തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഎസ്‌ഐടിഐഎൽ) നിയമന തട്ടിപ്പുകളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ എം.ശിവശങ്കർ അധികാരം ദുരുപയോഗിച്ച് സ്വപ്നാ സുരേഷിനെയും മറ്റു ചിലരെയും അനധികൃതമായി നിയമിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. മറുനാടൻ നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില വിശദ വാർത്തകൾ നൽകിയിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്നതാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ.

ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ വഴിവിട്ടു നിയമനം നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദ അന്വേഷണത്തിനായി ധനകാര്യ സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിന്മേൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിജിലൻസ് അന്വേഷണത്തിനും ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടൽ പരിശോധിക്കുന്ന സമിതിക്കും റിപ്പോർട്ട് കൈമാറുമെന്നാണു സൂചന. കെഎസ്‌ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാർശയുണ്ടെന്നാണ് സൂചന.

നിശ്ചിത യോഗ്യത ഇല്ലാത്ത സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിക്കാൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നും ശിവശങ്കർ സ്വജനപക്ഷപാതം കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. മറ്റൊരു വകുപ്പിൽ ക്രമക്കേടു നടത്തിയതിനു നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനെയും ശിവശങ്കർ നിയമിച്ചുവെന്നതാണ് വസ്തുത. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഎസ്‌ഐടിഐഎൽ) കൺസൽറ്റന്റ് ആയി നിയമിച്ച വിവരം സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലും നിർണ്ണായകമാണ്. 2009ൽ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെടുന്നു.

കേരള ഐ ടി ഇൻഫ്രാസ്‌ട്രെക്ടർ ലിമിറ്റഡിലെ 16 ഉന്നത പദവികൾ വഹിക്കുന്നവരെ സ്ഥിരപ്പെടുത്താൻ ശിവശങ്കർ തന്നെ നേരിട്ടു നടത്തിയ നീക്കത്തിന്റെ കഥ മറുനാടൻ തെളിവുകൾ സഹിതം പുറത്തു വിട്ടിരുന്നു. കമ്പിനി സെക്രട്ടറിയും തന്റെ നാട്ടു കാരിയുമായ രമ്യയെ കെ എസ് ഐ ടി എല്ലിൽ എത്തിക്കാൻ ശിവശങ്കർ നടത്തിയ കള്ളക്കളികളും രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തു. 2009 ലാണ് കെ എസ് ഐ ടി എല്ലിൽ സർക്കാർ ആറു തസ്തികകൾ സൃഷിടിക്കുന്നത്. ഈ തസ്തികകൾക്ക് വേണ്ട റിക്രൂട്ടമെന്റ് ആൻഡ് സർവ്വീസ് റൂൾ 2012 നവംബറിൽ സർക്കാർ പുറത്തിറക്കുകയു ചെയ്തു. ഇതിനു ശേഷം കേരളാ ഐ ടി ഇൻഫ്രാ സ്‌ട്രെക്ടചർ ലിമിറ്റഡിൽ കമ്പിനി സെക്രട്ടറി &ഫിനാൻസ് മാനേജരുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ (ഫിനാൻസ് ) ഉം നിർബന്ധവും ഐ സി ഡ്ബ്‌ള്യൂ അഭികാമ്യവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നിശ്ചയിച്ചത്. യോഗ്യതയിൽ ഇളവു വേണമെങ്കിൽ സർക്കാർ അനുമതി തേടണമെന്നും ഉത്തരവിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. കേരള ഐ ടി ഇൻഫ്രസ്‌ട്രെക്ചറിൽ കമ്പിനി സെക്രട്ടറി &ഫിനാൻസ് മാനേജരുടെ തസ്തിക വിജ്ഞാപനം ചെയ്തപ്പോൾ തന്നെ ആദ്യ കള്ളക്കളി തുടങ്ങി.

