ്ണ വായ്പ നൽകി. ഇതിൽ 66.44 കോടിയും നൽകിയത് 56 പേർക്കായാണ്. ആകെ നൽകിയ സ്വർണ്ണ വായ്പയുടെ 42 ശതമാനവും നൽകിയത് സ്വകാര്യ പണമിടപാടുകാർക്കുമാണ്. ഇവർ കൂടിയ പലിശയക്ക് തുടർവായ്പ നൽകാൻ സാധ്യതയുള്ളതായി സിഎജി നിരീക്ഷിച്ചിരുന്നു.
സർക്കാർ ഉറപ്പു നൽകുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിച്ചതിന്റേയും മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചതിന്റെയും കണക്കും റിപ്പോർട്ടിലുണ്ടായിരുന്നു. റിസർവ് ബാങ്കിനു നൽകിയ വാർഷിക റിട്ടേണിൽ സർക്കാർ ഗ്യാരന്റിയേക്കാൾ കൂടുതൽ പൊതുനിക്ഷേപം സ്വീകരിച്ചകാര്യം മറച്ചു വെച്ചു. നോൺ ബാങ്കിങ് കമ്പനി ആയിരുന്നിട്ടും റിസർവ് ബാങ്കിനു നൽകിയ റിട്ടേണിൽ പബ്ളിക് ലിമിറ്റഡ് കമ്പനി എന്ന തെറ്റായി പ്രഖ്യാപിച്ചതും സിഎജി ചൂണ്ടികാണിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