പത്തനംതിട്ട: ലാഭത്തിലോടുന്നുവെന്ന് മേനി നടിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ ശരിക്കും നഷ്ടത്തിലാണോ പ്രവർത്തിക്കുന്നത്. ആണെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ വിവരാവകാശ നിയമപ്രകാരം പുറത്തു വന്നു. കഴിഞ്ഞ 11 വർഷത്തെ കണക്കുകൾ തീർത്തും ഞെട്ടിക്കുന്നതാണ്.

ഇക്കഴിഞ്ഞ മാർച്ച് 31 വരെ കെഎസ്എഫ്ഇയുടെ കിട്ടാക്കണം 4192 കോടി രൂപയാണ്. ചിട്ടി/വായ്പാ അക്കൗണ്ടുകളിലുള്ള കുടിശിക തുകയാണ് പിരിഞ്ഞു കിട്ടാനുള്ളതെന്ന് പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജിന് കിട്ടിയ വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2011 ഏപ്രിൽ ഒന്നു മുതലുള്ള കിട്ടാക്കടത്തിന്റെ കണക്കുകൾ വിവരാവകാശ നിയമപ്രകാരം ലഭിച്ചത് ഇനി പറയുന്നു.

1.04.2011-330.09 കോടി, 31.03.2012-400.46 കോടി രൂപ, 31.03.2013-481.99 കോടി, 31.03.2014-729.24 കോടി, 31.03.2015-1085.21 കോടി, 31.03.2016-1521.07 കോടി, 31.03.2017-2103 കോടി, 31.03.2018-2517 കോടി, 31.03.2019-2819 കോടി, 31.03.2020-3184 കോടി, 31.03.2021-3736 കോടി, 31.03.2022-4192 കോടി.

50 ലക്ഷം രൂപയിൽ കൂടുതൽ കുടിശിക വരുത്തിയ വ്യക്തികൾ/സ്ഥാപനങ്ങളുടെ വിവരം കൈമാറാൻ കെഎസ്എഫ്ഇ പബ്ലിക് ഇൻഫർമേഷൻ വിസമ്മതിച്ചുവെന്ന് മനോജ് പറയുന്നു. വ്യക്തിപരമായ വിവരങ്ങൾ ആയതിനാൽ ആർടിഐ ആക്ട് 8(1) ജെ പ്രകാരം വിവരങ്ങൾ നൽകുവാൻ നിർവാഹമില്ലെന്നാണ് അറിയിച്ചത്.

ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ള ശാഖയുടെ വിവരങ്ങൾ വെളിപ്പെടുത്താനും കെഎസ്എഫ്ഇ ഒരുക്കമല്ല. വിവരം ലഭ്യമല്ലെന്നാണ് അതിന് ലഭിച്ച മറുപടി. കുടിശിക തിരിച്ചു പിടിക്കാനുള്ള നടപടി കത്തുമുഖേനെയും നേരിട്ടും നൽകുന്ന അറിയിപ്പുകളും റവന്യൂ റിക്കവറി നടപടികളുമാണെന്നും വിവരാവകാശ രേഖയിലുണ്ട്.