നാട്ടുകാരിയായ രമ്യക്ക് വേണ്ടി കമ്പിനി സെക്രട്ടറി മെംബർ ഷിപ്പും അഞ്ചു വർഷം പ്രവൃത്തി പരിചയവും നിർബന്ധിത യോഗ്യതയും എം ബി എ ഫിനാൻസും ഐ സി ഡബ്‌ള്യൂ വും അഭികാമ്യവും ആക്കി. അതായത് രമ്യക്ക് ഇല്ലാത്ത എം ബി എ (ഫിനാൻസ്) നിർബന്ധിത യോഗ്യതയിൽ നിന്നും അഭികാമ്യം എന്നാക്കി. ഇങ്ങനെ യോഗ്യതയിൽ മാറ്റം വരുത്തിയത് സർക്കാർ അനുമതി തേടിയല്ലയെന്ന് മനസിലാക്കുമ്പോഴാണ് കള്ളക്കളിയുടെ ആഴം മനസിലാകുന്നത്. കൂടാതെ രമ്യ നലകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളിലും ദുരൂഹതയുണ്ട്. ആറു വർഷത്തെ പ്രവൃത്തി പരിചയമാണ് രമ്യ അവകാശപ്പെട്ടത്. കെ എസ് ഐ ടി എല്ല് ചോദിച്ചതാകട്ടെ അഞ്ചു വർഷവും . ഒരു വർഷം അധിക പ്രവൃത്തി പരിചയം രമ്യ കാണിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളിലൊന്നും തൊഴിൽ വകുപ്പിന്റെ അറ്റസ്റ്റേഷൻ നടത്തിയിട്ടില്ല. മാത്രമല്ല കൺസൾട്ടന്റായി പ്രവർത്തിച്ചതു പോലും പ്രവൃത്തി പരിചയ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്റർവ്യൂവിൽ പങ്കെടുത്തതിൽ പത്തു വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവരെ ഒഴിവാക്കിയാണ് രമ്യയുടെ നിയമനം നടന്നിരിക്കുന്നത്. ഇന്റർവ്യൂ ബോർഡിൽ തന്റെ ഇഷ്ടക്കാരായ രണ്ടു പേരെ തിരുകി കയറ്റുന്നതിലും ശിവശങ്കർ വിജയിച്ചു. സാധാരണ ഗതിയിൽ എം.ഡിയും രണ്ട് ബോർഡ് മെംബർമാരും ഒരു വിഷയ വിദഗ്ധനുമാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുക.

ഇവിടെ ബോർഡ് മെംബർമാർ അല്ലാതിരുന്നിട്ടു കൂടി ഐ സിഎഫ്ഒഎസ്എസ് എംഡി ശിവശങ്കർ പ്രസാദിനെയും സ്റ്റാർട്ട്അപ്പ് മിഷനിലെ അന്നത്തെ സി ഇ ഒ സജി ഗോപിനാഥിനെയുമാണ് ഉൾപ്പെടുത്തിയത്. ഇവരാണ് രമ്യയ്ക്ക് മികച്ച യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയത് . ഈ രണ്ടു പേരും സബ്ജക്ട് എക്‌സപേർട്ടുകളോ ബന്ധപ്പെട്ട തസ്തിക സംബന്ധിച്ച് ധാരണ ഉള്ളവരോ ആയിരുന്നില്ലന്നയെന്നതാണ് ആക്ഷേപം . ഇതിൽ ജയശങ്കർ പ്രസാദിനെ ശിവശങ്കർ തന്നെ പിന്നീട് കെ എസ് ഐ ടി എല്ലിന്റെ എം ഡിയാക്കി. സ്വപന കേസിൽ വിവാദത്തിൽപ്പെട്ട അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു. സജി ഗോപിനാഥിനെ ഡിജിറ്റൽ യൂണിവേഴ്സിറ്റി വി സി ആക്കി. ഈ നിയമനവും ശിവശങ്കർ ബസത്തിൽ പെട്ട് വിവാദത്തിലായിരിക്കയാണ് .

കെഎസ്ഐ ടിഎല്ലിൽ നിലവിൽ രമ്യ ഉൾപ്പെടെയുള്ള 16 പേരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവശങ്കർ നടത്തിയ നീക്കങ്ങൾ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. കെ എസ് ഐ ടി എല്ലിലെ കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും വീണ്ടും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക് വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർപോസ്റ്റിലേക്ക് വേണ്ടമിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്. കൂടാതെ കമ്പനി സെക്രട്ടറികോഴ്സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക വേണ്ടി വീണ്ടും ചട്ടങ്ങളിൽ ഇളവു വരുത്തിയത്.

ഈ സാഹചര്യത്തിലാണ് കെഎസ്‌ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണം എന്ന ശുപാർശ അന്വേഷണ സംഘം മുമ്പോട്ട് വയ്ക്കുന്നത്. 2009ൽ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണം. യുഡിഎഫ് കാലത്തും നിയമനത്തിൽ ക്രമക്കേടു നടന്നിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച സ്‌പെഷൽ റൂളിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മാത്രം അറിവോടെ ഭേദഗതി വരുത്തിയാണ് യുഡിഎഫിനു താൽപര്യമുള്ളവരെ നിയമിച്ചത്-സമിതി ആവശ്യപ്പെടുന്നു. മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിയെ കെഎസ്‌ഐടിഐഎല്ലിൽ ഉന്നത പദവിയിൽ നിയമിച്ചതും മതിയായ യോഗ്യതയില്ലാതെയാണെന്നും വിശദീകരിക്കുന്നു.